അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച തീരുവയുദ്ധം ഭരണതലത്തിലും ജനകീയ തലത്തിലും കൂടുതൽ അനുരണനങ്ങളുണ്ടാക്കിയത് ഇന്ത്യയിലാണെന്ന് പറയാം. ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ആഗസ്റ്റ് ഏഴു മുതൽ 25 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന തീരുമാനം ഔദ്യോഗികമായി നിലവിൽ വന്നു. ഇതിനു പുറമെ ആഗസ്റ്റ് 27 മുതൽ, റഷ്യയിൽനിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴ കൂടിയാകുമ്പോൾ തീരുവ മൊത്തം 50 ശതമാനമാവും. അതോടെ ഇന്ത്യൻ വ്യവസായികൾക്കും സാമ്പത്തിക മേഖലക്ക് മൊത്തവും ആഘാതമേൽക്കുമെന്നതാണ് സത്യം. ഇതിൽ ആദ്യത്തേതിനുള്ള ട്രംപിന്റെ ന്യായീകരണം, അമേരിക്കൻ വ്യവസായത്തിന്റെയും അമേരിക്കയുടെ മൊത്തം സാമ്പത്തിക വ്യവസ്ഥയുടെയും സംരക്ഷണമാണ് തന്റെ ലക്ഷ്യം എന്നാണ്. തീരുവ നിലവിൽ വരുന്നതോടെ വിദേശ ഉൽപന്നങ്ങൾക്ക് വിലയിൽ തദ്ദേശീയ ഉൽപന്നങ്ങളോട് മത്സരിക്കാൻ പ്രയാസമാകും; അതുവഴി തദ്ദേശീയ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി ലഭിക്കുകയും ചെയ്യും.
ഇതിനു പുറമെയുള്ള 25 ശതമാനം മേൽ നികുതിയും അത്ര തന്നെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന റഷ്യയിൽനിന്ന് കുറഞ്ഞവിലയിൽ എണ്ണ വാങ്ങുന്നതുവഴി യുക്രെയ്നെതിരെ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്നാണ് ട്രംപ് ഭാഷ്യം. എന്നാൽ, ഇതേ അമേരിക്കയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും റഷ്യയിൽ നിന്ന് ആവശ്യമുള്ള ധാതുവസ്തുക്കളും അസംസ്കൃത എണ്ണയും വാങ്ങുന്നുണ്ട് എന്നതാണ് സത്യം. ഈ രാഷ്ട്രീയവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സാമ്പത്തിക പരിപ്രേക്ഷ്യമാണ് ഇന്ത്യയുടേത്. റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യക്ക് സൗദി എണ്ണയുടെ വിലയേക്കാൾ ബാരലിന് 23 ഡോളറോളം കുറച്ച് ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. പക്ഷേ, ആ വ്യത്യാസം ഇപ്പോൾ 4.5 ഡോളറായി കുറഞ്ഞു എന്നാണ് വിപണി വിശകലനങ്ങൾ കാണിക്കുന്നത്. റഷ്യയുമായുള്ള എണ്ണ ഇടപാടിനു മുമ്പുതന്നെ യുക്രെയ്നെ ആക്രമിച്ചതിന്റെ പേരിൽ കൃത്യമായി റഷ്യയെ അപലപിക്കുന്ന യു.എൻ പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയാണ് ചെയ്തത്. ആ ഘട്ടത്തിൽ അമേരിക്കയുമായി അൽപം ഉടക്കിയാലും റഷ്യയെ പിണക്കാതെയുള്ള ഒരു വിദേശനയം പുലർത്തുന്നതിലായിരുന്നു ഇന്ത്യയുടെ ശ്രദ്ധ.
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയ ഇനത്തിൽ കഴിഞ്ഞ മാർച്ചുവരെ, ലോകത്തെ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യക്ക് 5.1 ബില്യൺ ഡോളർ ലാഭമുണ്ടായി എന്നാണ് മതിപ്പ്. പക്ഷേ, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 2024ൽ 117 ബില്യൺ ഡോളറിനടുത്ത് വരും. ഇത്ര വലിയ വ്യാപാര ഇടപാടിന് ഹാനി തട്ടാതെ നോക്കേണ്ടത് ഇന്ത്യയുടെയും ആവശ്യമാണ്. റഷ്യയിൽനിന്ന് ഇന്ത്യ ദിനംപ്രതി വാങ്ങിയ 1 .8 ദശലക്ഷം ബാരൽ ചെറുതല്ലാത്തൊരു അളവാണ്. പക്ഷേ, സൗദി അറേബ്യ പോലുള്ള ഭീമൻ എണ്ണ രാജ്യങ്ങളുടെ ഉൽപാദനം വിപണിയിൽ വരാനിടയുണ്ട്. ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ ചൈനക്കും യു.എസ് ഉപരോധം വകവെക്കാതെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ വിരോധമുണ്ടാവില്ല. പക്ഷേ, എണ്ണയുടെ ആഗോള സ്രോതസ്സുകൾ വൈവിധ്യവത്കരിച്ച് നിർത്താൻ ചൈനയും ശ്രദ്ധിക്കാറുണ്ട്. അതിനാൽ വലിയ തോതിൽ റഷ്യയെ ആശ്രയിക്കുന്നതിൽ ചൈനക്കും അൽപം വൈമനസ്യമുണ്ടാകും.
ഇനി ഇന്ത്യയും യു.എസ് ഉൽപന്നങ്ങൾക്കുമേൽ എതിർ തീരുവ ചുമത്തിയാൽ അത് അമേരിക്കയെയും കാര്യമായി ബാധിക്കും. തീരുവയുദ്ധം ആ ഘട്ടത്തിലെത്തിയിട്ടില്ല. ഇപ്പോൾ പരസ്പരമുള്ള വാക്പോരിന്റെ ഘട്ടമാണ്. ഇന്ത്യൻ കാർഷിക-ക്ഷീര-മത്സ്യ ഉൽപന്നങ്ങളുടെ കാര്യത്തിൽ കർഷകരെ കുരുതികൊടുക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണയിട്ടത് അതിന്റെ ഭാഗമാണ്. നിലവിൽ തീരുവ യുദ്ധത്തിനിടയിൽ തന്നെ സമാന്തരമായി നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകളിൽ ക്ഷീരോൽപന്നങ്ങൾ, ചോളം, സോയാബീൻ, ബദാം, ആപ്പിൾ തുടങ്ങിയവയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. അഥവാ, യു.എസ് കർഷകർക്ക് ഗുണം ലഭിക്കുന്ന വിപണിപങ്കാളിത്തം. അത്തരം ചർച്ചകളുടെ ഫലങ്ങൾ കൂടി വന്നാലേ തീരുവകളുടെ ആഘാതം പൂർണമായി വിലയിരുത്താൻ പറ്റൂ.
തീരുവയിൽ യു.എസ്-ചൈന ഏറ്റുമുട്ടലുകൾക്കിടയിൽ, വൻശക്തി സമവാക്യങ്ങളിൽ ചൈനയുമായി ഇന്ത്യ അടുക്കുന്നത് ഒഴിവാക്കാൻ നമ്മെ തൃപ്തിപ്പെടുത്താൻ അമേരിക്ക ശ്രമിച്ചേക്കുമെന്നു വന്ന ഘട്ടമുണ്ടായിരുന്നു. അതിനു പിറകെ, പാകിസ്താൻ ചൈനയുടെ ഉപഗ്രഹമായി മാറുന്നത് തടയാൻ ശ്രമിച്ച ചില സൂചനകളും വന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ 25 ശതമാനം ചുങ്കം ചുമത്തിയപ്പോൾ തന്നെ പാകിസ്താന് ചുമത്തിയത് 19 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണിൽ ‘എന്റെ അടുത്ത സുഹൃത്ത്’ എന്ന് ട്രംപ് വിളിച്ച പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതിനു തൊട്ടുപിന്നാലെ പാകിസ്താൻ ഫീൽഡ് മാർഷൽ അസീം മുനീറിനെ വൈറ്റ്ഹൗസിൽ ക്ഷണിച്ച് സൽക്കരിച്ചു. ശേഷം ഇന്ത്യയെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങളിൽ ഭൂരിഭാഗവും പ്രതികൂലവും വ്യാപാരബന്ധങ്ങളിൽ ശാത്രവം സൂചിപ്പിക്കുന്നതുമായിരുന്നു.
ഇന്ത്യയിലാകട്ടെ, ഒരതിരുവരെ ഭരണകക്ഷികൾ തന്നെയും, ഒപ്പം ശക്തമായി പ്രതിപക്ഷവും, അമേരിക്കയുടെ വിരട്ടലിൽ തലകുനിക്കരുത് എന്ന നിലപാടിൽ നിൽക്കുമ്പോൾ മോദി ഭരണകൂടത്തിന് ഒട്ടൊക്കെ ഏറ്റുമുട്ടലിന്റെ പാതയിൽ നീങ്ങേണ്ടിവരും. ഇതൊഴിവാകണമെങ്കിൽ യു.എസ് അതിനുമാത്രം സമീപനത്തിൽ മാറ്റം വരുത്തണം. അല്ലെങ്കിൽ വിദഗ്ധ നയതന്ത്രത്തിലൂടെ ഇലക്കും മുള്ളിനും കേടുപറ്റാത്ത ഒരു ഉഭയകക്ഷി ധാരണയിലെത്തിച്ചേരണം. ട്രംപ് ഭരണകൂടത്തിനുശേഷം ഇന്നുള്ള നിലപാടുകൾ തുടർന്നുകൊള്ളണമെന്നില്ല. അതോടൊപ്പം ആഗോള തലത്തിൽതന്നെ ട്രംപിന്റെ തീരുവ യുദ്ധത്തിന് ആയുസ്സില്ലാതെ പോവുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.