സുലൈമാൻ അൽ ഉബൈദ്-ഫലസ്തീനികൾക്ക് സ്വന്തം പെലെ എന്ന അഹങ്കാരത്തിൽ പൊതിഞ്ഞ ആഘോഷമായിരുന്നു അദ്ദേഹം. ഗസ്സ ബീച്ചിലെ മണൽത്തട്ടിൽ പന്തു തട്ടിക്കളിച്ച് ബീച്ച് സർവിസസ് ക്ലബിൽ തുടങ്ങി ഗസ്സ സ്പോർട്സ് വഴി ദേശീയ ടീമിൽ ഇടംപിടിച്ച മിന്നുംതാരം. നൂറിലേറെ ഗോളുകളുടെ ക്രെഡിറ്റിൽ ദേശീയ ടീമിലേക്കു അടിച്ചുകയറിയ സുലൈമാൻ 2010ൽ പശ്ചിമേഷ്യ ചാമ്പ്യൻഷിപ്പിൽ യമനെതിരെ നേടിയ സിസർ കിക്ക് ഗോളിലൂടെ ‘പെലെ’യായി, സെലിബ്രിറ്റിയായി. നാട്ടുകാരായ കുട്ടികൾക്ക് കോച്ചായി. 24 രാജ്യാന്തര മത്സരങ്ങളിൽ ഫലസ്തീൻ പതാകയേന്തി. എല്ലാമായിട്ടെന്ത്? പിറന്നത് ഗസ്സയിലായിപ്പോയി, കലാ/കായിക പ്രേമമൊക്കെ മനുഷ്യത്വമുള്ളവർക്കു പറഞ്ഞ ഗുണങ്ങളാണല്ലോ. പട്ടിണിയുടെ എരിതീയിൽ പൊരിയുന്ന ഗസ്സയിലെ കുഞ്ഞുമക്കളെ വംശീയ സാഡിസത്തിന്റെ വറചട്ടിയിൽ വറുത്തെടുക്കുന്ന പൈശാചികതയുടെ വേതാളങ്ങൾക്ക് എന്തു ഫുട്ബാൾ? അവർക്ക് സുലൈമാൻ അൽ ഉബൈദും മരണത്തിലേക്ക് തട്ടിക്കളിക്കാനുള്ള വെറുമൊരു ഗസ്സക്കാരൻ. അങ്ങനെ ഫലസ്തീനിൽ തിങ്കളാഴ്ച വരെയായി കൊല്ലപ്പെട്ട 61400 മനുഷ്യർ എന്ന കണക്കിലെ അക്കങ്ങളിലൊന്നു മാത്രമായി ആ രക്തസാക്ഷിയും.
ഫലസ്തീനിലെ പരസഹസ്രം രക്തസാക്ഷികളെ പോലെ സ്വപ്നങ്ങളിൽ നെയ്ത ഒരു ജീവിതമുണ്ടായിരുന്നു സുലൈമാനും. ഫുട്ബാളായിരുന്നു അതിന്റെ ആദ്യന്തം. ഗസ്സയുടെ യുദ്ധഭൂമിക്കു മുകളിൽ ഇസ്രായേലിന്റെ തീമഴക്കാറും കോളും മാറിനിൽക്കുമ്പോഴെല്ലാം പന്തുതട്ടാനിറങ്ങുന്ന സുലൈമാന് പക്ഷേ, ഭാര്യ ദുആയും അഞ്ചുമക്കളും കളിയായിരുന്നില്ല, കാര്യമായിരുന്നു. അമ്പതു വയസ്സെത്തുവോളം ഫുട്ബാൾ കളിക്കണം, മക്കളെ അഭിമാന നിലയിൽ വളർത്തിയെടുക്കണം- ആ നാൽപത്തൊന്നുകാരന്റെ കനവിനെ നിറംപിടിപ്പിച്ച മോഹങ്ങളായിരുന്നു അതൊക്കെയും. കലാ-കായികതാരങ്ങളും വിവിധ വിദഗ്ധരും മാധ്യമപ്രവർത്തകരുമൊക്കെയായ ഫലസ്തീനികൾ മരണം വന്നു വിളിക്കുംവരെ ജീവിക്കുന്നത് ഇത്തരം വർണസ്വപ്നങ്ങളുടെ നുറുങ്ങുവെളിച്ചത്തിലാണ്. കുടുംബത്തിന് അഷ്ടിക്കു വകതേടി അഭയാർഥിക്യാമ്പിനു സമീപത്തെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നതായിരുന്നു സുലൈമാൻ-ലോകത്തിന്റെ നിശ്ശബ്ദ പിന്തുണയിൽ ഇസ്രായേൽ ഒരുക്കിയ പട്ടിണിക്കൊലക്കെണിയുടെ മുന്നിൽ. അവിടെ സയണിസ്റ്റുസേന അവർക്കു മേൽ ടാങ്ക് ഷെൽ വർഷിച്ചു. അതോടെ അന്നത്തിനു പാഞ്ഞടുക്കുന്ന അഭയാർഥികൾക്കുമേൽ മിസൈൽ വർഷിച്ച് ഇസ്രായേൽ അറുകൊല ചെയ്ത 1500 ഓളം പേരിൽ ഒരാളായി സുലൈമാൻ അൽ ഉബൈദും. കുറ്റം പറയരുതല്ലോ, യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ (യുവേഫ) ഉപചാരമായി രണ്ടുവരി അനുശോചന സന്ദേശമിറക്കി. ‘‘ഫലസ്തീൻ പെലെ സുലൈമാൻ അൽ ഉബൈദിന് യാത്രാമൊഴി. ഇരുളാഴം നിറഞ്ഞ സമയങ്ങളിലും എണ്ണമില്ലാ കുട്ടികൾക്ക് പ്രതീക്ഷ പകർന്ന പ്രതിഭാവിലാസമായിരുന്നു അത്’’-യുവേഫ എക്സിൽ കുറിച്ചു. സുലൈമാനെ, ഗസ്സയെ സ്നേഹിക്കുന്ന, വംശഹത്യയിൽ മനംനൊന്തിരിക്കുന്ന മനുഷ്യപ്പറ്റുള്ളവർക്കു സഹിക്കാവുന്നതിലപ്പുറമായി ഈ സന്ദേശം. സുലൈമാൻ വിരമിച്ചതല്ല, പ്രായാധിക്യത്താൽ മരിച്ചതല്ല, കളിക്കളത്തിൽ നിന്നു പരിക്കേറ്റ് കിടപ്പുരോഗിയായി അന്ത്യശ്വാസം വലിച്ചതുമല്ല. എന്നിട്ടുമെന്തേ, സുലൈമാനെ കൊന്ന കൊലയാളികളുടെ പേരുപറയാൻ പോലും മടി എന്ന് എല്ലാവരും ഒറ്റസ്വരത്തിൽ ചോദിച്ചു. ഫലസ്തീന്റെ ആ അമർഷവും നോവും മുഴുവൻ നെഞ്ചിലേറ്റുവാങ്ങി ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് യുവേഫയെ, അല്ല അവരെപ്പോലെ ഉറക്കം നടിക്കുന്ന മുഴുലോകത്തെയും ഉറക്കെ ട്രോളി: ‘‘അദ്ദേഹം എവിടെ, എങ്ങനെ, എന്തുകൊണ്ട് മരിച്ചുവെന്നു ഞങ്ങൾക്കു പറഞ്ഞുതരുമോ?’’ മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിനാളുകളിലെത്തിയ ആ ഒരൊറ്റ വാക്പ്രതികരണത്തിലൂടെ ഇസ്രായേലിന് സ്വാഭാവികമായ ഒരു കൊല ലോകത്തിന്റെ ഉറക്കം കെടുത്തുന്ന ചോദ്യമാക്കി മാറ്റി സലാഹ്. ഇതാദ്യമല്ല, ഗസ്സയിലെ സയണിസ്റ്റ് ഭീകരതയുടെ ഒന്നാംനാൾ മുതൽ ഫലസ്തീനികൾക്കുവേണ്ടി സലാഹ് രംഗത്തുണ്ട്.
62,000ത്തിലേറെ മനുഷ്യജീവനുകൾ, അതും നിരപരാധർ, കൂട്ടമായി അറുകൊല ചെയ്തു മുടിച്ചിട്ടും ചോരക്കൊതി മടുക്കാതെ ആക്രമണം തുടരുന്ന ഇസ്രായേലിനെ പിടിച്ചുകെട്ടാൻ എന്തേ ലോകത്തിനു കഴിയുന്നില്ല എന്നാണ് സലാഹ് ചോദിച്ചത്. ഒരു ചെറിയ മുനമ്പിൽ യുദ്ധക്കെടുതിയിൽ ജീവിതമുഴലുമ്പോഴും അതൊന്നും കാര്യമാക്കാതെ കൈവെച്ച രംഗങ്ങളിലൊക്കെ മിടുക്കുതെളിയിച്ച മുമ്പന്മാരാണ് ഗസ്സക്കാർ. മികച്ച വൈദ്യശാസ്ത്ര വിദഗ്ധർ, എണ്ണം പറഞ്ഞ അക്കാദമീഷ്യന്മാർ, രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ കലാകാരന്മാരും മാധ്യമപ്രവർത്തകരും, മരണവക്കിലും ഫുട്ബാളിനോടും അത്ലറ്റിക്സിനോടും കമ്പം വിടാതെ സൂക്ഷിക്കുന്ന യുവതലമുറ...അങ്ങനെ ലോകത്തെ അത്യസാധാരണമായ ഒരു മാനവവിഭവ ശേഷിയാണ് ഗസ്സൻ ജനത. അവരെയാണ് മിസൈൽ വർഷിച്ചും പട്ടിണിക്കിട്ടും ഇസ്രായേൽ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്. അവർ ഇതുവരെയായി ഗസ്സയിൽ കൊന്നുകളഞ്ഞതിൽ 103 കുട്ടികളടക്കം 421പേർ ഫുട്ബാളർമാരാണ്. വലിയ സ്റ്റേഡിയങ്ങളും ചെറിയ ഗ്രൗണ്ടുകളുമായി 268 കളിക്കളങ്ങളാണ് തകർത്തു തരിപ്പണമാക്കിയത്. സയണിസ്റ്റ് വംശീയ ഭീകരത ഗസ്സയിലെ പതിനായിരക്കണക്കിനു പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ അവർ പണിതുയർത്തിയ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണ്. എന്നിട്ടും ഇസ്രായേലിനെതിരെ പ്രതിഷേധത്തിന്റെ വിരലുയർത്താൻ മടിച്ച് വാചാടോപങ്ങളിൽ അഭിരമിക്കുന്ന ലോകത്തിന്റെ കാപട്യത്തിനു നേർക്കാണ് മുഹമ്മദ് സലാഹ് കത്തുന്ന ചോദ്യത്തിന്റെ ചാട്ടുളിയെറിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.