'നിങ്ങൾക്കും ബഹിരാകാശ യാത്രികരാകാം, ചന്ദ്രനിൽ നടക്കാം'; വിദ്യാർഥികളുമായി സംവദിച്ച് ശുഭാൻഷു ശുക്ല

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് വിദ്യാർഥികളോട് സംസാരിച്ച് ശുഭാൻഷു ശുക്ല. മേഘാലയ, അസം എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് സ്കൂളുകളിലെ വിദ്യാർഥികളോടാണ് ശുഭാൻഷു ശുക്ല ഹാം റേഡിയോ വഴി സംസാരിച്ചത്. ഷില്ലോങിലെ നോർത്ത് ഈസ്റ്റ് സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ (എൻ.ഇ.എസ്.എ.സി) വെച്ചാണ് സംഭാഷണം നടന്നത്.

'നിങ്ങളിൽ പലർക്കും ബഹിരാകാശ യാത്രികനാകാൻ സാധിക്കും ചന്ദ്രനിലൂടെ നടക്കാനും സാധിക്കും' വിദ്യാർഥികളോട് സംസാരിച്ച ശുക്ള പറഞ്ഞു. പത്ത് മിനുറ്റാണ് സംഭാഷണത്തിനായി ക്രമീകരിച്ചിരുന്നത്. വിദ്യാർഥികൾ തയ്യാറാക്കിയ ഇരുപത് ചോദ്യങ്ങളിൽ ഭൂരിഭാഗത്തിനും അനുവദിച്ച സമയത്തിനുള്ളിൽ ശുഭാൻഷു മറുപടി പറഞ്ഞു.

ബഹിരാകാശത്തിലെ ജീവിതം, ബഹിരാകാശയാത്രികരുടെ പരിശീലനം, ഭാരമില്ലാത്ത അന്തരീക്ഷത്തിൽ ആരോഗ്യത്തോടെ നിൽക്കുന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം വിദ്യാർഥികളുമായി സംസാരിച്ചു. 'ഐ.എസ്.എസിൽ നിങ്ങൾ സൂര്യനെ പിന്തുടരുന്നില്ല. ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുമ്പോൾ നമുക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണാൻ കഴിയും. പക്ഷേ ഞങ്ങളുടെ ഷെഡ്യൂൾ ഗ്രീൻവിച്ച് മീൻ ടൈമിലാണ് (ജി.എം.ടി) പ്രവർത്തിക്കുന്നത്'. അദ്ദേഹം പറഞ്ഞു.

ശരീരത്തിന് മൈക്രോഗ്രാവിറ്റിയിൽ നിരവധി മാറ്റങ്ങൾ നേരിടേണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയിൽ ഗുരുത്വാകർഷണബലത്തോടെയാണ് വളരുന്നത്. പക്ഷേ ബഹിരാകാശത്ത് അതില്ലാതെ നമ്മുടെ പേശികളും അസ്ഥികളും ദുർബലമാകുന്നു. അതിനാൽ ട്രെഡ്‌മില്ലുകൾ, സൈക്ലിങ് മെഷീനുകൾ എന്നിവ ഉപയോഗിച്ച് ഞങ്ങൾ ദിവസവും വ്യായാമം ചെയ്യുന്നു. ഇവിടെ ഫിറ്റ്നസ് നിലനിർത്തുന്നതിനും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്ത് ആദ്യം തനിക്ക് അസുഖം അനുഭവപ്പെട്ടെങ്കിലും മരുന്നുകളുടെ സഹായത്തോടെ വേഗത്തിൽ സുഖം പ്രാപിച്ചെന്നും ശുക്ല പറഞ്ഞു. എല്ലാത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ലഭിച്ച ദീർഘകാല പരിശീലനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ടീം വർക്കുകളും പ്രാധാന്യത്തെപറ്റിയും റോബോട്ടിക്സും കൃത്രിമബുദ്ധിയും ബഹിരാകാശയാത്രികരെ സുരക്ഷിതമായി ജോലികൾ ചെയ്യാൻ സഹായിക്കുന്നതെങ്ങനെയെന്നും അദ്ദേഹം സംസാരിച്ചു.

ഷില്ലോങിലെയും ഉമ്രോയിലെയും ആർമി പബ്ലിക് സ്കൂൾ, നോങ്‌പോയിലെ ആൽഫ ഹയർ സെക്കൻഡറി സ്കൂൾ, ഗുവാഹത്തിയിലെ ആര്യ വിദ്യാപീഠ് ഹൈസ്കൂൾ, ഉമിയം നഗരത്തിലെ ദി ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്കൂൾ, ബാരപാനിയിലെ പി.എം ശ്രീ കേന്ദ്രീയ വിദ്യാലയം, ഷില്ലോങ്ങിലെ ബി.കെ ബജോറിയ ​​സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.

Tags:    
News Summary - Many of you can become astronauts walk on Moon Shubhanshu Shukla tells students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.