blackhole
രണ്ട് തമോഗർത്തങ്ങൾ ഒന്നായി ചേരുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ഭൂഗുരുത്വ തരംഗങ്ങളിൽ ഇതുവരെയുണ്ടായിരുന്നവയിൽഏറ്റവും ഭീമാകാരമായത് ശാസ്ത്രജ്ഞർ കണ്ടെത്തി. അപൂർവമാണെങ്കിലും തമോഗർത്തങ്ങളുടെ മേളനം പ്രപഞ്ചത്തിലെ അതിമനോജ്ഞമായ സംഭവമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തമോഗർത്തങ്ങൾ ഒന്നാകുമ്പോൾ അത്യധികം ഊർജ്ജമാണ് പുറത്തേക്ക് ബഹിർഗമിക്കുന്നത്. ഗുരുത്വാകർഷണത്തിലൂടെ ഇത് ബഹുദൂരം സഞ്ചരിക്കുകയും ചെയ്യുന്നു.
ഒരു ബോട്ട് മുന്നോട്ട് നീങ്ങുമ്പോൾ വെള്ളത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കെപ്പെടുന്നതുപോലെ വലിയ വസ്തുക്കൾ ശൂന്യാകാശത്ത് ചലിക്കുമ്പോൾ ഗുരുത്വാകർഷണ തരംഗങ്ങുണ്ടാകാറുണ്ട്. എന്നാൽ ഇത് താരതമ്യേന ചെറുതായതിനാൽ ഭൂമിയിലിരുന്നുകൊണ്ട് അറിയാൻ കഴിയാറില്ല. എന്നാൽ തമോഗർത്തമേളനം പോലെയുള്ള വലിയ സംഭവങ്ങളുണ്ടാകുമ്പോൾ അത് ഇവിടെയിരുന്ന് ഉപകരണങൾ വഴി അറിയാൻ കഴിയും.
ഗുരുത്വാകർഷണ തരംഗങ്ങളെക്കുറിച്ച് 1915 ലെ ആൽബർട്ട് ഐൻസ്റ്റീന്റെ ജനറൽ തിയറിയിൽ പറയുന്നുണ്ട്. എന്നാൽ അതിന് നൂറു വർഷം കഴിഞ്ഞ് 2015 ലാണ് ശസ്ത്രജ്ഞൻമാർക്ക് ഇത് ആദ്യമായി കണ്ടെത്താൻ കഴിഞ്ഞത്. ലേസർ ഇന്റർഫെറോ മീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബസ്ർവേറ്ററി (ലിഗോ) എന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് ഇത് സാധ്യമായത്. ഇതിനുശേഷം നൂറുകണക്കിന് പ്രപഞ്ചപ്രതിഭാസങ്ങളിലൂടെ ഗുരുത്വാകർഷണ തരംഗങ്ങളെ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്.
ശൂന്യാകാശത്തിലെ ചില ഇടങ്ങളിൽ ഗുരുത്വാകർഷണത്തിന്റെ ശക്തി വളരെ വലുതായിരിക്കും. ഇവിടെ വസ്തുക്കൾക്കും പ്രകാശത്തിനും പുറത്തേക്ക് രക്ഷപ്പെടാൻ കഴിയാത്ത ഒരവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇതിനെയാണ് തമോഗർത്തം എന്നു പറയുന്നത്. ഏറ്റവും ഒടുവിൽ കണ്ടെത്തിയ തമോഗർത്തങ്ങൾ നിലവിലുള്ള സിദ്ധാന്തങ്ങൾ മാറ്റിമറിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു തമോഗർത്തം സൂര്യന്റെ പിണ്ഡത്തിന്റെ 140 ഇരട്ടിയായിരുന്നു. മറ്റൊന്ന് നൂറിരട്ടി. ഇവ ഒന്നിച്ചതോടെ ഇത് 225 ഇരട്ടിയായി. ഇതിനു മുമ്പ് കണ്ടെത്തിയവ എൺപത് ഇരട്ടി മാത്രമേ ആയിരുന്നുള്ളൂവത്രെ. ഇതിലും വലിയ തമോഗർത്തങ്ങൾ വേറെയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സൂര്യനെക്കാൾ നൂറും നൂറ്റമ്പതും ഇരട്ടിയുള്ള തമോഗർത്തങ്ങൾ ഉണ്ടാകില്ല എന്നാണ് ഇതുവരെ കരുതിയിരുന്നത്. അതാണ് തിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.