ബംഗളൂരു: അധിക ലഗേജിനു ഫീസ് ഈടാക്കാനുള്ള ബംഗളൂരു മെട്രോയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. സ്യൂട്ട്കേസ് ഒന്നിന് 30 രൂപ എന്ന നിലക്കാണ് ചാർജ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിനെ വിമർശിച്ചു കൊണ്ട് സോഷ്യൽമീഡിയയിൽ വന്ന പോസ്റ്റിന് താഴെ പിന്തുണച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്.
അല്ലെങ്കിൽ തന്നെ ബംഗളൂരു മെട്രോ യാത്ര വളരെ ചെലവേറിയതാണ്. അതിന്‍റെ കൂടെ ലഗേജിന് അധിക ചാർജ് വാങ്ങുന്നതു കൂടെ അംഗീകരിക്കാനാവില്ലെന്ന് അവിനാഷ് ചഞ്ചൽ എന്ന യാത്രക്കാരൻ പോസ്റ്റിൽ കുറിച്ചു. ആളുകളെ മെട്രോ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ബി.എം.ആർ.സി.എല്ലിന്‍റെ മറ്റൊരു നടപടിയാണിതെന്ന് അവിനാഷ് ആരോപിക്കുന്നു.
പോസ്റ്റിനെ പിന്തുണക്കുന്നവർക്കൊപ്പം, ലഗേജ് ചാർജിനെ പിന്തുണക്കുന്നവരും മുന്നോട്ട് വന്നു. വലിയ ബാഗുകൾ വക്കാൻ മെട്രോക്കുള്ളിൽ അനാവശ്യമായി സ്ഥലം ഉപയോഗിക്കുന്നുവെന്നും ഇതൊഴിവാക്കാൻ ചാർജ് ഈടാക്കൽ സസഹായിക്കുമെന്നും ഇവർ പറയുന്നു. സ്കാനറിനുള്ളിൽ പോലും കൊളളാത്ത ബാഗാണെങ്കിൽ ചാർജ് നൽകേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം താൻ രണ്ടു ലഗേജുകൾ സ്കാൻ ചെയ്ത് യാത്ര ചെയ്തിട്ടും ചാർജ് നൽകേണ്ടി വന്നില്ലെന്നും ഒരാൾ കുറിച്ചു.
മെട്രോ ഉയോഗിക്കുന്നവർക്ക് സുഗമമായി യാത്ര ചെയ്യാനാണ് ഇത്തരം തീരുമാനങ്ങളെന്നാണ് തീരുമാനത്തെ പിന്തുണക്കുന്നവർ പറയുന്നത്. എന്നാൽ ബംഗളൂരു നഗരത്തിലെ ജനപ്പെരുപ്പം വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ നടപടി എടുക്കാത്തതിനെ ആളുകൾ വിമർശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.