ഇലക്ഷൻ കമീഷൻ ഒറ്റുകാർ, മനുസ്മൃതിയോടും വിചാരധാരയോടും കൂറ്; രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആവശ്യപ്പെടണം -വി.ടി. ബൽറാം

പാലക്കാട്: എന്തുകൊണ്ട് ഈ ഇലക്ഷൻ കമ്മീഷന് മുൻപിൽ സത്യവാങ്മൂലം പരാതി സമർപ്പിച്ചിട്ട് കാര്യമില്ല എന്നത് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ അവരുടെ പത്രസമ്മേളനമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ലോക്സഭ തെരഞ്ഞെടുപ്പിലെ അട്ടിമറി സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അവർ തന്നെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. അവർ തന്നെയാണ് ഒറ്റുകാർ. ഭരണഘടനക്ക് പകരം മനുസ്മൃതിയോടും വിചാരധാരയോടും കൂറ് പ്രഖ്യാപിക്കുകയാണവർ. സമ്പൂർണമായും വിശ്വാസ്യത നഷ്ടപ്പെട്ട ഈ ഇലക്ഷൻ കമ്മീഷനെ പിരിച്ചുവിടുക. ഇലക്ഷൻ കമ്മീഷണർമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുക. ഇന്ത്യയിലെ ജനങ്ങൾ മിനിമം ഇതാണ് ആവശ്യപ്പെടേണ്ടത്’ -ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് ഉയരുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം ജനങ്ങൾ മനസ്സിലാക്കുമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ‘ആരോപണങ്ങൾക്കൊന്നും തെളിവ് നൽകുന്നില്ല. വോട്ടു കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. വോട്ടു കൊള്ള പോലുള്ള പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ്. ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സത്യപ്രസ്താവന സമർപ്പിക്കുകയോ അല്ലെങ്കിൽ രാജ്യത്തോട് മാപ്പുപറയുകയോ ചെയ്യണം. ഏഴ് ദിവസത്തിനുള്ളിൽ സത്യപ്രസ്താവന സമർപ്പിച്ചില്ലെങ്കിൽ ആരോപണങ്ങൾ തെറ്റാണെന്ന് അർഥമാക്കും’ - വാർത്തസമ്മേളനത്തിൽ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

മെഷീൻ റീഡബിൾ വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് പങ്കിടാത്തത് വോട്ടർമാരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്കുമുമ്പ് നിരവധി വോട്ടർമാരുടെ ഫോട്ടോകൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളിൽ പുറത്തുവിട്ടത് നാം കണ്ടു. ഏതെങ്കിലും വോട്ടർമാരുടെ അമ്മമാർ, മരുമക്കൾ, പെൺമക്കൾ തുടങ്ങിയവരുടെ സി.സി.ടി.വി വിഡിയോകൾ തെരഞ്ഞെടുപ്പ് കമീഷൻ പങ്കിടേണ്ടതുണ്ടോ എന്നുമായിരുന്നു സുതാര്യത സംബന്ധിച്ച ചോദ്യത്തിന് കമീഷണറുടെ മറുപടി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിക്കുകയാണ്. കമീഷനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ല, എല്ലാവരും തുല്യരാണ്. പ്രത്യയശാസ്ത്രമോ ബന്ധമോ പരിഗണിക്കാതെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിയമത്തിന് കീഴിൽ തുല്യമായി പരിഗണിക്കും -അദ്ദേഹം പറഞ്ഞു.

‘വ്യാജ ആരോപണങ്ങളെ കമീഷൻ ഭയക്കുന്നില്ല. കമീഷൻ നിർഭയമായും വിവേചനമില്ലാതെയും പ്രവർത്തിച്ചിട്ടുണ്ട്. അത് തുടരും. ഡേറ്റാബേസിൽ തിരുത്തലുകൾ വരുത്തണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനം ആരംഭിച്ചത്. എല്ലാ തെഞ്ഞെടുപ്പിനും മുമ്പ് തിരുത്തലുകൾ നടത്തണമെന്ന് ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നുണ്ട്. ബിഹാറിൽ തിടുക്കത്തിൽ നടക്കുന്ന നടപടിയല്ല. ബിഹാറിലേത് കഴിഞ്ഞാൽ പശ്ചിമ ബംഗാളിൽ പ്രത്യേക വോട്ടർ പട്ടിക പരിഷ്‍കരണം നടത്തും. വോട്ടർപട്ടിക പരിഷ്‍കരണം വഴി നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കും. എല്ലാ വോട്ടർമാരും രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഓഫിസർമാരും സുതാര്യമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ശബ്ദം ഒന്നുകിൽ നേതൃത്വത്തിലേക്ക് എത്തുന്നില്ല, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമത്തിൽ അടിസ്ഥാന യാഥാർഥ്യങ്ങൾ അവഗണിക്കപ്പെടുന്നെന്നത് ആശങ്കജനകമാണ്’ -കമീഷണർ പറഞ്ഞു.

വോട്ടുകൊള്ള ഉന്നയിച്ച് ഇൻഡ്യ മുന്നണി ബിഹാറിൽ വോട്ടവകാശ യാത്ര ആരംഭിച്ച ഞായറാഴ്ച തന്നെയാണ് കമീഷൻ വാർത്തസമ്മേളനവുമായി രംഗത്തുവന്നത്. വോട്ടർ പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തുകൊണ്ടാണെന്ന് കമീഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:

എന്തുകൊണ്ട് ഈ ഇലക്ഷൻ കമ്മീഷന് മുൻപിൽ സത്യവാങ്മൂലം പരാതി സമർപ്പിച്ചിട്ട് കാര്യമില്ല എന്നത് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ അവരുടെ പത്രസമ്മേളനം. അവർ തന്നെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. അവർ തന്നെയാണ് ഒറ്റുകാർ. ഭരണഘടനക്ക് പകരം മനുസ്മൃതിയോടും വിചാരധാരയോടും കൂറ് പ്രഖ്യാപിക്കുകയാണവർ.

സമ്പൂർണ്ണമായും വിശ്വാസ്യത നഷ്ടപ്പെട്ട ഈ ഇലക്ഷൻ കമ്മീഷനെ പിരിച്ചുവിടുക. ഇലക്ഷൻ കമ്മീഷണർമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുക. ഇന്ത്യയിലെ ജനങ്ങൾ മിനിമം ഇതാണ് ആവശ്യപ്പെടേണ്ടത്.

Tags:    
News Summary - vt balram against election commission of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.