പാലക്കാട്: സംസ്ഥാന പി.ഡബ്ല്യു.ഡിയുടെ റോഡ് ഫണ്ട് ബോർഡ് 24 കോടി രൂപ ചിലവിൽ നിർമിക്കുന്ന ചേമഞ്ചേരി തോരായികടവ് പാലം തകർന്നത് ഒറ്റപ്പെട്ട അപകടങ്ങളായി കാണാനാവില്ലെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഇത് സീരിയസ് ആണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ഇത്തരം സംഭവങ്ങൾ ഇപ്പോൾ ആവർത്തിക്കപ്പെടുകയാണ്. സിസ്റ്റം ശരിയാവണം. റിപ്പോർട്ട് തേടൽ മാത്രം പോരാ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അകലാപുഴക്ക് കുറുകെയുള്ള ചേമഞ്ചേരി തോരായികടവ് പാലമാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ തകർന്നത്. ഒരുഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ, പാലത്തിന്‍റെ മധ്യഭാഗത്തെ കോൺക്രീറ്റ് ചെയ്യാനായി ഒരുക്കിയ ഇരുമ്പു ബീം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് അന്തർസംസ്ഥാന തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻദുരന്തത്തിൽനിന്ന് നിർമാണ തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കോൺക്രീറ്റ് നടക്കുമ്പോൾ ശബ്ദംകേട്ട തൊഴിലാളികൾ പണി നിർത്തിവെച്ച് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് ബീം തകർന്നുവീണു. മഞ്ചേരി ആസ്ഥാനമായ പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറുകാർ.
24 കോടി ചെലവിൽ കിഫ്ബി മുഖേനയാണ് നിർമാണം. 2023 ജൂലൈ 30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. 265 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്.
അകലാപ്പുഴക്ക് കുറുകെയുള്ള പാലം ദേശീയ ജലപാതക്ക് തടസ്സമാകാത്ത വിധത്തിലാണ് നിർമിക്കുന്നത്. ജലയാനങ്ങൾക്ക് പോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽനിന്ന് ആറ് മീറ്റർ ഉയരത്തിലുമായി ബോസ്ട്രിങ് ആർച്ച് രൂപത്തിലാണ് രൂപകൽപന. 18 മാസമാണ് പാലത്തിന്റെ നിർമാണ കാലയളവ്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു യൂനിറ്റിനാണ് മേൽനോട്ട ചുമതല. നിർമാണത്തിലെ അപാകമാണ് പാലം തകരാൻ കാരണമെന്നും കമ്പനിക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സംഭവം പരിശോധിക്കാന്‍ കെ.ആര്‍.എഫ്.ബി -പി.എം.യു പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ നിലപാട് ആരു സ്വീകരിച്ചാലും ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. ശക്തമായ നിലപാട് സ്വീകരിക്കും. ആലപ്പുഴയില്‍ സമാന സംഭവമുണ്ടായപ്പോള്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. തെറ്റായ കാര്യം എവിടെ കണ്ടാലും ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് സീരിയസ് ആണ്.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ഇത്തരം സംഭവങ്ങൾ ഇപ്പോൾ ആവർത്തിക്കപ്പെടുകയാണ്. ഇനിയും ഇതൊന്നും ഒറ്റപ്പെട്ട അപകടങ്ങളായി കാണാനാവില്ല.
ലഭ്യമായ വിവരം വച്ച് കൊയിലാണ്ടിയിലെ ഈ പാലം അപകടത്തിന്റെ വിശദാംശങ്ങൾ:
പാലത്തിന്റെ നിർമ്മാണച്ചെലവ്: 24 കോടി രൂപ.
നിർമ്മാണ ഉത്തരവാദിത്തം: കേരള പിഡബ്ല്യുഡിയുടെ റോഡ് ഫണ്ട് ബോർഡ്.
കോൺട്രാക്ടർ: പിഎംആർ ഗ്രൂപ്പ്
സിസ്റ്റം ശരിയാവണം. റിപ്പോർട്ട് തേടൽ മാത്രം പോരാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.