തമിഴ്നാട്ടിലെ മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ഗവേഷക വിദ്യാർഥിനി ജീൻ ജോസഫിന് ബിരുദം കൈമാറാൻ തയാറെടുക്കുന്ന തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി (ചിത്രം ഒന്ന്), ഗവർണറെ അവഗണിച്ച് മുന്നോട്ട് നീങ്ങുന്ന ജീൻ ജോസഫ് (ചിത്രം 2, 3), വൈസ് ചാൻസിലർ എൻ. ചന്ദ്രശേഖറിൽനിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു (ചിത്രം 4)

‘ഈ വിദ്യാർഥിനിയുടെ ധീരനിലപാട് ഒരുപാട് സന്ദേശം നൽകുന്നുണ്ട്’ -ജീൻ ജോസഫിനെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: തമിഴ്നാട്ടിലെ മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച ഗവേഷക വിദ്യാർഥിനി ജീൻ ജോസഫിനെ അഭിനന്ദിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ത​ന്റെ പ്രതിഷേധം മാന്യമായ രീതിയിൽ രേഖപ്പെടുത്തിയ ഈ വിദ്യാർഥിനിയുടെ ധീരമായ നിലപാട് ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘യുവതലമുറ അവരുടെ നിലപാടുകളും രാഷ്ട്രീയവും വ്യക്തമാക്കാൻ മടി കാണിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർക്ക് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജീൻ ജോസഫിനെപ്പോലുള്ള വിദ്യാർഥിനികൾ ഉയർത്തുന്ന ഇത്തരം തിരുത്തലുകൾ ജനാധിപത്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഈ വിദ്യാർഥിനിയുടെ ധീരമായ നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു’ -മരന്തി വ്യക്തമാക്കി.

തിരുനെൽവേലി മനോൺമണിയം സുന്ദരനാർ യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിനിടെയാണ് തമിഴ്നാട് ഗവർണർ ആർ.എൻ രവിക്കെതിരെ പരസ്യപ്രതിഷേധവുമായി ഗവേഷക വിദ്യാർഥിനി ജീൻ ജോസഫ് രംഗത്തെത്തിയത്. സർവകാലശാലയുടെ 32ാമത് ബിരുദദാനം സർവകലാശാല ചാൻസലർ കൂടിയായ തിമിഴ്നാട് ഗവർണർ ആർ. എൻ. രവി ബുധനാഴ്ച നിർവഹിക്കുന്നതിനിടെ അദ്ദേഹത്തിൽനിന്ന് ബിരുദം വാങ്ങാൻ വിസമ്മതിച്ച ജീൻ ജോസഫ്, വൈസ് ചാൻസലറുടെ പക്കൽ നിന്നാണ് കൈപ്പറ്റിയത്. നിരവധി പേർ വേദിയിൽ നിൽക്കവേയാണ് സംഭവം.

ബിരുദം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് ആദ്യം നൽകും. തുടർന്ന് ബിരുദദാന ചടങ്ങിൽ പേര് വിളിക്കുന്ന മുറക്ക് സ്റ്റേജിൽ വന്ന് സർട്ടിഫിക്കറ്റ് മുഖ്യാതിഥിക്ക് നൽകി തിരികെ വാങ്ങുകയാണ് പതിവ്. ഈ രീതിയിൽ ഗവേഷണബിരുദ സർട്ടിഫിക്കറ്റുമായി വന്ന ജീൻ ജോസഫ്, ഗവർണറുടെ അടുത്തേക്ക് പോകാതെ നേരെ വൈസ് ചാൻസിലർ എൻ. ചന്ദ്രശേഖറിന് സർട്ടിഫിക്കറ്റ് നൽകി തിരികെ വാങ്ങുകയായിരുന്നു.

തമിഴിനും തമിഴ്നാട്ടിനും എതിരെ പ്രവർത്തിക്കുന്ന വ്യക്തിയിൽ നിന്ന് എങ്ങനെ ബിരുദം വാങ്ങുമെന്ന് ജീൻ ജോസഫ് ചോദിച്ചു. തമിഴ്നാട്ടിന് വേണ്ടി ഒന്നും ചെയ്യാത്തയാളാണ് ഗവർണറെന്നും ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ദ്രാവിഡ മോഡൽ എന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. വൈസ് ചാൻസലർ തമിഴ്നാട്ടിന് വേണ്ടി ചെയ്ത ഒട്ടനവധി നല്ല കാര്യങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞു. വ്യക്തി വിരോധം കൊണ്ടല്ല ഗവർണറിൽനിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റാത്തത്. തമിഴ്നാട്ടിൽ ബിരുദം നൽകാൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർ ഉള്ളപ്പോൾ എന്തിനാണ് ഗവർണർ?’ -ജീൻ ചോദിച്ചു. 



Tags:    
News Summary - Ph.D. scholar Jean Joseph refuses to receive her degree from Tamil Nadu Governor RN Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.