യൂഹാനോൻ മാർ മിലിത്തിയോസ്

‘കൈകെട്ടി നോക്കി നിൽക്കരുത് സഹോദരാ, ആക്രമികളെ നേരിടാൻ കൈ ഉയർത്തൂ’; രൂക്ഷ പ്രതികരണവുമായി യൂഹാനോൻ മാർ മിലിത്തിയോസ്

കോഴിക്കോട്: ഛത്തിസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാർഥന കൂട്ടായ്മക്കിടെ ബ​ജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. കൈകെട്ടി നോക്കി നിൽക്കരുതെന്നും ആക്രമികളെ നേരിടാൻ കൈ ഉയർത്തൂവെന്നും യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'കൈകെട്ടി ന്നോക്കി നിൽക്കരുത് സഹോദരാ. അത്‌ ഇവിടെ മെത്രാന്മാരെ സംരക്ഷിക്കാനല്ല. വടക്കേ ഇൻഡ്യയിൽ അക്രമിക്കപ്പെടുന്ന കന്യാസ്ത്രീകളെയും അച്ചന്മാരേയും പാസ്റ്റർമാരേയും ആക്രമിക്കുന്നവരെ നേരിടാൻ കൈ ഉയർത്തൂ' -യൂഹാനോൻ മാർ മിലിത്തിയോസ് വ്യക്തമാക്കി.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസവുമായി യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്ത് വന്നിരുന്നു. എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡൽഹിയിൽ ഒന്നുകൂടെ വിളിച്ച്‌ ആദരിച്ചാൽ പോരേ? -എന്ന് മിലിത്തിയോസ് ചോദിച്ചു.

മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ക്രൈസ്തവർക്കെതിരെ സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും കേരളത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി മൗനം പാലിക്കുന്നതിനെ എഫ്.ബി പോസ്റ്റിലൂടെ മിലിത്തിയോസ് പരിഹസിച്ചിരുന്നു.

''ഞങ്ങൾ തൃശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!''- യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസവും ഛത്തിസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാർഥന കൂട്ടായ്മക്കിടെ ബ​ജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. കുക്കർ ബേഡയിലെ വീട്ടിലാണ് പാസ്റ്റർ വസിഷ്ഠ ഭാരതിയുടെ നേതൃത്വത്തിൽ പ്രാർഥന യോഗം നടന്നത്. പെൺകുട്ടികളെ ഇവിടെയെത്തിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബ​ജ്രംഗ്ദൾ പ്രവർത്തകർ വീട് വളയുകയായിരുന്നു.

തുടർന്ന് ബ​ജ്രംഗ്ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധവും തുടങ്ങി. പ്രാർഥനക്കെത്തിയവരെ ഇവർ മർദിച്ചെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇരുവിഭാഗവും ചേരിതിരിഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ പൊലീസ് എത്തി. സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പ്രദേശം നിലവിൽ പൊലീസ് കാവലിലാണ്.

Tags:    
News Summary - Yuhanon Meletius react to Christians Attacked in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.