യാത്രക്കാരെ കുത്തിനിറച്ച ട്രെയിനുകൾ നമുക്കൊരു പുതുമയുള്ള കാഴ്ചയല്ല. തിരക്കേറിയ ട്രെയിനിൽ ശ്വാസം കിട്ടാതെ പിടയുന്ന ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ സുരക്ഷക്കായി ഒരു നടപടിയുമെടുക്കാത്തതിനെതിരെ ഇന്ത്യൻ റെയിൽവേക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.
ഒന്നു തിരിയാൻപോലും കഴിയാത്ത വിധം യാത്രക്കാർ നിറഞ്ഞ ട്രെയിനിന്‍റെ ജനാലക്ക് സമീപമിരുന്ന് ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്ന യുവതിയും ഇവരെ സഹായിക്കുന്നതിനുപകരം ദൃശ്യങ്ങൾ പകർത്തി നോക്കി നിൽക്കുന്ന യാത്രികരുമാണ് ദൃശ്യങ്ങളിലുള്ളത്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്ത് എക്സിൽ വെച്ച പോസ്റ്റിൽ ഉത്സവകാല തിരക്കുകൾ നിയന്ത്രിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. അമിത തിരക്കനുഭവപ്പെടുന്ന സ്റ്റേഷനുകളിൽ യാത്രക്കാരെ നിയന്ത്രിക്കുന്നതിന് സി.ആർ.പിഎഫ് സുരക്ഷാ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യമുയരുന്നു.
സംഭവത്തിൽ ആശങ്ക അറിയിച്ച റെയിൽവേ സേവ കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. റെയിൽവേക്കൊപ്പം യാത്രികരുടെ മനോഭാവവും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് വഴി വെച്ചു. ഇന്ത്യൻ ജനതക്ക് സഹാനുഭൂതി നഷ്ടപ്പെട്ടുവെന്നാണ് ആളുകളെ വിമർശിക്കുന്നത്. മാത്രമല്ല അടിയന്തിര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ആളുകൾക്ക് അറിയാതായെന്നും സ്കൂളുകളിൽ നിന്നുതന്നെ അതിനുള്ള അവബോധം നൽകണമെന്നും അഭിപ്രായം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.