കോഴിക്കോട്: അതിർത്തിയിൽ അനുമതി കാത്ത് കിടക്കുന്ന നൂറുകണക്കിന് ട്രക്കുകൾ കടത്തിവിടാതെ ഗസ്സയിൽ ലോകരാജ്യങ്ങൾ ആകാശമാർഗം ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന നടപടിക്കെതിരെ പ്രതികരണവുമായി വ്യോമയാന വിദഗ്ധൻ ജേക്കബ് കെ. ഫിലിപ്പ്. മൂന്നോ നാലോ റോഡ് ബ്ലോക്ക് എടുത്തുമാറ്റുക മാത്രം ചെയ്താൽ ഒരാഴ്ച കൊണ്ട് ഗസയുടെ ദുരിതത്തിനും കൊടുംവിശപ്പിനും പട്ടിണി മരണങ്ങൾക്കും തടയിടാമെന്നിരിക്കെയാണ് കോടികൾ മുടക്കി നടത്തുന്ന ആകാശ സഹായയത്‌നമെന്ന് ജേക്കബ് കെ. ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ലോകമെങ്ങുമുള്ളവരുടെ സംഭാവനകൾ കൊണ്ട് വാങ്ങിക്കൂട്ടിയ ആഹാരസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ജീവൻരക്ഷോപാധികളും ഇന്ധനവുമായി മാസങ്ങളായി കാത്തുകെട്ടിക്കിടക്കുന്ന നൂറുകണക്കിന് ചരക്കു ലോറികളെ കടത്തിവിടാതെ എല്ലാ വഴികളും അടച്ചുപൂട്ടി, ഉള്ളിലുള്ളവരെ പട്ടിണിക്കിടുകയും അവരുടെ മേൽ ബോംബുകളും മിസൈലുകളും വർഷിച്ചുകൊണ്ടേയിരിക്കുമ്പോൾ, ദുരിതത്തിന്റെ അങ്ങേത്തലയ്ക്കൽ പ്രത്യക്ഷപ്പെട്ട് ലോകരാജ്യങ്ങൾ നത്തുന്ന ആകാശ സഹായവർഷം ലൈവായി കാണുകയായിരുന്നു കഴിഞ്ഞ മൂന്നു നാലു ദിവസമായി.
രണ്ടുകൊല്ലമായി സഹായപ്പൊതികൾ വിതറുന്നവയല്ലാതെ ഒരു വിമാനവും ട്രാൻസ്‌പോണ്ടർ ഓണാക്കി പറന്നിട്ടില്ലാത്ത ഗസയുടെ ആകാശത്ത് ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്‌സ്, യുകെ, ഇറ്റലി, ഗ്രീസ് എന്നീ യൂറോപ്യൻ രാജ്യങ്ങളുടേയും യുഎഇയുടേയും ജോർദ്ദാന്റെയും സേനകളുടെ കടത്തുവിമാനങ്ങൾ പാരഷൂട്ടിൽ കൊരുത്ത ആഹാരപ്പെട്ടികൾ താഴേക്കിട്ടുകൊണ്ട് പറന്നുകൊണ്ടേയിരിക്കുന്നത് എല്ലാ ഫ്‌ളൈറ്റ്ട്രാക്കിങ് സൈറ്റുകളിലും ദൃശ്യമാണ് ഇപ്പോൾ. മുൻ സഹായ വിതറലുകളെ അപേക്ഷിച്ച്, വിവിധ രാജ്യങ്ങളുടെ വിമാനങ്ങൾ കൂടുതൽ ഒരുമയോടെയും അച്ചടക്കത്തോടെയും കൃത്യസമയത്തും സഹായം ഇടുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.
മൂന്നോ നാലോ റോഡ് ബ്ലോക്ക് എടുത്തുമാറ്റുക മാത്രം ചെയ്താൽ ഒരാഴ്ച കൊണ്ട് ഗസയുടെ ദുരിതത്തിനും കൊടുംവിശപ്പിനും പട്ടിണി മരണങ്ങൾക്കും തടയിടാമെന്നിരിക്കെ, കോടികൾ മുടക്കി രാജ്യങ്ങൾ നടത്തുന്ന ആകാശ സഹായ യത്‌നം, ഇതിനു മുമ്പും നടന്നിട്ടുള്ള എയർഡ്രോപ്പുകൾ പോലെ, ഏതാനും ദിവസം കൊണ്ട് അവസാനിക്കുമെന്നതിനാലാണ് ഇന്നു കുറച്ചു സ്‌ക്രീൻഷോട്ടുകൾ എടുത്തു വയ്ക്കാമെന്നു കരുതിയത്.
ലോക്ഹീഡ് സി-130 എച്ച് ഹെർക്കുലീസ് വിമാനങ്ങളുമായി ജോർദാനും യുഎയും കാലത്തേ തന്നെ എത്തിയപ്പോൾ, എയർബസ് എ400എം അറ്റ്‌ലസ് വിമാനത്തിൽ നിന്നാണ് ഫ്രാൻസും ബെൽജിയവും ജർമനിയും ഗസയിൽ ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നത്. നെതർലാൻഡ് കൊണ്ടുവന്നിട്ടുള്ളത് ലോക്ഹീഡ് സി-130എച്ച് ഹെർക്കുലീസ്, ഇറ്റലിയുടേത് ലോക്ഹീഡ് സി-130ജെ ഹെർക്കുലീസ്. ഫ്രാൻസിന്റെ വകയായിട്ടും ഉണ്ട്, ഒരു ലോക്ഹിഡ് സി-130എച്ച് ഹെർക്കുലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.