‘ആൾദൈവമായ മോദിക്ക് വേണ്ടി അവർ ഏതറ്റംവരെയും പോകും; വാരാണസിയിലെ വിജയവും അന്വേഷിക്കണം’

കോഴിക്കോട്: വോട്ട് മോഷണം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. തെരഞ്ഞെടുപ്പ് കൃത്രിമത്വം നടന്നത് തെളിവ് സഹിതം ജനങ്ങൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി തുറന്നു കാണിച്ചിരിക്കുകയാണെന്ന് താരാ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വാരാണസി ലോക്‌സഭ മണ്ഡലത്തില്‍ നരേന്ദ്ര മോദിയുടെ ജയമാണ് അടുത്തതായി അന്വേഷിക്കേണ്ടത്. മണ്ഡലത്തിലെ വോട്ടർ പട്ടികയും സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ ക്രമക്കേട് നടന്നതിന്‍റെ തെളിവുകൾ ലഭിക്കും. സാധാരണ ലോക്സഭ സ്ഥാനാർഥികൾക്ക് വേണ്ടി ബി.ജെ.പി ഇത്രയും വഞ്ചനയും വക്രതയും ചെയ്യുമെങ്കിൽ, അവരുടെ ആൾദൈവമായ നരേന്ദ്രമോദിക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്ന് ആലോചിച്ചു നോക്കിയാൽ മതിയെന്നും താരാ ടോജോ അലക്സ് എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

താരാ ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മഹാരാഷ്ട്രയിലും കർണാടകയിലും വലിയ തോതിലുള്ള തെരഞ്ഞെടുപ്പ് കൃത്രിമത്വം നടന്നത് തെളിവ് സഹിതം രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിച്ചിരിക്കുകയാണ്...

അടുത്തതായി അന്വേഷിക്കേണ്ടത് വാരാണസി ലോക്‌സഭ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയമാണ്. 2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ 2024 - ലിലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 1,52,513 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്.

വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ വാരാണസിയില്‍ നരേന്ദ്ര മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുടെ കുതിപ്പിനാണ് വാരാണസി സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ അജയ് റായ് അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും, പിന്നാലെ നരേന്ദ്രമോദി ലീഡ് ഉയരുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്ക് 4,60,457 വോട്ടും.

വാരാണസി ലോക്‌സഭ മണ്ഡലത്തിലെ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ ലഭ്യമാകും എന്നത് 100% ഉറപ്പുള്ള വസ്തുതയാണ്.

മഹാരാഷ്ട്രയിലും ബിജെപിയിലും ഉള്ള സാധാരണ ലോക്സഭ സ്ഥാനാർത്ഥികൾക്ക് വേണ്ടി ബിജെപി ഇത്രയും വഞ്ചനയും വക്രതയും ചെയ്യുമെങ്കിൽ, അവരുടെ ആൾദൈവമായ നരേന്ദ്രമോദിക്ക് വേണ്ടി അവർ ഏതറ്റംവരെ പോകുമെന്ന് ആലോചിച്ചു നോക്കിയാൽ മതി.

Tags:    
News Summary - Tara Tojo Alex slams Modi over Rahul Gandhi's revelations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.