കോഴിക്കോട്: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ കള്ളവോട്ട് ചേർത്തിയെന്ന ആരോപണത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തിയ കെ. സുരേന്ദ്രനെ പരിഹസിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍. മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രൻ തൂങ്ങിച്ചത്തോയെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. കേസ് പിൻവലിച്ച് കണ്ടം വഴി ഓടിയെന്നും സന്ദീപ് പറയുന്നു.
മഞ്ചേശ്വരത്ത് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച സുരേന്ദ്രൻ തൂങ്ങി ചത്തോ ? ഇല്ല.. പിന്നെന്ത് ചെയ്തു? കേസ് പിൻവലിച്ച് കണ്ടം വഴി ഓടി..
തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ കള്ളവോട്ട് ചേർത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ചാണ് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയത്. മണ്ഡലത്തിൽ 60,000ത്തിലേറെ കള്ളവോട്ട് ചേർത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുരേഷ് ഗോപി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു ഞാൻ. തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം എങ്ങനെയായിരുന്നു, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പാർട്ടി ചെയ്തത് എന്താണ് എന്നതുൾപ്പെടെ എന്താണ് നടന്നതെന്ന് എനിക്കറിയാം. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ട്. വർഷത്തിൽ മൂന്നുതവണ വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള സംവിധാനമുണ്ടിപ്പോൾ.
ആറ് മാസത്തിൽ കൂടുതൽ സ്ഥിരതാമസമുള്ള ആർക്കും അവിടുത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അത്തരത്തിൽ ഏതാനും ചില വോട്ടുകൾ മാത്രമാണ് തൃശൂരിൽ ചേർത്തത്. കോൺഗ്രസിലെയും സി.പി.എമ്മിലെയും പല ജനപ്രതിനിധികൾക്കും ഇത്തരത്തിൽ വോട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ രണ്ട് വർഷമായി തൃശൂരിൽ വീട് വാടകക്കെടുത്ത് ഇവിടെ താമസിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബവും ഡ്രൈവറുമുൾപ്പെടെ ഇവിടെ താമസിച്ചിരുന്നു. 75,000ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.
89 വോട്ടിന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടയാളാണ് ഞാൻ. എനിക്കെതിരെ 6000 കള്ളവോട്ടാണ് അന്ന് നടന്നത്. ഞാൻ കോടതിയിൽ പോയി. അന്നത്തെ എം.എൽ.എ മരിച്ചുപോയപ്പോൾ കേസ് പിൻവലിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിൽ ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. വെറുതെ ആരോപണമുന്നയിച്ച് വിവാദമുയർത്തേണ്ട കാര്യമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.