സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിൽ ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ വി.സി നിയമനത്തിനായി സുപ്രീംകോടതി സെർച്ച് കമ്മിറി രൂപീകരിക്കും. ഡോ.എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല, ഡിജിറ്റൽ യൂനിവേഴ്സിറ്റി എന്നിവയുടെ വി.സി നിയമനത്തിന് വേണ്ടിയാണ് സുപ്രീംകോടതി സെർച്ച് കമ്മിറ്റി രുപീകരിക്കുക. നാളെ ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് ഇറങ്ങും.
ജസ്റ്റിസ് പാർദിവാല ആർ മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. കേരള ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള തർക്കം തീർക്കുന്നതിന് വേണ്ടിയാണ് കോടതി നടപടി. സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വി.സിയായി ഡോ.കെ ശിവപ്രസാദിനെ നിയമിച്ച ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണി സുപ്രീംകോടതിയുടെ മുൻ നിർദേശങ്ങൾ പാലിച്ചാണ് വി.സി നിയമനമെന്ന് വ്യക്തമാക്കി. എന്നാൽ, സെർച്ച് കമ്മിറ്റി രുപീകരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോുകയാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത കോടതിയിൽ വാദിച്ചു.
സംസ്ഥാന സർക്കാർ അറിയാതെ പ്രത്യേക സെർച്ച് കമ്മിറ്റി ഗവർണർ രൂപം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ചാൻസിലറിന് സെർച്ച് കമ്മിറ്റി രുപീകരിക്കാൻ അധികാരമുണ്ടോയെന്ന് അറ്റോണി ജനറലിനോട് കോടതി ചോദിച്ചു. അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതിയിൽ അറ്റോണി ജനറൽ അറിയിച്ചു. എന്നാൽ, യു.ജി.സി നിയമങ്ങളും സാങ്കേതിക സർവകലാശാലയുടെ ചട്ടങ്ങളും അനുസരിച്ച് സംസ്ഥാന സർക്കാറിനാണ് ഇതിനുള്ള അധികാരമെന്ന് ജയ്ദീപ് ഗുപ്ത വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തിൽ തർക്കങ്ങൾ ഒഴിവാക്കി എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.