കേന്ദ്രമന്ത്രി സുരേഷ് ഗോപി സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ കണ്ടപ്പോൾ
അങ്കമാലി: ഛത്തിസ്ഗഢിൽ ബജ്റംഗ ദൾ സംഘത്തിന്‍റെ അക്രമത്തിനിരയായി ജയിൽവാസം അനുഭവിക്കേണ്ടി വന്ന സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലി എളവൂരിലുള്ള വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി അതീവ രഹസ്യമായി സന്ദർശിച്ചു. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും രാജ്യമാകെ പ്രതിഷേധം ഇരമ്പിയ വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിക്കുകയോ, കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെ കാണുകയോ ചെയ്യാതിരുന്നത് വൻ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അതിനിടെയായിരുന്നു ബുധനാഴ്ച ഉച്ചയോടെ കേന്ദ്ര മന്ത്രിയുടെ മിന്നൽ വരവും, മടക്കവും.
പ്രീതിയുടെ പിതാവ് വർക്കി, അമ്മ മേരി, സഹോദരൻ ഷൈജു എന്നിവർ മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. 10 മിനിറ്റോളം സമയം ചെലവാക്കിയ ശേഷം തിടുക്കം കൂട്ടിമടങ്ങുകയുമായിരുന്നു. അതിനിടെ സുരേഷ്ഗോപി പ്രീതിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ് സ്ഥലത്ത് മാധ്യമങ്ങൾ കുതിച്ചെത്തിയെങ്കിലും മാധ്യമങ്ങളോട് യാതൊന്നും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
അതേസമയം, പ്രീതിക്കെതിരെ അരങ്ങേറിയത് കെട്ടിച്ചമച്ച കേസാണെന്നും അന്യായമായാണ് ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നും പ്രീതിയുടെ സഹോദരൻ ബൈജു കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ അക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ തന്നാലാവുന്ന ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് കുടുംബത്തിന് എല്ലാ പിന്തുണയുണ്ടാകുമെന്ന് അറിയിച്ചതായും ബൈജു പറഞ്ഞു. വൻ പൊലീസ് വലയത്തിലാണ് സുരേഷ് ഗോപി സ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.