പസിഫിക് ബ്ലൂ മറൈൻ പാർക്കിൽ നൃത്താഭ്യാസം നടത്തുകയായിരുന്ന മറൈൻ ട്രെയിനർ ജസീക്കയെ ഓർക്ക എന്ന കൊലയാളി സ്രാവ് കൊല്ലുന്ന ഭീതി ജനകമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ജസീക്കയുടെ സ്രാവിനൊപ്പമുള്ള സന്തോഷകരമായ അവസാന നിമിഷങ്ങൾ പങ്കുവെച്ച് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള നിരവധി വിഡിയോകളും പുറത്തു വന്നു.
ലോകം ട്രെയിനറുടെ ദാരുണ മരണത്തിൽ വേദന പങ്കുവെച്ചു. പലരും പാവം ജീവിയെ മനുഷ്യനെ സന്തോഷത്തിനു വേണ്ടി പീഡിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് വിമർശിച്ചു. എന്നാൽ വ്യാപക പ്രചാരം ലഭിച്ച വിഡിയോക്ക് പിന്നിലെ യാഥാർഥ്യം മറ്റൊന്നാണ്. നിരവധി ഫാക്ട് ചെക്ക് ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതൊരു എ.ഐ നിർമിത വിഡിയോ ആണെന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തു വരുന്നത്.
മറൈൻ ട്രെയിനറായ ജസീക്കയെ സ്രാവ് ആക്രമിച്ചു എന്നുള്ളതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് മറൈൻ പാർക്കധികൃതർ പറയുന്നത്. മറൈൻ പാർക്കുകളിൽ എവിടെയും ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പാർക്കിന്‍റെ പേരു പോലും വ്യാജമാണെന്നും ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം വ്യാജ വിഡോയോകൾ പ്രചരിക്കുന്നത് ആശങ്കയോടെയാണ് ലോകം നോക്കി കാണുന്നത്.2010ൽ ഡാൺ ബ്രാൻച്യൂ, 2009ൽ അലക്സിസ് മാർട്ടിനസ് എന്നീ ട്രെയിനർമാർ ഓക്ക സ്രാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ അവക്ക് ഈ ദൃശ്യങ്ങളുമായി ഒരു സാദൃശ്യവുമില്ല എന്നതാണ് യാഥാർഥ്യം. സെൻസേഷണലിസത്തെ ചൂഷണം ചെയ്ത് വൈറലാകുക എന്നതാണ് ഇത്തരം വിഡിയോക്ക് പിന്നിലുള്ള ലക്ഷ്യം. എ.ഐയുടെ കാലത്ത് സത്യവും കള്ളവും ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. അതിന് മറ്റൊരുദാഹരണമായി മാറുകയാണ് ജസീക്കയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.