ആർ.വി. ബാബു

മതേതര സർക്കാർ മതവിശ്വാസി സംഗമം നടത്തുന്നത് തെറ്റായ നടപടി -അയ്യപ്പ സംഗമത്തിനെതിരെ ഹിന്ദു ഐക്യവേദി

​കൊച്ചി: ദേവസ്വം ബോർഡുമായി ചേർന്ന് കേരള സർക്കാർ അഖില ലോക അയ്യപ്പ സംഗമം നടത്തുന്നത് ദുരുദ്ദേശത്തോടെയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു. മതേതര സർക്കാർ മതവിശ്വാസികളുടെ സംഗമം നടത്തുന്നത് തെറ്റായ നടപടിയാണ്. അയ്യപ്പഭക്തരോട് ആത്മാർഥതയുണ്ടെങ്കിൽ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയ അയ്യപ്പ ഭക്തർക്കെതിരായി സർക്കാർ ചാർജ് ചെയ്ത കള്ള കേസുകൾ പിൻവലിക്കുകയാണ് ആദ്യം വേണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു.

‘അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് വികസനത്തിൻ്റെ മറവിൽ വൻ അഴിമതിക്ക് കളമൊരുക്കാനാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാൻ അടക്കമുള്ള പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട് നിൽക്കുമ്പോഴാണ് പുതിയ വികസന പദ്ധതികളുമായി സർക്കാരും ദേവസ്വം ബോർഡും രംഗത്ത് വന്നിരിക്കുന്നത്. തീർഥാടന കാലത്ത് അയ്യപ്പൻമാർ അനുഭവിക്കുന്ന ദുരിതങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരുടെ ഈ ശ്രമം ഒട്ടും ആത്മാർഥതയോടെയുള്ളതല്ല. സന്നിധാനത്തും പമ്പയിലും സമർപ്പണ ഭാവത്തോടെ അയ്യപ്പൻമാരെ സേവിക്കുന്ന ഭക്തജന സംഘടനകളെ പൂർണ്ണമായി ഒഴിവാക്കിയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. അയ്യപ്പ സംഗമത്തിൻ്റെ മറവിൽ അവിശ്വാസികൾക്ക് ശബരിമലയിൽ സ്വാധീനമുറപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ’ -ബാബു പറഞ്ഞു.

അയ്യപ്പൻമാരുടെ വിശ്വാസ ധ്വംസനത്തിന് നേതൃത്വം നൽകിയ സർക്കാറിന്റെ ഈ നീക്കത്തെ സംശയത്തോടെ മാത്രമേ കാണാനാവൂ. അയ്യപ്പഭക്തരോട് ആത്മാർത്ഥതയുണ്ടെങ്കിൽ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയ അയ്യപ്പ ഭക്തർക്കെതിരായി സർക്കാർ ചാർജ് ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുകയാണ് ആദ്യം വേണ്ടത്. മതേതര സർക്കാർ മതവിശ്വാസികളുടെ സംഗമം നടത്തുന്നത് തെറ്റായ നടപടിയാണ്. അയ്യപ്പസംഗമത്തിൻ്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് യഥാർത്ഥ അയ്യപ്പ ഭക്തർ തിരിച്ചറിയുമെന്നും ആർ.വി. ബാബു പറഞ്ഞു.


അയ്യപ്പ ഭക്ത സംഗമത്തിനെതിരെ ഹിന്ദു ഐക്യ വേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലയും രംഗത്തെത്തിയിരുന്നു. സംഗമത്തിന് ക്ഷണിക്കുമ്പോൾ രഹ്നാ ഫാത്തിമ തുടങ്ങിയവരെ മറക്കരുതെന്നും ശബരീശന്റെ പ്രത്യേക അനുഗ്രഹം ഏറ്റു വാങ്ങിയ കനകദുർഗ്ഗ, ബിന്ദു അമ്മിണി തുടങ്ങിയ മാളികപുറങ്ങളെ പ്രത്യേകമായി ആദരിക്കണമെന്നും ശശികല പറഞ്ഞിരുന്നു. സെപ്റ്റംബർ 16നും 21നും ഇടയിലാണ് ആഗോള അയ്യപ്പ സംഗമം നടത്തുക. 3000 പേരെയാകും ക്ഷണിക്കുക. എത്തുന്നവർക്ക് സ്പെഷൽ ദർശന സൗകര്യം ഒരുക്കും. 3,000 പേർക്ക് ഇരിക്കാൻ പന്തൽ നിർമിക്കും. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായും മറ്റ് മന്ത്രിമാർ രക്ഷാധികാരികളായും സ്വാഗതസംഘം രൂപവത്കരിക്കും. 

Tags:    
News Summary - Hindu Aikya Vedi against Ayyappa sangama: 'secular government religious gathering is wrong'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.