കോഴിക്കോട്: തിഹാർ ജയിലിൽ 1058 ദിവസമായി വിചാരണ തടവുകാരനായി കഴിയുന്ന മുൻ പോപുലർഫ്രണ്ട് നേതാവ് ഇ. അബൂബക്കർ അർബുദത്തോടൊപ്പം ഒൻപതോളം പലവിധ രോഗപീഡകളാൽ പ്രയാസപ്പെടുകയാണെന്ന് മകൾ ലീന തബസ്സും. ഇന്നലെ, വിഡിയോ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ വാപ്പ വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പാർക്കിൻസൺസ് രോഗത്തിന്റെ ഭീകരമായ അവസ്ഥയായിരുന്നു അന്നേരം സ്‌ക്രീനിൽ കണ്ടതെന്നും ലീന പറയുന്നു.
‘കൈകൾക്ക് നല്ല വിറയൽ അനുഭപ്പെടുന്ന അവസ്ഥയിൽ, വളരെ പ്രയാസപ്പെട്ടാണ് വാപ്പ ആ ചെറിയ ബോട്ടിൽ വെള്ളം ചുണ്ടോടടുപ്പിക്കുന്നത്...!! സ്റ്റാൻസ്വാമിമാർ ആവർത്തിക്കപ്പെടുകയാണോ...!!!?’ -ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. വിചാരണയോ ജാമ്യമോ ഇല്ലാതെയാണ് ജയിലിൽ കഴിയുന്നത്. "ജാമ്യമാണ് നിയമം, ജയിൽ അപവാദം" എന്നാണ് കോടതി നിരീഷണം. പക്ഷേ, നീതിപീഠങ്ങൾ കണ്ണ് കെട്ടിയിരിക്കുന്നു -ലീന പറയുന്നു.
ഇന്ന്, ഓഗസ്റ്റ് 15- നമ്മുടെ രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷ പുലരിയിൽ സ്‌മൃതിപഥത്തിൽ നിറയുന്നത്, 2022സെപ്റ്റംബർ 22 അർദ്ധരാത്രി അന്യായമായി പാരതന്ത്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട,എന്റെ പ്രിയപ്പെട്ട വാപ്പയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണ്. വാപ്പയോടൊപ്പമുള്ള, ഞങ്ങളുടെ സ്വതന്ത്ര ദിനങ്ങളാണ്... വാപ്പയും ഉമ്മച്ചിയും ഞങ്ങൾ മക്കൾ ഏഴുപേരും വാപ്പയുടെ പ്രിയപ്പെട്ട 'പാരക്കിടാങ്ങളും' ചേർന്നുള്ള ആനന്ദ നിമിഷങ്ങൾ.
എന്റെ - ഞങ്ങളുടെ - പ്രാർത്ഥനകളിൽ നിറഞ്ഞ് നിൽക്കുന്നതും ഞങ്ങളുടെ പുനഃസ്സമാഗമമാണ്. യാത്രകൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ, ഞങ്ങൾ ഒത്തുകൂടാറുള്ള വാപ്പയുടെ റൂമിലെ വെറും നാലടി മാത്രം വിസ്തൃതിയുള്ള വാത്സല്യത്തിന്റെ ഊഷ്മളതയിൽ 'വിശാലമായ' ആ ബെഡിൽ, വാപ്പയുടെ കയ്യും കാലും തലയും മസാജ് ചെയ്ത് കൊണ്ട്,മക്കളും മരുമക്കളും പേരക്കുട്ടികളും -കഥകളാലും പൊട്ടിച്ചിരികളാലും നിറഞ്ഞ ആ സന്ധ്യകളും ഇനിയുമുണ്ടാവണമെന്നാണ്.
ഇന്നലെ, വീഡിയോ മുലാഖാത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, വാപ്പ വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു.... പാർക്കിന്സൺസ് രോഗത്തിന്റെ ഭീകരമായ അവസ്ഥയായിരുന്നു അന്നേരം ഞങ്ങൾ സ്‌ക്രീനിൽ കണ്ടത്. കൈകൾക്ക് നല്ല വിറയൽ അനുഭപ്പെടുന്ന അവസ്ഥയിൽ, വളരെ പ്രയാസപ്പെട്ടാണ് വാപ്പ ആ ചെറിയ ബോട്ടിൽ വെള്ളം ചുണ്ടോടടുപ്പിക്കുന്നത്...!!സ്റ്റാൻസ്വാമിമാർ ആവർത്തിക്കപ്പെടുകയാണോ...!!!?
അർബുദത്തോടൊപ്പം ഒൻപതോളം പലവിധ രോഗപീഡകളാൽ പ്രയാസപ്പെടുന്ന, കാരാഗ്രഹത്തിൽ അടക്കപ്പെട്ട വാപ്പ! സഹയാത്രികരോ ശുശ്രൂഷകരോ ഇല്ലാത്ത ജീവിതം. പാർക്കിൻസൻസ് അസുഖത്തിന്റെ ഫലമായി പേശിദൃഢതയാൽ കൈകാലുകൾ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥ! പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് പരസഹായം ആവശ്യമുള്ളയാൾ. ആമാശയത്തിന്റെ സിംഹഭാഗവും നീക്കം ചെയ്യപ്പെട്ടതിനാൽ ഭക്ഷണം നിശ്ചിത ഇടവേളകളിൽ വളരെ കുറച്ച് മാത്രമേ കഴിക്കാൻ പറ്റുകയുള്ളൂ വെന്നും അത് തന്നെ, ചിലപ്പോഴൊക്കെ തികട്ടി പുറത്തേക്ക് വരുമെന്നും അനുദിനം കാഴ്ച മങ്ങിക്കൊണ്ടിരിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതി ബാധിതനാണെന്നും Type 2 ഡയബെറ്റിക് രോഗിയാണെന്നും ഇക്കഴിഞ്ഞ മൂന്ന് വർഷക്കാലമായി, രാജ്യത്തെ പരമോന്നത നീതിപീഠത്തിലടക്കം നീതിപീഠങ്ങളിൽ നിരന്തരം സമർപ്പിക്കപ്പെട്ടുവെങ്കിലും പരിഗണനയിൽ വന്നില്ല...!
അസുഖങ്ങളോരോന്നും ഗുരുതരമാണെന്നിരിക്കെ, അതിൽ ഒന്ന് മാത്രം ഒരാൾക്ക് ബാധിച്ചുവെന്നാൽ പോലും വളരെ പ്രയാസകരമായിരിക്കുമെന്നിരിക്കെ, എഴുപത്തി മൂന്ന് വയസ്സുള്ള, വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്ന ഒരാളിലാണ് ഈ ഒൻപത് അസുഖങ്ങൾ എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് ന്യായാധിപൻമാരുടെ ശ്രദ്ധയിൽ പെടേണ്ടതുണ്ട്.
1058 ദിനരാത്രങ്ങൾ വിചാരണയോ ജാമ്യമോ ഇല്ലാതെ ജയിലിൽ! "ജാമ്യമാണ് നിയമം, ജയിൽ അപവാദം" എന്നാണ് കോടതി നിരീഷണം. പക്ഷേ, നീതിപീഠങ്ങൾ കണ്ണ് കെട്ടിയിരിക്കുന്നു...!? ഈ പ്രയാസങ്ങൾക്കിടയിലും വാപ്പ അസ്വസ്ഥത പ്രകടിപ്പിച്ചില്ല. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ നേരിട്ടു. വാപ്പ പറഞ്ഞു:" ജയിലിലും ഞാൻ മനുഷ്യരെ കണ്ടെത്തി.".
എന്റെ വാപ്പ എന്നും പ്രസാദാത്മകമായ ജീവിതം നയിച്ചു. ജീവിതം അദ്ദേഹത്തിന് മന്ദഹാസമായിരുന്നു. ആ മന്ദഹാസം അവസാനം വരെ തുടരണമെന്നും,ആ മന്ദഹാസത്തിൽ അവസാനിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും എനിക്കറിയാം. എന്റെ പിതാവിനോടൊപ്പം എത്രപേർ?!!
യഥാർത്ഥത്തിൽ അവർ ജയിലിൽ അടക്കാൻ ശ്രമിച്ചത് ഒരു ആദർശത്തെയാണ്. വേലികെട്ടി തടയാൻ ആയുന്നത് ജനാഭിമുഖ്യമുള്ള, സ്വതന്ത്രവും ഉൽക്കർഷയും ഔന്നത്യവും കാംക്ഷിക്കുന്ന ഒരാശയത്തെയാണ്.അതിനെ ജയിൽ ഭിത്തികൾക്ക് തടയാനോ അതിന്റെ പ്രസരണത്തെ വേലികെട്ടി തടുത്തു നിർത്താനോ സാധ്യമാകുമോ?! വാപ്പ ഉൾപ്പെടെയുള്ള മുഴുവൻ രാഷ്രീയ തടവകാരുടെയും ജയിൽ മോചനത്തിന് മനുഷ്യാവകാശ പ്രവർത്തകരുടെയും മാനുഷിക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നവരുടെയും ഇടപെടലുകളും സ്വതന്ത്ര ചിന്തകളും ഉണ്ടാവുമെന്ന് ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രത്യാശിക്കുന്നു.
സ്വാതന്ത്ര്യദിനാശംസകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.