നിങ്ങളുടെ പിന്തുണയിലും നല്ലത് എസ്.എഫ്.ഐ സെക്രട്ടറി ആത്മഹൂതി ചെയ്യുന്നതാണ് -ആർഷോ

കോഴിക്കോട്: കോഴിക്കോട്: എം.എസ്.എഫിനെതിരായ പി.എസ്. സഞ്ജീവിന്‍റെ വിമർശനത്തെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലക്ക് മറുപടിയുമായി എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ശശികലയുടെ പിന്തുണയിലും നല്ലത് എസ്.എഫ്.ഐ സെക്രട്ടറി ആത്മഹൂതി ചെയ്യുന്നതാണെന്ന് ആർഷോ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ശശികല ഒഴുക്കുന്ന കാളകൂട വിഷത്തിന് തുല്യമായി അതേ അളവിൽ വിഷം കലർത്താൻ നിൽക്കുന്നവരോടുള്ള ഞങ്ങളുടെ വിമർശനം തുടരും. എം.എസ്.എഫിനെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയ ശശികലേച്ചിയുടെ ടൈമിങ് അപാരം തന്നെയെന്നും ആർഷോ എഫ്.ബി പോസ്റ്റിൽ പറയുന്നു.


പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ്.ഡി.പി.ഐക്കാരുടെയും പോപ്പുലർ ഫ്രണ്ട്കാരുടെയും ബാക്കിപത്രമാണ് എം.എസ്.എഫ് എന്ന പി.എസ്. സഞ്ജീവിന്‍റെ വിമർശനത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണച്ച് കെ.പി. ശശികല രംഗത്തെത്തിയത്. സത്യം പറയാനുള്ള ധൈര്യം സഞ്ജീവിന് വന്നല്ലോ എന്നും ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നതെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ എന്നും സഞ്ജീവിനോട് ശശികല പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എം.എസ്.എഫിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി രൂക്ഷ വിമർശനം നടത്തിയത്. മുസ് ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സ്വത്വ ബോധമൊന്നുമല്ല കൈകാര്യം ചെയ്യുന്നതെന്നും സഞ്ജീവ് ആരോപിച്ചു.


എം.എസ്.എഫ് ജമാഅത്തെ ഇസ് ലാമിക്കും കാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുകയാണ്. ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം.എസ്.എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മത വർഗീയത വാദം മാത്രം കൈമുതലായിട്ടുള്ള സംഘടനയാണ് എം.എസ്.എഫ്. പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണ്. ഇത് ഞങ്ങൾ എവിടെയും പറയും, അതിന് നവാസിന്‍റെ ലൈസൻസ് വേണ്ട. തെറ്റായ രാഷ്ട്രീയമാണ് എം.എസ്.എഫ് കൈകാര്യം ചെയ്യുന്നത്.

ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തെരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളജുകളിലെയും യു.യു.സിമാരെ ഉപയോഗിച്ചാണ് എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്. മതേതരത്വം നിലനിൽക്കുന്ന കാമ്പസിൽ എത്തുമ്പോൾ എം.എസ്.എഫ്, യു.ഡി.എസ്.എഫ് ആകും. കെ.എസ്‌.യുവിനെ പൂർണമായും എം.എസ്.എഫ് വിഴുങ്ങി. എം.എസ്.എഫിനെ എസ്.ഡി.പി.ഐയും കാമ്പസ് ഫ്രണ്ടും വിഴുങ്ങി. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലുള്ള വർഗീയവാദികൾ എം.എസ്.എഫ് നേതൃത്വത്തിൽ വന്നതെന്നും സഞ്ജീവ് ആരോപിച്ചിരുന്നു.


ആർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിഷം ചീറ്റലിൽ രാജവെമ്പാലയെ നാണിപ്പിച്ച സ്ത്രീയെ,

നിങ്ങളുടെ പിന്തുണയിലും നല്ലത് എസ് എഫ് ഐ സെക്രട്ടറി ആത്മഹൂതി ചെയ്യുന്നതാണ്.

വിഷപ്പാമ്പേ,

നിങ്ങൾ ഒഴുക്കുന്ന കാളകൂട വിഷത്തിന് തുല്യമായി അതേ അളവിൽ വിഷം കലർത്താൻ നിൽക്കുന്നവരോടാണ് ഞങ്ങളുടെ വിമർശനം.

അത് ഞങ്ങൾ തുടരും.

എം എസ് എഫിനെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയ ശശികലേച്ചിയുടെ ടൈമിംഗ് അപാരം തന്നെ.

Tags:    
News Summary - PM Arsho react to KP Sasikala FB Post against PS Sanjeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.