ബ്രയൻലാറ
കരീബിയൻ ക്രിക്കറ്റിനോടും ബ്രയൻലാറയോടും കാലം കരുണയില്ലാതെ പെരുമാറുന്ന കാലമായിരുന്നു അത്. 1990 കളുടെ അവസാനം. ’83 ൽ ഇന്ത്യയോട് നഷ്ടപ്പെട്ട ഏകദിന ക്രിക്കറ്റിലെ ചാമ്പ്യൻ പദവി വിൻഡീസ് തിരിച്ചുപിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ’96 ലെ ഹൃദയം തകർത്ത സെമി തോൽവിയിൽ നിന്നാരംഭിക്കുന്നു, കഷ്ടകാലത്തിന്‍റെ ആ സെഷൻ.
അന്ന് മൊഹാലിയിൽ ആസ്ട്രേലിയക്കെതിരെ വെറും 207 റൺസ് ചെയ്സ് ചെയ്യുമ്പോൾ 165 ന് 2 എന്ന അതിശക്തമായ നിലയിൽ നിന്ന് അഞ്ചു റൺസിന് തോൽക്കുകയായിരുന്നു. തനിക്ക് ചുറ്റും ഭ്രാന്തമായ ആവേഗത്തിൽ വിക്കറ്റുകൾ കൊഴിയുമ്പോൾ ഒന്നും ചെയ്യാനാകാതെ 49 റൺസുമായി പിച്ചിൽ കുത്തിയിരുന്ന റിച്ചി റിച്ചാർഡ്സണിലുണ്ട് അന്നത്തെ കരീബിയൻ ടീമിന്‍റെ നേർചിത്രം. കരീബിയൻ കടലിൽ അന്ന് പ്രതാപത്തിന്‍റെ സൂര്യൻ അസ്തമിച്ചെങ്കിൽ ആസ്ട്രേലിയയിൽ പുതുയുഗത്തിന്‍റെ പിറവിയായിരുന്നു. ആ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ശ്രീലങ്കക്കെതിരെ വീണെങ്കിലും പിന്നീട് ലോകം കണ്ട അപരാജിത ഓസീസ് ടീം അന്നാണ് ഉദിച്ചത്.
പിന്നീടങ്ങോട്ട് നിരന്തരമായ തിരിച്ചടികൾ. തൊട്ടടുത്ത വർഷം ആസ്ട്രേലിയയിൽ പോയി അഞ്ച് ടെസ്റ്റ് പരമ്പര തോറ്റെങ്കിലും നല്ലകാലത്തിന്‍റെ മിന്നലാട്ടങ്ങൾ അവിടെ കണ്ടിരുന്നു. പിന്നാലെ പാകിസ്താനെതിരെ കളിച്ച മൂന്നു ടെസ്റ്റും തോറ്റു. അടുത്ത വർഷം നാട്ടിൽ പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിനെതിരെ പരമ്പര ജയം. കരീബിയൻ ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിൽ ശമ്പളവിഷയത്തിൽ ഉരസൽ ആരംഭിക്കുന്ന കാലം. ക്യാപ്റ്റനായിരുന്ന ബ്രയൻ ലാറ ഒരുഘട്ടത്തിൽ ടീമിൽ നിന്ന് പിൻമാറുമെന്ന സാഹചര്യം വരെ വന്നു. ന്യായമായ പ്രതിഫലം നൽകാത്തതാണ് പ്രശ്നമെന്നിരിക്കിലും കരീബിയൻ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ് ലാറയും കളിക്കാരുമെന്നായിരുന്നു പൊതു ആഖ്യാനം. കളിക്കാർക്കെതിരെ വലിയതോതിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
ഈ കോലാഹലങ്ങൾക്കിടെയാണ് ’98 ൽ ദക്ഷിണാഫ്രിക്കയിലേക്ക് വിപുലമായ പര്യടനത്തിന് പോകുന്നത്. കരീബിയൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ നാണംകെട്ട അധ്യായങ്ങളിലൊന്നായിരുന്നു അത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ അഞ്ചും തോറ്റു. ഏഴ് ഏകദിനങ്ങളിൽ ആറും. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരനായും ലാറ വൻ പരാജയം. ലാറക്കെതിരായ വികാരം കരീബിയയിലെങ്ങും പടർന്നു. മാധ്യമങ്ങൾ എഴുതിത്തള്ളി. അതികഠിനമായി ആക്ഷേപിച്ചു. അന്നുവരെ ലാറക്കായി ഗ്യാലറികളിൽ ആർത്തുവിളിച്ചിരുന്ന കരീബിയക്കാർക്ക് ലാറ വെറുക്കപ്പെട്ടവനായി.
ഈ സാഹചര്യത്തിലാണ് ആസ്ട്രേലിയൻ ടീം കരീബിയയിലേക്ക് പര്യടനത്തിന് വരുന്നത്. സ്റ്റീവ് വോയുടെ നായകത്വത്തിൽ ആദ്യ പരമ്പര. തകർച്ചയുടെ പടുകുഴിലാണെങ്കിലും വെസ്റ്റ് ഇന്ത്യൻ ടീമിന് വേറെ വഴികളൊന്നും മുന്നിലില്ല. അങ്ങനെ അഞ്ചുടെസ്റ്റുകളുടെ പരമ്പരയിൽ അവർ തൽകാലം ലാറയെ ‘പ്രൊബേഷൻ’ ക്യാപ്റ്റനാക്കി. ആദ്യ ടെസ്റ്റ് ലാറയുടെ ജന്മനാടായ ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിൽ. ലാറ കളിച്ചുവളർന്ന മൈതാനം. അവിടത്തെ ഓരോ പുൽക്കൊടിയിലും ലാറയുടെ പാദം പതിഞ്ഞിട്ടുണ്ട്. ഗ്യാലറിയിലെ ഓരോ മുഖവും ലാറക്ക് പരിചിതം.
പക്ഷേ, ജീവിതത്തിലിന്നേവരെ നേരിടാത്ത പ്രതിസന്ധിയിലേക്കാണ് ലാറ കാലെടുത്ത് വെച്ചത്. ലാറയുടെ മുഖം പവിലിയനിൽ കണ്ടതും ഗ്യാലറിയിൽ ബഹളമുണ്ടായി. കർണം പിളർക്കുന്ന കൂക്കുവിളികൾക്കിടയിലൂടെ, ഏതോ അപരിചിത ദേശത്തേക്കെന്ന പോലെ തലകുനിച്ച് ലാറ മൈതാനത്തേക്ക് നടന്നു. ലാറയും കളിക്കാരും ഭൗതികമായി മാത്രമാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. ഒടുവിൽ നാലാം ഇന്നിങ്സിൽ വെസ്റ്റ്ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറായ 51 റൺസിന് ടീം ഓൾഔട്ടായി. അപമാനത്തിന്‍റെ അഗാധതകളിലേക്ക് കരീബിയൻ ടീമിനെ കങ്കാരുക്കൾ തള്ളിയിട്ടു. രണ്ടിന്നിങ്സിലുമായി വെസ്റ്റിൻഡീസിന്‍റെ അവസാന 17 വിക്കറ്റുകൾ വീണത് 69 റൺസിനാണ്; അതും 31.4 ഓവറിൽ. ‘അട്ടിയിലട്ടിയിൽ ഇരുളിരുളിൻമേൽ കട്ടപിടിച്ചൊരു പാതാളം’ എന്ന് ചങ്ങമ്പുഴ പാടിയതുപോലൊരു പാതാളത്തിലേക്ക് ലാറയും ടീമും നിപതിച്ചു. ലാറയുടെ തലക്കായി കരീബിയയിലെങ്ങും മുറവിളിയുയർന്നു.
അഞ്ചുദിവസത്തിന് ശേഷം ജമൈക്കയിലെ ലോകപ്രശസ്തമായ സബീന പാർക്കിൽ രണ്ടാം ടെസ്റ്റ്. കളിയുടെ തലേന്ന്, കൃത്യമായി പറഞ്ഞാൽ 1999 മാർച്ച് 12 ന് പ്രഭാതത്തിൽ ലാറയുടെ ബാല്യകാല സുഹൃത്തും കോളജ് മേറ്റുമായ നികോളാസ് ഗോമസിന്‍റെ വീട്ടിലെ ഫോൺ ബെല്ലടിച്ചു. ലാറയാണ്. പരിക്ഷീണനാണ്. ശബ്ദത്തിൽ അത് വ്യക്തവുമാണ്; ‘‘ഗോമസ്, ഞാൻ തകർന്നിരിക്കുന്നു. നാളെ ഞാൻ കളിക്കാനിറങ്ങുമോ എന്ന് പോലും എനിക്കറിയില്ല.’’ ലാറയെ എന്നേ അറിയാവുന്ന ചങ്ങാതിയാണ്. ആ ശബ്ദത്തിലെ ആകുലത ഗോമസ് തിരിച്ചറിഞ്ഞു. ഒരുമണിക്കൂറിലേറെ നീണ്ടു, ആ സംഭാഷണം. പലതും പറഞ്ഞ് ഗോമസ് ലാറയെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. ‘‘ടീം മീറ്റിങിന് എനിക്ക് പോകണം. ഞാൻ കുറച്ചുകഴിഞ്ഞ് വിളിക്കട്ടെ?’’ - ഒടുവിൽ ലാറ ചോദിച്ചു. ‘‘ഉറപ്പായും ബ്രയൻ, ഏതുസമയവും’’.
ഫോൺ വെച്ചശേഷം ഗോമസ് തീരുമാനിച്ചു; നേരിൽ പോയി ലാറയെ കാണുക തന്നെ. അപ്പോഴേക്കും രാത്രി ആയിക്കഴിഞ്ഞിരിക്കുന്നു. രാവിലെ 4.30 ന് മാത്രമേ ഇനി ജമൈക്കക്ക് വിമാനമുള്ളു. ആ വിമാനത്തിൽ ടിക്കറ്റെടുത്ത്, ഓടിപ്പാഞ്ഞ് സബീന പാർക്കിലെത്തുമ്പോൾ കളി തുടങ്ങി 40 ഓവർ കഴിഞ്ഞിരുന്നു. ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ടോസിലേക്ക് നടക്കുമ്പോൾ അതിനിടയിൽ ഒരു ചെറിയ സംഭവമുണ്ടായിരുന്നു.
സ്റ്റീവ് വോ തന്‍റെ ആത്മകഥയായ ‘ഔട്ട് ഓഫ് മൈ കംഫർട്ട് സോണി’ൽ അതിങ്ങനെ വിവരിക്കുന്നു: ‘‘ആദ്യ ടെസ്റ്റിലെ മിന്നൽ വിജയത്തിന് ശേഷം ആണി കൂടുതൽ ശക്തിയിൽ അടിച്ചുകയറ്റാമെന്ന പരിപൂർണ വിശ്വാസവുമായാണ് ജമൈക്കയിലെത്തിയത്. വിൻഡീസ് കാപ്റ്റൻ ബ്രയൻ ലാറയുമായി ടോസിനായി നടക്കുമ്പോൾ എന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും വിചിത്രവും അജ്ഞാതവുമായ ഒരു സ്തോഭാനുഭവമുണ്ടായി. മൈതാന മധ്യത്തേക്കും തിരിച്ചും നടക്കുമ്പോൾ ലാറയെ കാണികൾ കൂവിക്കൊണ്ടേയിരിക്കുന്നു. ടോസ് കഴിഞ്ഞ് കൈ കൊടുത്ത് പിരിയാനൊരുങ്ങുമ്പോൾ ‘‘നന്നായി കളിക്കൂ’’ എന്ന് ഞാൻ ആശംസിച്ചു. ‘‘ഈ നാശവുമായി ഞാൻ വരുന്നത് ഇതവസാനമായിട്ടാണ്’’- ലാറയുടെ മറുപടി. തിരികെ ഡ്രസിങ് റൂമിലെത്തിയ ഉടനെ ‘‘ദുർബലനായ ആ മനുഷ്യൻ ക്യാപ്റ്റൻസി വെച്ചൊഴികയുകയാണെ’’ന്ന് കളിക്കാരോട് സൂചിപ്പിച്ചു. കേട്ടിരുന്ന ജസ്റ്റിൻ ലാംഗർ പെട്ടന്ന് തല ഉയർത്തി: ‘‘വളരെ സൂക്ഷിക്കണം. ഇത് അയാളിൽ നിന്ന് മുമ്പും കേട്ടിട്ടുണ്ട്.’’
ഗോമസ് എത്തുമ്പോൾ നാലാം വിക്കറ്റിൽ നൂറു റൺസിന്‍റെ പാർട്ണർഷിപ്പുമായി വോ സഹോദരൻമാർ ബാറ്റുചെയ്യുകയാണ്. ഗോമസ് ഗാലറിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ ആദ്യം കാണുന്ന കാഴ്ച നെഹീമിയ പെറിയുടെ പന്തിൽ മാർക്വോയുടെ സ്റ്റമ്പ് ഇളകുന്നതാണ്. സ്റ്റീവ് വോ പിന്നാലെ സെഞ്ചുറി പൂർത്തിയാക്കി. 256 റൺസിന് ഓസ്ട്രേലിയ പുറത്തായി. മറുപടി ബാറ്റിങ് തുടങ്ങിയ വിൻഡീസ് ആദ്യ ദിവസം പൂർത്തിയാകുമ്പോൾ 37 ന് നാല് എന്ന പരിതാപകരമായ പതിവ് നിലയിലാണ്. ഏഴു റൺസുമായി ലാറയും ഒരു റൺസെടുത്ത് പെഡ്രോ കോളിൻസുമാണ് ക്രീസിൽ. കൂട്ടുകാരന്‍റെ ആധി ശമിപ്പിക്കാനെത്തിയ ഗോമസ് ആഗ്രഹിച്ച സാഹചര്യമേ അല്ല. എല്ലാം പഴയ തിരക്കഥകൾ പോലെ പുരോഗമിക്കുന്നുവെന്ന് എല്ലാവരും കരുതിയ വൈകുന്നേരം.
ഗോമസ് താമസിക്കുന്ന ഹോട്ടലിലേക്ക് ലാറ വന്നു. പൂൾസൈഡിലിരുന്ന് ഇരുവരും ആ സായന്തനത്തിൽ ഭക്ഷണം കഴിച്ചു. പിന്നീട് ഇരുവരും ഗോമസിന്‍റെ മുറിയിലേക്ക് പോയി. തളർന്നിരുന്നു, ലാറ. മുറിയിലെത്തിയതും ബെഡിലേക്ക് ചാഞ്ഞു. ഇരുവരും അവിടെ കിടന്ന് പലതും സംസാരിച്ചു; പഴയ നല്ലകാലങ്ങൾ, കളിച്ച് ജയിച്ച ഇന്നിങ്സുകൾ, ആവേശത്തോടെ കളിച്ച കളികൾ, അന്നത്തെ കൂട്ടുകാർ, കളിക്കാർ. ഫാത്തിമ കോളജിലെ തിരിച്ചിങ്ങുവരാത്ത പഴയകാലം. മണിക്കൂറുകളോളം നീണ്ടു ആ വർത്തമാനം. ഒടുവിൽ ഗോമസ് ലാറയോട് പറഞ്ഞു; ‘‘പോ, പോയി കുറച്ച് റെസ്റ്റെടുക്ക്’’. അപ്പോഴേക്കും ലാറയുടെ മൂഡ് ഏറെ മെച്ചപ്പെട്ടിരുന്നു. കൂടുതൽ റിലാക്സ്ഡ് ആയതായി കാണപ്പെട്ടു.
അടുത്ത ദിവസം രാവിലെ തന്നെ ഗോമസ് ഗ്യാലറിയിലെത്തി. ലാറ നൽകിയ ടിക്കറ്റ് പവലിയന് നേരെ എതിർവശത്തായിരുന്നു. സ്ട്രൈറ്റ് ബൗണ്ടറിക്ക് അടുത്ത്, മറ്റു സ്റ്റാൻഡിൽ നിന്ന് ഏതാണ്ട് എട്ടടി താഴെയുള്ള വി.ഐ.പി ഏരിയ. ആ സ്റ്റാൻഡിന്‍റെ ഒരു മൂലയിൽ ഗോമസ് ഇരിപ്പുറപ്പിച്ചു. ബാറ്റിങ് ക്രീസിൽ നിൽക്കുന്നവരെ നേരെ കാണാൻ പാകത്തിൽ. പിച്ചിലേക്ക് നടക്കുമ്പോൾ ലാറയുടെയും ഗോമസിന്‍റെയും കണ്ണുകളുടക്കി. ഏഴ് റൺസിലാണ് ലാറ ബാറ്റിങ് തുടങ്ങിയത്. മക്ഗ്രാത്തും ഗില്ലസ്പിയും ഷെയ്ൻ വോണും മക്ഗില്ലും ഉൾപ്പെട്ട ബൗളിങ് നിരയാണ്. ഒരിഞ്ച് പോലും വിട്ടുനൽകാത്ത മക്ഗ്രാത്തിന്‍റെ കണിശ ബൗളിങ്. മാരക ടേണുമായി ഷെയ്ൻ വോണും മക്ഗില്ലും. കളി പുരോഗമിച്ചു. ഓരോ ഓവറും കഴിയുമ്പോൾ ഗോമസ് ഗ്യാലറിയിൽ നിന്ന് ലാറക്ക് നേരെ മുഷ്ടി ചുരുട്ടി ‘‘കീപ് ഗോയിങ് ബഡ്ഡി’’ എന്ന് ആംഗ്യം കാണിക്കും.
കുറച്ചുകഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ ആംഗ്യങ്ങളിലൂടെ സംസാരിക്കുന്നത് ഗ്യാലറിയിൽ പലരും ശ്രദ്ധിക്കാൻ തുടങ്ങി. ഗ്യാലറിയിൽ കൗതുകം. നിരവധി പേർ ഗോമസിന് അടുത്തേക്ക് വന്നു. ലാറ തന്‍റെ പതിവ് ഒഴുക്കിലേക്ക് മെല്ലെ മടങ്ങിയെത്തി. സെഞ്ച്വറി പൂർത്തിയാക്കിയതും കാണികൾ പിച്ചിലേക്ക് ഓടിക്കയറി. വൈകാതെ ഡബ്ൾ സെഞ്ച്വറി. ആ ദിവസം അവസാനിക്കുമ്പോൾ 212 ആയിരുന്നു ലാറയുടെ സ്കോർ. ഒരുവിക്കറ്റും പോകാതെ വിൻഡീസ് ആ ദിവസം കടന്നിരിക്കുന്നു.
ആ വൈകുന്നേരവും ഗോമസിന്‍റെ മുറിയിൽ ലാറയെത്തി. തൊപ്പി മാറ്റിയപ്പോൾ വലിയൊരു മുഴ ലാറയുടെ തലയിൽ. തലയോട്ടിക്കുള്ളിൽ ഒരു കോർക്ക് ബോൾ ഇരിക്കുന്നതുപോലെ. മക്ഗ്രാത്തിന്‍റെ ബൗൺസർ തലയുടെ വലതുവശത്ത്, ചെവിക്ക് സമീപത്തായി ഇടിച്ചതാണ്. ആരും അതറിഞ്ഞിരുന്നില്ല. പന്ത് ഹെൽമെറ്റിൽ കൊണ്ടപ്പോൾ പോലും ലാറ വേദനയുടെ സൂചനകൾ കാണിച്ചില്ല. വേറെ ഏതോ മനോനിലയിലായിരുന്നിരിക്കണം അപ്പോൾ ലാറ. ബെഡിൽ കിടന്ന് മുഴയിൽ ഐസ് വെച്ച് തടവിക്കൊണ്ടേയിരുന്നു. അടുത്ത ദിവസം രാവിലെ ഒരു റൺസ് കൂടി എടുത്ത് മക്ഗ്രാത്തിന്‍റെ പന്തിൽ ലാറ ഔട്ടായി. അപ്പോഴേക്കും വിൻഡീസ് ടീം അതിശക്തമായ നിലയിൽ എത്തിക്കഴിഞ്ഞിരുന്നു. വൈകാതെ തകർപ്പൻ ജയവുമായി പരമ്പരയിൽ വിൻഡീസ് 1-1 ന് സമനില പിടിച്ചു. ഫാത്തിമ കോളജിലെ കളികൾ മുതൽ ’93 ൽ ആസ്ട്രേലിയക്കെതിരെ 277 ന് റൺഔട്ടായ ഇന്നിങ്സ്, 375 ന്‍റെ ലോകറെക്കോഡ് തുടങ്ങി സകല ലാറ ഇന്നിങ്സുകളും കണ്ട ഗോമസ് ഒന്നുറപ്പിച്ചു; ഇന്നേവരെ ലാറ കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് ഇതുതന്നെ. പക്ഷേ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ നിലപാട് മാറുമെന്ന് അന്ന് ഗോമസ് അറിഞ്ഞിരുന്നില്ല.
അടുത്ത ടെസ്റ്റിന് രണ്ടാഴ്ചത്തെ ഇടവേളയുണ്ട്. ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ കരീബിയൻ കോട്ടയാണ്. ബാർബഡോസ് ദ്വീപ് ആകട്ടെ കരീബിയൻ ക്രിക്കറ്റിന്‍റെ വിശുദ്ധ ഭൂമികയും. അവിടെ നിന്ന് ദേശീയ ടീമിൽ കളിച്ചവരുടെ പേരുകൾ കേട്ടാൽ ആരുമൊന്ന് കിടുങ്ങും. എവർട്ടൺ വീക്സ്, ജോയൽ ഗാർണർ, ഡെസ്മണ്ട് ഹെയ്ൻസ്, മാൽക്കം മാർഷൽ, ക്ലൈഡ് വാൽക്കോട്ട്, ഫ്രാങ്ക് വോറൽ, ഗോർഡൻ ഗ്രീനിഡ്ജ്. ഇതൊന്നും പോരെങ്കിൽ ഒരു പേര് കൂടി പറയാം; സർ ഗാർഫീൽഡ് സോബേഴ്സ്. വെറും 34 കിലോമീറ്റർ നീളവും 23 വീതിയുമുള്ള, നമ്മുടെ വൈപ്പിനേക്കാൾ അൽപം കൂടുതൽ മാത്രം വലിപ്പമുള്ള, രണ്ടുലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപാണ് ബാർബഡോസ് എന്നുകൂടി ഓർക്കണം.
അവിടെ ടെസ്റ്റ് തോൽക്കാൻ വിൻഡീസ് കഴിയില്ല. അങ്ങനെയധികം തോൽക്കാറുമില്ല. ജമൈക്കയിലെ ഡബിൾ സെഞ്ചുറിക്കും വിജയത്തിനും ശേഷം ലാറയോടുള്ള സമീപനത്തിൽ കരീബിയയിൽ മാറ്റം വന്നിട്ടുണ്ട്. ലാറയുടെ ശിരസിന് വേണ്ടിയുള്ള മുറവിളി തണുത്തിരിക്കുന്നു. ക്ഷിപ്ര കോപികളെന്ന പോലെ തന്നെ ക്ഷിപ്ര പ്രസാദികളുമാണ് കരീബിയൻ ജനത. സ്നേഹിച്ചാൽ അങ്ങേയറ്റം. ട്രിനിഡാഡിന്‍റെ രാജകുമാരൻ തന്‍റെ നഷ്ടരാജ്യം ഏതാണ്ട് തിരിച്ചുപിടിച്ചിരിക്കുന്നു.
ആ ആത്മവിശ്വാസം ടോസിനായി സ്റ്റീവ് വോക്കൊപ്പം മൈതാന മധ്യത്തേക്ക് നടക്കുമ്പോൾ തന്നെ പ്രകടം. കഴിഞ്ഞ കളിയിലെ ഇതേ രംഗത്തിന്‍റെ നേർവിപരീതം. കൊട്ടും പാട്ടും മേളവുമായി കളിക്കുമുമ്പേ ഗ്യാലറി സജീവമായി. ടോസ് നേടിയ സ്റ്റീവ് വോ ബാറ്റിങ് തെരഞ്ഞെടുത്തു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ആസ്ട്രേലിയ 322/4 എന്ന ശക്തമായ നിലയിൽ. 141 റൺസുമായി സ്റ്റീവ് വോയും 65 റൺസോടെ പോണ്ടിങും ക്രീസിൽ. അടുത്ത ദിവസം 199 ൽ വോ വീണു. 104 ന് പോണ്ടിങും. ആസ്ട്രേലിയൻ ഇന്നിങ്സ് 490 ന് അവസാനിച്ചു.
മറുപടിയിൽ ഓപണർ ഷെർവിൻ കാംപ്ബെൽ സെഞ്ച്വറി കുറിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു. 50 റൺസിന് രണ്ടാം വിക്കറ്റ് വീഴുമ്പോൾ ഏതാനും ഓവറുകൾ മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളു. ഏതുകളിയും മാറിമറിയുന്ന സമയമാണിത്. ചെറിയൊരു കണക്കുകൂട്ടൽ പിഴവ് മതി ആ ദിവസത്തെ അധ്വാനം മുഴുവൻ പൊളിയാൻ. മക്ഗ്രാത്തും ഗില്ലസ്പിയും കണിശമായ ലൈനിലും ലെങ്ത്തിലും എറിഞ്ഞുകൊണ്ടിരിക്കുകയാണ്. അവസാന ഓവറുകളിൽ വെറുതെ റിസ്ക് എടുക്കേണ്ടെന്ന കരുതി സെക്കൻഡ് ഡൗണിൽ ഇറങ്ങേണ്ട ലാറ, പകരം നൈറ്റ് വാച്ച്മാനായി പെഡ്രോ കോളിൻസിനെ പറഞ്ഞുവിട്ടു. തീ തുപ്പുന്ന മക്ഗ്രാത്തിന് ഒരു ഇരയേയല്ല കോളിൻസ്. ആദ്യ പന്തിൽ തന്നെ എൽ.ബി.ഡബ്ല്യു. ലാറയുടെ പദ്ധതികൾ പാളി. ഇനിയെന്തായാലും ഇറങ്ങിയേ കഴിയു. കണക്കുകൂട്ടലുകൾ പിഴച്ചതിന്‍റെ അസ്വസ്ഥത ലാറയുടെ ശരീരഭാഷയിൽ പ്രകടം. മക്ഗ്രാത്തിന്‍റെ കുത്തിപ്പൊങ്ങിയ പന്തൊരെണ്ണം നെഞ്ചിലിടിച്ചു. ഒടുവിൽ ഗില്ലസ്പിയുടെ ഷോട്ട്പിച്ച് പന്ത് വിലങ്ങനെ കളിക്കാനുള്ള ശ്രമം വിക്കറ്റിന് പിന്നിൽ ഹീലിയുടെ കൈകളിൽ അവസാനിച്ചു. വിൻഡീസ് ടീം ഭയന്നത് തന്നെ സംഭവിച്ചു. 17 പന്ത് നേരിട്ട ലാറ എട്ടു റൺസുമായി മടങ്ങി. 80/4 എന്ന നിലയിൽ ആ ദിനം കഴിഞ്ഞു. വിൻഡീസ് ആദ്യ ഇന്നിങ്സ് 329 ൽ അവസാനിച്ചു.
രണ്ടാം ഇന്നിങ്സിൽ കോട്നി വാൽഷിന്‍റെ അഞ്ചുവിക്കറ്റ് നേട്ടത്തിൽ കങ്കാരുക്കൾ 146 ൽ ഒതുങ്ങി. വിൻഡീസിന് ജയിക്കാൻ 308 റൺസ്. ഓപണർമാരായ ഷെർവിൻ കാംപ്ബെലും ആഡ്രിയൻ ഗ്രിഫിത്തും കരുതലോടെ തുടങ്ങി. 72ാം റൺസിലാണ് ആദ്യവിക്കറ്റ് വീണത്. അഞ്ച് റൺസ് കഴിഞ്ഞ് വൺ ഡൗൺ ഡേവ് ജോസഫും കൂടാരം കയറി. ആദ്യ ഇന്നിങ്സിലെ അതേ അന്തരീക്ഷം. ഏഴു ഓവർ മാത്രമാണ് അന്ന് ബാക്കി. പിന്നെയും ലാറ പെഡ്രോ കോളിൻസിനെ നൈറ്റ് വാച്ച്മാനാക്കി വിട്ടു. ആദ്യ ഇന്നിങ്സിൽ ഒന്നാം പന്തിൽ കളം വിട്ട കോളിൻസ് ഇത്തവണ ആറു പന്ത് വരെ പോയി. ആറാം പന്തിൽ ആദ്യ ഇന്നിങ്സിന്‍റെ തനിയാവർത്തനം. മക്ഗ്രാത്തിന് മുന്നിൽ എൽ.ബി.ഡബ്ല്യു. ലാറ മൈതാനത്തേക്ക് വരുമ്പോൾ കൂവലുകളുയർന്നു. പിന്നെയും നൈറ്റ് വാച്ച്മാന് പിന്നിൽ ഒളിക്കാൻ ശ്രമിച്ചത് കാണികൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. നേർക്കുനേരെ നിന്ന് പൊരുതുന്ന ലാറയെന്ന ധീരനെ കാണാനാണ് അവർക്കിഷ്ടം. ലാറയുടെ ഇമേജിനെക്കുറിച്ച് ലാറക്ക് പോലുമില്ലാത്ത ആകുലതകളാണ് അവർക്ക്.
നാലാം ദിനം അവസാനിക്കുമ്പോൾ ലാറ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. വിൻഡീസിന് ജയിക്കാൻ ഇനി 223 റൺസ് വേണം. ഏഴുവിക്കറ്റുകൾ ബാക്കി. കെൻസിങ്ടൺ ഓവലിൽ ബാറ്റിങ് ദുഷ്കരമായിക്കൊണ്ടിരിക്കുകയാണെന്ന് ആസ്ട്രേലിയയയുടെ രണ്ടാം ഇന്നിങ്സിലെ തകർച്ചയും വിൻഡീസിന്‍റെ നഷ്ടപ്പെട്ട മൂന്നുവിക്കറ്റുകളും സൂചന നൽകുന്നു. അഞ്ചാം ദിനം പിച്ച് ഇനിയും മോശമാകും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കങ്കാരുജയം ഉറപ്പ്. പക്ഷേ, അത്ഭുതങ്ങളുടെ മധ്യസ്ഥൻ ക്രീസിലുണ്ട്.
കളി കാണാൻ നികോളാസ് ഗോമസും ഫാത്തിമ കോളജിലെ ലാറയുടെ മറ്റൊരു ക്യാപ്റ്റൻ ഹ്യൂഗ് സ്കോട്ടും ബാർബഡോസിലുണ്ട്. നാലാം ദിവസം കളി കഴിഞ്ഞ് ഇരുവരും രാത്രി ഹാർബർ ലൈറ്റ്സ് ബീച്ച് ക്ലബിൽ പോയി. രാത്രി മുഴുവൻ കടപ്പുറത്ത് ചെലവഴിച്ച ശേഷം രാവിലെ അഞ്ചുമണിയോടെ ഹോട്ടലിൽ എത്തി ഉറങ്ങാൻ തുടങ്ങുമ്പോൾ ലാറയുടെ കോൾ. ‘‘നിക്, നീയിപ്പോൾ എന്താണ് ചെയ്യുന്നത്?’’
‘‘ബ്രയൻ നീ വിശ്വസിക്കില്ല, ഞങ്ങളിപ്പോൾ ഹാർബർ ലൈറ്റ്സിൽ നിന്ന് വന്നതേയുള്ളു. ഉറങ്ങാൻ പോകുന്നു’’.
ലാറ: ‘‘നിക്, ബോയ്, എനിക്ക് നിന്‍റെ സഹായം വേണം. ഇന്ന് ഈ ഇന്നിങ്സ് എങ്ങനെ കളിക്കണമെന്ന് എനിക്കൊരു പിടിയുമില്ല.’’
റിസീവർ മാറ്റി പിടിച്ച ശേഷം ഗോമസ് സ്കോട്ടിന് നേരെ തിരിഞ്ഞ് പറഞ്ഞു: ‘‘ബ്രയന് നമ്മുടെ സഹായം വേണം’’.
ഇരുവരും പെട്ടന്ന് വസ്ത്രം മാറി, ആദ്യം കിട്ടിയ കാറിൽ കയറി വിൻഡീസ് ടീം ഹോട്ടലിലേക്ക് പുറപ്പെട്ടു. രാവിലെ 5.30 ആയിക്കാണും. അവർ മുറിയിലെത്തുമ്പോൾ ലാറ അസ്വസ്ഥാനാണ്. മുറിയിൽ തലങ്ങും വിലങ്ങും നടന്നുകൊണ്ടേയിരിക്കുന്നു. തന്‍റെ ബാറ്റിങ് പിഴവുകളെ കുറിച്ച് സ്വയം പരിതപിക്കുന്നു. പണ്ട് ലാറയുടെ ബാറ്റിങ്ങിൽ നേരിയൊരു പിഴവുണ്ടായിരുന്നു. ഫാസ്റ്റ് ബൗളിങിനെ നേരിടുമ്പോൾ പന്ത് എത്തുന്നതിന് തൊട്ടുമുമ്പ് ലാറ ക്രീസിൽ നിന്ന് ഒന്ന് ചാടും. പന്ത് ബാറ്റിലെത്തുമ്പോൾ ലാറ അന്തരീക്ഷത്തിലായിരിക്കും. പന്തിന് മേൽ സമ്പൂർണമായ നിയന്ത്രണം അപ്പോഴുണ്ടാകില്ല. ഈ പ്രശ്നം ആദ്യകാലത്ത് ലാറയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അത് ഇടക്ക് പിന്നെയും വരുന്നുണ്ടോ. ബാർബഡോസിലെ വിക്കറ്റ് ഫാസ്റ്റാണ്. നേരിടുന്നതോ മക്ഗ്രാത്തിനെയും ഗില്ലസ്പിയെയും. ആദ്യ ഇന്നിങ്സിലെ പുറത്താകലാണ് ലാറയെ അലട്ടുന്നതെന്ന് ഗോമസിന് മനസിലായി. ഷോർട്ട് ബാൾ, ചാട്ടം, ഒഴിയൽ, പ്രഹരം-ലാറക്ക് മുന്നിലെ ഭീകരമായ കാഴ്ച. മഹാപ്രതിഭക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.
ആ വിധി നിർണായകമായ പുലരിയിൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വർഷങ്ങൾക്ക് ശേഷം പ്രശസ്ത സ്പോർട്സ് ലേഖകൻ രാഹുൽ ഭട്ടാചാര്യക്ക് നൽകിയ അഭിമുഖത്തിൽ ലാറ ഓർക്കുന്നു: ‘‘ നികോളാസ് ഗോമസ് എന്ന ആത്മാർഥ സുഹൃത്ത് മൈക്കൽ ജോർഡാന്‍റെ (ബാസ്കറ്റ് ബാൾ താരം) പുസ്തകം ഒരിക്കൽ തന്നത് ഞാൻ ഓർക്കുന്നു. ഒരു കളിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ച് വിഷ്വലൈസ് ചെയ്യുന്നതിനെ പറ്റി ഒരു പേജ് മുഴുവനായി തന്നെ അതിൽ എഴുതിയിട്ടുണ്ട്. ആ മെത്തേഡ് കുറച്ചുകാലമായി ഞാനും പരീക്ഷിച്ചിരുന്നു. അതിന്‍റെ വിജയശതമാനം വളരെ വളരെ കൂടുതലാണ്. ബാർബഡോസിൽ ആസ്ട്രേലിയക്കെതിരെ അവസാന ദിവസം ഗോമസിനെ വിളിച്ചുവരുത്തിയത് ഓർക്കുന്നു. രാവിലെ ആറുമണി ആയിരുന്നു അപ്പോൾ. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരായ കളി പ്ലാൻ ചെയ്യുകയായിരുന്നു ഞങ്ങൾ. അതെങ്ങനെ ഫലപ്രാപ്തിയിയെത്തിയെന്നത് മനോഹരമായ അനുഭവമായിരുന്നു.’’
ഹോട്ടൽ മുറിയിലെ കണ്ണാടിക്കുമുന്നിൽ നിന്ന് ലാറ വരാനിരിക്കുന്ന പകലിലെ ഇന്നിങ്സ് കളിക്കാൻ തുടങ്ങി. ക്രമേണ ഒരു ധ്യാനാത്മകമായ അവസ്ഥയിലേക്ക് ലാറ വഴുതി. ഏതാനും മണിക്കൂറിന് ശേഷം മൈതാനത്തിലേക്ക് ബാറ്റുമായി നടക്കുമ്പോൾ ഇന്നലെ തിരികെ കയറിയ ലാറ ആയിരുന്നില്ല അത്. കാണികൾക്ക് അത് മനസിലായില്ല. ആസ്ട്രേലിയൻ ടീമിന് മനസിലായേ ഇല്ല. അവരത് തിരിച്ചറിയുമ്പോഴേക്കും കളി കഴിഞ്ഞിരുന്നു.
ദുഷ്കരമായ ലക്ഷ്യമാണ് 308 എന്നായിരുന്നു കമന്‍ററി ബോക്സിലെ അഭിപ്രായം. വിൻഡീസ് കളിച്ച 350 ലേറെ ടെസ്റ്റുകളിൽ ആകെ മൂന്നുതവണ മാത്രമാണ് ഇതിന് മുമ്പ് നാലാം ഇന്നിങ്സിൽ 300 ലേറെ സ്കോർ ചെയ്തിട്ടുള്ളത്. അതിൽ രണ്ടും 30, 40 വർഷങ്ങൾക്കപ്പുറമാണ്. ഗില്ലസ്പിയുടെ മനോഹരമായ ഔട്ട്സ്വിംഗറിന് ബാറ്റുവെക്കാനുള്ള ചോദനയെ ആദ്യ ഓവറുകളിലൊന്നിൽ നിയന്ത്രിച്ചപ്പോൾ തന്നെ ലാറ തന്‍റെ നയപ്രഖ്യാപനം നടത്തുകയാണെന്ന് വ്യക്തമായി. പന്ത് കുതിച്ചുയർന്ന പിച്ചിലെ ഭാഗത്തേക്ക് സൂക്ഷ്മമായി നോക്കി ഏതാനും നിമിഷം ലാറ അങ്ങനെ നിന്നു. പക്ഷേ, ഗില്ലസ്പിയുടെ കണിശതക്ക് മുന്നിൽ വൈകാതെ ആഡ്രിയൻ ഗ്രിഫിത്ത് വീണു. സ്കോർ 91-4.
ഗില്ലസ്പിയുടെയും മക്ഗ്രാത്തിന്‍റെയും പന്തുകൾ മൂളിപ്പറക്കുകയാണ്. ഒരുതരത്തിലുള്ള റിസ്കും ലാറ എടുക്കുന്നില്ല. ഒടുവിൽ
ഓഫ് സ്റ്റമ്പിലേക്ക് വന്ന മക്ഗ്രാത്തിന്‍റെ ഇൻസിങറിനെ എക്സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്ക് അയച്ച് ലാറ ആദ്യ ബൗണ്ടറി കണ്ടെത്തി. ഏതാനും പന്തുകൾക്കപ്പുറം മക്ഗ്രാത്തിനെതിരെ ആത്മവിശ്വാസം പ്രസരിക്കുന്ന കവർ ഡ്രൈവ്. പക്ഷേ, ചെറിയൊരു മാറ്റം പ്രകടമായിരുന്നു. കവർ ഡ്രൈവ് ചെയ്യുമ്പോഴുള്ള ലാറയുടെ പതിവ് ബാക് ലിഫ്റ്റിലും ഫോളോത്രൂവിലും നേരിയ മാറ്റം. കുറച്ചൊന്ന് നിയന്ത്രിച്ചതുപോലെ. ‘‘brilliant, brilliant. That is an absolutely superb shot. Too much width there for Mcgrath and with the swinging ball. This is a fair shot does leave him the head right over the delivery and just smashes that right through the vacant cover region. beautiful shot straight along the ground’’- കമന്‍ററി ബോക്സിൽ പറഞ്ഞിട്ടും പറഞ്ഞിട്ടും ടോണി ഗ്രെഗിന് മതിയാകുന്നില്ല.
ഷെയ്ൻവോണിനേക്കാലും ആ സീസണിൽ ഒരു പൊടിക്ക് മുകളിലാണ് മക്ഗിൽ. നിയന്ത്രണം കുറവാണെങ്കിലും മക്ഗില്ലിന്‍റെ അതിഭീകരമായ ടേൺ മിക്ക ബാറ്റ്സ്മാൻമാരെയും കുഴക്കുന്ന മാസങ്ങൾ. ഓഫ്സ്റ്റമ്പിന് പുറത്തുവീണ് മിഡിൽ സ്റ്റമ്പിലേക്ക് കുത്തിത്തിരിഞ്ഞ മക്ഗില്ലിന്‍റെ പന്തൊരെണ്ണം ഫോർവേഡ് ഡിഫൻസ് ചെയ്ത ലാറയുടെ പാഡിലിടിച്ചു. കങ്കാരുനിര ഒന്നടങ്കം ശബ്ദായമാനമായ അപ്പീലുയർത്തി. വിൻഡീസ് ആരാധകരുടെ ശ്വാസം ഒരുനിമിഷം നിലച്ചു. പക്ഷേ, അമ്പയർ ഡേവിഡ് ഓർച്ചാഡ് അനങ്ങിയില്ല. റീപ്ലേയിൽ ഓർച്ചാഡിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ഡി.ആർ.എസിന് മുമ്പുള്ള കാലമായത് ഭാഗ്യം. അപകടകരമായ കളി ആയിപ്പോയെന്ന് കമന്‍റേറ്റർമാർ വിലയിരുത്തി.
പക്ഷേ, അതുവെച്ച് തന്‍റെ മേൽ മാനസികാധിപത്യം പുലർത്താമെന്ന് മക്ഗിൽ കരുതിയാൽ തെറ്റിയെന്ന് തെളിയിക്കാൻ ലാറക്ക് ഔത്സുക്യം കൂടി. സമാനമായ അടുത്ത പന്ത് ക്രീസിൽ നിന്ന് ചാടിയിറങ്ങി ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറിയിലേക്ക് പറപ്പിച്ചു. ‘‘nice use of the feet and he' s got under that one and ripped it away over midwicket for four’’. കമന്‍ററി ബോക്സിൽ ടോണി കോസിയർ ഇതു പറഞ്ഞതിന് പിന്നാലെ രണ്ടാമൻ കൂട്ടിച്ചേർത്തു: ‘‘it's the way he plays down the track and up and over . extremely safe shot for the left hander’’. സ്പിന്നർമാരുടെ സുരക്ഷക്കായി ഡീപ് മിഡ് വിക്കറ്റിലോ ഡീപ് സ്ക്വയർ ലെഗിലോ ഫീൽഡറെ നിയോഗിക്കുന്ന കാര്യം സ്റ്റീവ് വോ പരിഗണിക്കേണ്ടതാണെന്നും അഭിപ്രായമുയർന്നു.
തൊട്ടടുത്ത പന്തിലും അതേ ഷോട്ട്, അതേ ഫലം. കമന്‍റേറ്റർമാർ ശ്രദ്ധിച്ച അതേ ഫീൽഡിങ് പൊസിഷനിലേക്ക് തന്‍റെ ടീമിലെ ഏറ്റവും ജാഗ്രതയുള്ള ഫീൽഡർ റിക്കി പോണ്ടിങിനെ സ്റ്റീവ് വോ വിന്യസിച്ചു. തൊട്ടടുത്ത പന്ത് ഫുൾടോസ്. ലാറയുടെ ഷോട്ട് പിഴച്ചു. പന്ത് ബൗളറുടെ വലതുവശത്തേക്ക് ദുർബലമായി നീങ്ങി. ചാടി നോക്കിയെങ്കിലും ഒരു പൊടിക്ക് മക്ഗില്ലിന്‍റെ വിരലുകൾക്കപ്പുറത്തു കൂടി സുരക്ഷിതമായി പന്ത് നിലംതൊട്ടു.
ബാർബഡോസിലെ പൊരിവെയിലിൽ മക്ഗ്രാത്തും ഗില്ലസ്പിയും തളരാതിരിക്കാൻ ഇടക്ക് തന്‍റെ മിലിറ്ററി മീഡിയം പേസുമായി സ്റ്റീവ് വോ തന്നെ രംഗത്തെത്തി. നെഞ്ചൊപ്പം പൊങ്ങിയ ഷോട്ട് പിച്ച് കൊണ്ട് ലാറയെ പരീക്ഷിക്കാൻ വോ തീരുമാനിച്ചു. മക്ഗ്രാത്തിന്‍റെ ബൗൺസറിൽ കുലുങ്ങാത്ത ലാറക്കുണ്ടോ, സ്റ്റീവ് വോയെ വല്ല വിലയും. ഡീപ് സ്ക്വയർ ലെഗിൽ ഒരു ബൗണ്ടറി കൂടി.
അതിനിടക്ക് കാൾ ഹൂപ്പർ പുറത്തായിരുന്നു. ശേഷം ആറാം വിക്കറ്റിൽ ജിമ്മി ആഡംസുമൊത്തുമുള്ള കൂട്ടുകെട്ട് പടുത്തുയർത്തുന്നതിലാണ് ലാറയുടെ ശ്രദ്ധ മുഴുവൻ. മുമ്പ് ഇന്ത്യയിൽ പര്യടനത്തിനെത്തിയപ്പോൾ ഇന്ത്യൻ സ്പിൻ ആക്രമണത്തെ സമ്പൂർണ പ്രതിരോധ ബാറ്റിങ് വഴി നിർവീര്യമാക്കി ‘പാഡംസ്’ എന്ന് പേര് സമ്പാദിച്ച ആഡംസ് ലാറക്ക് ചേർന്ന കമ്പനിയായി. മറുവശത്ത് വിക്കറ്റ് വീഴാതിരുന്നാൽ ലാറക്ക് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാം. ആ ഭാഗം ഭംഗിയായി നിർവഹിക്കുകയാണ് ആഡംസ്.
ലഞ്ചിന് പിരിയുമ്പോൾ 161/5 എന്നതാണ് നില. വിൻഡീസിന് ജയിക്കാൻ ഇനിയും 147 റൺസ് വേണം. 44 റൺസുമായി ലാറ.
തിരിച്ചെത്തുമ്പോൾ ഒരു വശത്ത് വോൺ ആണ് ബൗളിങ്. പൊട്ടിത്തകർന്ന അഞ്ചാം ദിന വിക്കറ്റിൽ നിന്ന് കാര്യമായ സഹായം വോണിന് ലഭിക്കുന്നുണ്ട്. ആഡംസ് ഇടക്ക് പതറുന്നുണ്ടെങ്കിലും കുംബ്ലെ, രാജു തുടങ്ങിയവരെ വിജയകരമായി നേരിട്ടതിന്‍റെ മുൻപരിചയം മുതൽക്കൂട്ടായി.
തന്ത്രങ്ങളുടെ തമ്പുരാനാണ് വോൺ. പലതും മാറി മാറി പരീക്ഷിക്കുന്നുണ്ട്. പക്ഷേ, ലാറക്ക് മുന്നിൽ ഒന്നും വിലപ്പോകുന്നില്ല. ലാറയെ പ്രലോഭിപ്പിക്കാനെന്ന മട്ടിൽ ചില ഷോട്ട് പിച്ച്ഡ് പന്തുകളൊക്കെ തൊടുക്കുന്നുമുണ്ട്. അതിനൊക്കെ കൃത്യമായ ഫീൽഡും സെറ്റ് ചെയ്തിരിക്കുന്നു. പൊടുന്നനെ, ഓഫ് സ്റ്റമ്പിന് വളരെ അകലെ, ഏതാണ്ട് പിച്ചിന് പുറത്തെന്നോണം പിച്ച് ചെയ്തൊരു പന്ത് അതിഭീകരമായി കുത്തിത്തിരിഞ്ഞ് ലാറയുടെ ഇടുപ്പിന്‍റെ ഉയരത്തിൽ കുതിച്ചെത്തി. ആ പന്തിനെ നേരിടാൻ ലാറ ക്രീസിൽ സ്വയം അഡ്ജസ്റ്റ് ചെയ്ത കാഴ്ച പുതിയ കളിക്കാർക്ക് പാഠമാണ്. ലാറയുടെ കൗശലത്തിന്‍റെ നിദർശനവും. ആദ്യമൊന്ന് മുന്നോട്ടാഞ്ഞ ശേഷം ഒരൊറ്റ ഞൊടിയിൽ പിന്നിലേക്ക് മാറി ഡീപ് മിഡ് വിക്കറ്റിന് മുകളിലേക്ക് പന്തിനെ പായിച്ചു. ഷെൽ കമ്പനിയുടെ മഞ്ഞ ലോഗോ പെയിന്‍റ് ചെയ്ത ഗ്രീനിഡ്ജ് ആൻഡ് ഹെയ്ൻസ് സ്റ്റാൻഡിന് മുകളിലെ പഴയ ആസ്ബറ്റോസ് മേൽക്കൂരയിലിടിച്ച് പന്ത് ഉരുണ്ട് ഗ്രൗണ്ടിലേക്ക് വന്നു വീണു. ആസ്ബറ്റോസ് ഷീറ്റിൽ പന്ത് വീഴുന്നതിന്‍റെ ശബ്ദത്താൽ കെൻസിങ്ടൺ ഓവൽ പ്രകമ്പനം കൊണ്ടു. ‘‘long hop and he's got that out of the ground. its gone right on top of the greendige and haynes stand. spotted that very very quickly and races to his 50 with a maximum. but what an unbelievable response from brian lara... this ball's gone miles .... the top of the roof ... and that is a brilliant response to ah...attacking fielding position... just slightly short of the length and brian lara quickly onto the back foot and..... that is out of here...’’. കമന്‍ററി ബോക്സിൽ മൈക്കിന് വേണ്ടി കമന്‍റേറ്റർമാർ മത്സരിച്ചു. ആ സിക്സറോടെ ലാറ 50 തികച്ചു.
രണ്ടു പന്തിന് ശേഷം സമാനമായ മറ്റൊരു പന്ത്, ഇത്തവണ ലേശം താഴ്ന്നിട്ടാണ്. ബാക് ഫൂട്ടിൽ ലാറ കട്ട് ചെയ്തു. തേഡ്മാൻ വഴി പന്ത് അതിർത്തി വരയിലേക്ക് കുതിച്ചു. ‘‘this is brilliant batting from brian lara.. he's responded to a little bit of agression from the australians.... just taken the bull by the horns.. and played his shots... and that is beautiful late cut ... waited for the ball to come to him... just brilliant timing’’.. ലാറ പുകഴുകൾ മൈക്കിലൂടെ ഒഴുകിപ്പരന്നു.
തേഡ്മാനെ പിൻവലിച്ച് സെക്കൻഡ് സ്ലിപ്പിലും ഗള്ളിയിലും പോയിന്‍റിലും ഫീൽഡറെ വിന്യസിച്ച് സ്റ്റീവ് വോ തന്നെ വീണ്ടും രംഗത്തിറങ്ങി. ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത് വന്ന ഇൻകട്ടറിനെ ഗള്ളിക്കും പോയിന്‍റിനുമിടയിലെ സൂചിപ്പഴുതിലൂടെ ബൗണ്ടറിയിലേക്ക് യാത്ര അയച്ചായിരുന്നു ലാറയുടെ സ്വീകരണം. തേഡ്മാനിലേക്ക് ഉടനടി ആളുപോയെങ്കിലും സ്റ്റീവ് വോയുടെ തന്ത്രം വേറെയായിരുന്നു. മിഡിൽ, ലെഗ് സ്റ്റമ്പ് ലൈനിൽ പിച്ച് ചെയ്ത അടുത്ത പന്ത് ലാറയുടെ ഗ്ലൗവിലിരുമ്മി, ഇല്ല എന്ന മട്ടിൽ ലെഗ് സൈഡിലൂടെ ഹീലിയുടെ കൈകളിലെത്തി. തലനാരിഴക്കുള്ള രക്ഷപ്പെടൽ. നിരുപദ്രവകരമെന്ന് തോന്നിക്കുന്ന സ്റ്റീവ് വോയുടെ പന്തുകൾ അപകടത്തിലേക്കുള്ള ക്ഷണമാകുന്നതിനെ കുറിച്ച് കമന്‍റേറ്റർമാർ ഓർമിപ്പിച്ചു. അടുത്ത പന്ത്, പിച്ച് മധ്യത്തായി കുത്തിയുയർന്ന് ഒന്നാം സ്ലിപ്പിലേക്കുള്ള സഞ്ചാരത്തിലാണ്. ഇന്നത്തെ കരുതൽ മൂഡിൽ ലാറ വിട്ടുകളഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കാവുന്ന പന്ത്. പക്ഷേ, വന്യമായ കരുത്തോടെ ലാറ മിഡോണിലേക്ക് പ്രഹരിച്ചു. അവിടെ ഫീൽഡർ ഉണ്ടെന്നതൊന്നും ലാറക്ക് വിഷയമല്ല. പന്തിനെ കുറിച്ച് ഫീൽഡർ തിരിച്ചറിയുന്നതിന് മുമ്പേ ബൗണ്ടറിയിലെ പരസ്യപ്പലകയിൽ അത് വന്നിടിച്ചു. ‘‘that's disdainful... absolute disdain...well, this is almost ridiculous.. brian lara knows that ... ’’ ബാർബേഡിയൻ ആക്സന്‍റിൽ ടോണി കോസിയറിന്‍റെ പ്രതികരണം.
തന്ത്രങ്ങളൊന്നും ഏശുന്നില്ലെന്ന് കണ്ടപ്പോൾ തന്‍റെ തുറുപ്പുചീട്ട് തന്നെ ഒരിക്കൽ കൂടി വീശാൻ സ്റ്റീവ് വോ തീരുമാനിച്ചു. ലഞ്ചിന് ശേഷം ആദ്യമായി മക്ഗ്രാത്ത് രംഗത്ത്. മക്ഗ്രാത്ത് വരുമ്പോഴെല്ലാം എന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്. മക്ഗ്രാത്തിന്‍റെ ഷോർട്ട് പിച്ച്ഡ് പന്ത് ജഡ്ജ് ചെയ്യുന്നതിൽ ലാറക്ക് പിഴച്ചു. കുനിഞ്ഞ് ഒഴിഞ്ഞുമാറുന്നതിനുള്ള ശ്രമത്തിനിടെ ഹെൽമെറ്റിന് പിന്നിൽ പന്തുവന്നിടിച്ചു. ഹെൽമെറ്റ് ഒന്നിളകി. ലാറ ക്രീസിൽ വീണു. എഴുന്നേറ്റ് റൺസിനായി ഓടിയ ലാറ ബൗളിങ് ക്രീസിലെത്തുമ്പോൾ അടുത്ത പന്തിനായി മക്ഗ്രാത്ത് തിരികെ നടക്കുകയാണ്. കഴിഞ്ഞ ടെസ്റ്റിലും മക്ഗ്രാത്തിന്‍റെ പന്ത് ലാറയുടെ തലയിൽ കൊണ്ടിരുന്നു. അതിന്‍റെ മുഴ കുറേ ദിവസമുണ്ടായിരുന്നു. ഇത്തവണ പക്ഷേ, ലാറക്ക് നന്നേ കലി കയറി. മക്ഗ്രാത്തിന് നേരെ പാഞ്ഞടുത്തു. കൊന്നത്തെങ്ങ് പോലെ നിൽക്കുന്ന മക്ഗ്രാത്തിന്‍റെ തോളൊപ്പം മാത്രം ഉയരമുള്ള ലാറ ശരീരം കൊണ്ട് ഇടിച്ചു. മക്ഗ്രാത്ത് ഇടുപ്പിൽ രണ്ടുകൈകളും കുത്തി തിരിഞ്ഞു നിന്നു. വാക്കേറ്റമായി. അപ്പോഴേക്കും അമ്പയർ എഡ്ഡി നിക്കോൾസ് അടുത്തേക്ക് നടന്നത്തെി. ലാറ അദ്ദേഹത്തോട് പരാതിപ്പെട്ടു. സംഘർഷം മൂക്കുമെന്ന ഘട്ടമായപ്പോൾ സഹകളിക്കാരൻ വന്നു മക്ഗ്രാത്തിനെ വിളിച്ചുകൊണ്ടുപോയി. വഴങ്ങാതെ ലാറ നിന്ന് കയർക്കുകയാണ്.
അപ്പോഴേക്കും മറ്റേ എൻഡിൽ നിന്ന് ജിമ്മി ആഡംസ് ഓടിയെത്തി, ക്യാപ്റ്റന്‍റെ തോളിലൂടെ കൈയിട്ട് പിന്നിലേക്ക് നടത്തിച്ചു. പിന്നെയും ലാറ അമ്പയറോട് പരാതിപ്പെട്ടുകൊണ്ടേയിരുന്നു. സന്യാസ സമാനമായ ശാന്തതയോടെ അതുവരെ ബാറ്റ് ചെയ്തിരുന്ന ലാറയുടെ നില തെറ്റിയിരിക്കുന്നു എന്ന് എല്ലാവർക്കും മനസിലായി. വാശി മൂത്താൽ ലാറയെ പിടിച്ചാൽ കിട്ടില്ല. ചിലപ്പോൾ അത് നാശത്തിലേക്കുള്ള വഴിയുമാകും. ഇനി എന്തും സംഭവിക്കാം. കങ്കാരുക്കൾക്കും അതറിയാം. അവർ പ്രതീക്ഷിച്ചിരുന്ന വാതിൽ തുറക്കപ്പെടുകയാണോ?
കാണികൾ പക്ഷേ, ഇങ്ങനെയൊന്നുമല്ല ചിന്തിക്കുന്നത്. നമ്മുടെ മണ്ണിൽ വന്ന് ലാറയെ ഒരാൾ വെല്ലുവിളിച്ചിരിക്കുകയാണ്. അതിന് നല്ല തിരിച്ചടി കൊടുക്കണം. അവർ ആർത്തുവിളിക്കാൻ തുടങ്ങി. പക്ഷേ, ജിമ്മി ആഡംസ് ആണ് ക്രീസിൽ. അടുത്ത പന്തിനായി കാത്തുനിൽക്കുന്ന മക്ഗ്രാത്ത് അതൃപ്തിയോടെ തലയാട്ടിക്കൊണ്ടേയിരുന്നു. ദേഷ്യം പിടിച്ചിട്ടെന്ന വണ്ണം പാന്‍റിൽ പന്ത് ഉരസുകയും ചെയ്യുന്നു. ആഡംസിന്‍റെ പാഡിനെ ലക്ഷ്യമാക്കിയായിരുന്നു പന്ത്. ഫോർവേഡ് ഡിഫൻസ് കളിച്ച ആഡംസിന്‍റെ ബാറ്റിൽ തട്ടി പന്ത് സില്ലി മിഡോണിനും ഷോർട്ട് മിഡ് വിക്കറ്റിനുമിടയിലേക്ക് ഉരുണ്ടു. അവിടെ രണ്ടു ഫീൽഡർമാരുണ്ട്. സാധാരണ ടെസ്റ്റ് നിലവാരത്തിൽ റൺസിന് ശ്രമിക്കാറില്ല. പക്ഷേ, ആഡംസിന് ലാറയെ അറിയാം. എത്രയും വേഗം സ്ട്രൈക്ക് തിരികെ കിട്ടാനാകും ലാറ ആഗ്രഹിക്കുക എന്ന് നന്നായി അറിയാം. ആഡംസ് ചിന്തിക്കുന്നതിന് മുന്നേ ലാറ ഓടിത്തുടങ്ങിയിരുന്നു. ശരവേഗത്തിൽ റൺസ് പൂർത്തിയാക്കി, ലാറ സ്ട്രൈക്ക് തിരിച്ചുപിടിച്ചു.
ഗ്യാലറിയിൽ ആരവം. കളത്തിൽ സംഘർഷം കനത്തു. സ്റ്റീവ് വോ ഫീൽഡിൽ എന്തെക്കെയോ മാറ്റം വരുത്തി. പന്തെറിയാൻ മക്ഗ്രാത്ത് പതിവും അധികം സമയമെടുത്തു. മറ്റൊരു ഷോട്ട് പിച്ച് പന്ത്. ഫോർത്ത് സ്റ്റമ്പ് ഗാർഡിൽ നിന്ന് ഒറ്റ കുതിപ്പിലൂടെ മിഡിൽ സ്റ്റമ്പ് ലൈനിലെത്തിയ ലാറയുടെ ട്രേഡ്മാർക്ക് പുൾ ഷോട്ട്. പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടന്നു. ഗ്യാലറി പൊട്ടിത്തെറിച്ചു. ഫോളോത്രൂവിന് പിന്നാലെ ബൗളിങ് എൻഡിലേക്ക് ഓടിവന്ന ലാറയെ നോക്കാതെ മക്ഗ്രാത്ത് പിന്തിരിഞ്ഞു നടന്നു. മുഖത്തേക്ക് മാടിവീഴുന്ന നീളൻമുടി പിന്നിലാക്കുന്ന ഭാവത്തിൽ മുടിയധികമില്ലാത്ത മക്ഗ്രാത്ത് തലവെട്ടിച്ചു. ബൗളിങ് മാർക്കിൽ പോയി നിന്ന് പന്ത് പാന്‍റിൽ ഉരസി മിനുക്കാൻ തുടങ്ങി. പോക്കറ്റ് ഭാഗത്തെ പതിവ് ഉരസൽ സ്ഥലത്ത് തൃപ്തി പോരാഞ്ഞിട്ട് കുനിഞ്ഞ് നിന്ന് പിൻതുടയുടെ ഭാഗത്ത് ആഞ്ഞുരസുകയാണ്. കളിയുടെ സംഘർഷവും ലാറയുമായുള്ള കൊമ്പുകോർക്കലും മക്ഗ്രാത്തിനെയും അസ്വസ്ഥനാക്കിയിരിക്കുന്നുവെന്ന് വ്യക്തം.
അടുത്ത പന്ത് വീണ്ടും പുൾ ചെയ്യാൻ ലാറയുടെ ശ്രമം. പക്ഷേ, കണക്ട് ചെയ്യാനായില്ല. ശരീരത്തിലിടിച്ച് പിച്ചിൽ വീണ പന്തിൽ ഒരു റൺസ് ലാറ ഓടിയെടുത്തു. പന്തെടുക്കാൻ മുന്നിലേക്കോടിയ മക്ഗ്രാത്തും ലാറയും വീണ്ടും അടുത്തുവന്നെങ്കിലും പൊടുന്നനെ ഇരുവരും പിൻമാറി. തൽകാലം കുറച്ചുനേരം ലാറയെ സ്ട്രൈക്കിൽ നിന്ന് മാറ്റി നിർത്താൻ ആഡംസ് ശ്രദ്ധിക്കണമെന്ന് കമന്‍ററി ബോക്സിൽ മൈക്കൽ ഹോൾഡിങിന്‍റെ ഉപദേശം. ആ ഓവർ കഴിയുമ്പോൾ 12ാമൻ വെള്ളവുമായി ലാറക്ക് അരികിലെത്തി. പവലിയനിൽ സശ്രദ്ധം കളി കണ്ടിരിക്കുന്ന ടീം മാനേജർ ക്ലൈവ് ലോയ്ഡിന്‍റെ എന്തെങ്കിലും സന്ദേശമായിരിക്കാം.
പിന്നാലെ മറ്റേ എൻഡിൽ ഗില്ലസ്പി എത്തി. ഇടക്കിടെ ലാറയെ നല്ല പന്തുകൾ കൊണ്ട് പരീക്ഷിച്ചെങ്കിലും ബൗണ്ടറികൾ വിട്ടുകാടുക്കുന്നതിലും ഗില്ലസ്പിക്ക് പിശുക്കൊന്നുമില്ലായിരുന്നു. വൈകാതെ വോണിനെ ബൗണ്ടറി കടത്തി ലാറ സെഞ്ചുറിയിലെത്തി. തുടർച്ചയായി രണ്ടാം ടെസ്റ്റിലും സെഞ്ചുറി. പക്ഷേ, ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. സ്കോർ 238 ൽ എത്തി നിൽക്കെ ജിമ്മി ആഡംസിന്‍റെ 125 പന്തുകൾ നീണ്ട പ്രതിരോധം മക്ഗ്രാത്ത് തകർത്തു. 38 റൺസുമായി ആഡംസ് മടങ്ങുമ്പോൾ നാലുവിക്കറ്റ് മാത്രം ബാക്കിയിരിക്കെ വിൻഡീസിന് ജയിക്കാൻ 70 റൺസ് വേണം. ആസ്ത്രേലിയ എത്രയോ നേരമായി പ്രതീക്ഷിക്കുന്ന പിടിവള്ളി. ഇത്തരം ടൈറ്റ് മത്സരങ്ങളിൽ പെട്ടന്നുള്ള വിക്കറ്റ് അണക്കെട്ടിന്‍റെ ഗേറ്റ് തുറക്കുന്ന ഫലമാകും ചെയ്യുക.
10 റൺസ് കൂടി കഴിയുമ്പോൾ റിഡ്ലി ജേക്കബ്സിനെയും നെഹമിയ പെറിയെയും അടുത്തടുത്ത പന്തുകളിൽ പുറത്തായി കങ്കാരുക്കളെ മക്ഗ്രാത്ത് കളിയിലേക്ക് പൂർണമായും തിരിച്ചുകൊണ്ടുവന്നു. ബാറ്റിങ് വഴങ്ങാത്ത ആംബ്രോസും വാൽഷും മാത്രം ശേഷിക്കെ 60 റൺസ് വേണം. മക്ഗ്രാത്തും ഗില്ലസ്പിയും താളം കണ്ടെത്തിയിരിക്കുന്നു. ലാറയുടെ പോരാട്ടം എന്തായാലും പകുതിവഴിയിൽ അവസാനിക്കുമെന്ന് എല്ലാവരും വേദനയോടെ ഉറപ്പിച്ചു. ഗ്യാലറി മ്ലാനമായി. ഡ്രസിങ് റൂമിൽ മുഖങ്ങൾ വാടി. എട്ടാം വിക്കറ്റായി നെഹമിയ പെറി മടങ്ങുമ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ ഊരിപ്പിടിച്ച ഹെൽമറ്റുമായി ഭൂമിയിലേക്ക് നോക്കി നിൽക്കുകയായിരുന്നു ലാറ. കഠിനമായ നിരാശ ആ മുഖത്ത് പടർന്നു. പിന്നാലെ ടീ ബ്രേക്കായി.
അവസാന സെഷനിൽ വിൻഡീസിന് ജയിക്കാൻ 54 റൺസ്. ആസ്ത്രേലിയക്ക് വേണ്ടത് രണ്ടേരണ്ടു വിക്കറ്റ്. ടീക്ക് ശേഷം ലാറ ഗിയർ മാറ്റി. ആദ്യ രണ്ടുസെഷനിലെയും നിയന്ത്രിതഭാവം വിട്ടു ആക്രമണ മൂഡിലേക്ക് തിരിഞ്ഞു. മക്ഗ്രാത്തിനെ ബൗണ്ടറിയടിച്ച് തുടങ്ങിയ ലാറ, അടുത്ത ഓവറിൽ വോണിനെ ഒറ്റക്കൈയിൽ സ്വീപ് ചെയ്തു. പിന്നെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി. വയസൻമാർ വടി കുത്തിപ്പിടിച്ച് നിൽക്കുന്നതുപോലെ ബാറ്റിങ് ക്രീസിൽ ആംബ്രോസ് മക്ഗ്രാത്തിനെ നേരിടാൻ നിൽക്കുമ്പോഴെല്ലാം കാണികളുടെ ചങ്കിടിക്കും. ഓരോ പന്തും ഓരോ പോരാട്ടങ്ങളായി. പക്ഷേ, ആംബ്രോസ് യഥാർഥ പോരാളിയുടെ നിറം കാട്ടി. മക്ഗ്രാത്തിന്‍റെയോ വോണിന്‍റെയോ വിരട്ടലുകളിലൊന്നും വീഴാതെ പിടിച്ചുനിന്നു. ഇടക്ക് ഫൈൻ ലെഗ് വഴി മക്ഗ്രാത്തിനെ ബൗണ്ടറിയിലേക്കും അയച്ചു. ആ ഫോർ കഴിഞ്ഞപ്പോൾ ലക്ഷ്യം 28 ആയി ചുരുങ്ങി.
വിജയം അപ്പോഴും ഒരു വിദൂര സ്വപ്നം പോലെ അകന്നുതന്നെ നിന്നു. ഏതുനിമിഷവും ആംബ്രോസ് വീഴാം. പിന്നെ വാൽഷിന്‍റെ കാര്യം നോക്കാനുമില്ല. ഒരിക്കൽ കൂടി മക്ഗ്രാത്തിന്‍റെ ബൗൺസർ ലാറയുടെ ഹെൽമെറ്റിന്‍റെ ഗ്രില്ലിലിടിച്ചു. ആംബ്രോസ് നോൺസ്ട്രൈക്കർ എൻഡിൽ നിന്ന് നടന്നുവന്ന് ലാറയെ സമാധാനിപ്പിച്ചു. അതേ ഓവറിൽ ആംബ്രോസ് സ്ട്രൈക്കിലെത്തി. ഓഫ് സ്റ്റമ്പിന് വളരെ അകലെ കൂടി സെക്കൻഡ് സ്ലിപ്പിലേക്ക് പോയിക്കൊണ്ടിരുന്ന പന്തിൽ ഒരു ആവശ്യവുമില്ലാതെ ആംബ്രോസ് ബാറ്റുവെച്ചു. പന്ത് ജന നിബിഡമായ സ്ലിപ് -പോയിന്‍റ് - ഗള്ളി മേഖലയിലേക്ക് പറന്നു. പക്ഷേ, ഭാഗ്യം വിൻഡീസിനൊപ്പമായിരുന്നു. ഫീൽഡർമാർക്കിടയിലൂടെ സുരക്ഷിതമായി നിലത്ത് വീണ പന്ത് തേഡ്മാൻ ബൗണ്ടറി കടന്നു. തന്‍റെ നിർഭാഗ്യം വിശ്വസിക്കാനാകാതെ മക്ഗ്രാത്ത് മുഖംപൊത്തി നിലത്തിരുന്നുപോയി. ആംബ്രോസിന്‍റെ ചുണ്ടിൽ ഒരു വികൃതിച്ചിരി വിടർന്നു. മെല്ലെ ലാറക്ക് അടുത്തേക്ക് പോയി ഗ്ലൗവിൽ മുട്ടി. ലക്ഷ്യം 13.
രണ്ട് ഓവർ കഴിഞ്ഞില്ല, ഗില്ലസ്പിയുടെ പന്തിൽ സമാനമായ അവസരം ലാറയും നൽകി. എഡ്ജ് എടുത്ത് സ്ലിപ്പിലേക്ക് പോയ പന്തിനായി ഹീലി പറന്നെങ്കിലും ക്യാച്ച് ഡ്രോപ്പായി. ഹീലി ചാടിയില്ലായിരുന്നെങ്കിൽ സ്ലിപ്പിലെ ഷെയ്ൻ വോണിന് അനായാസ ക്യാച്ച് ആകുമായിരുന്നു. ലാറ സ്വയം എന്തോ ഉരുവിട്ടു. തലയാട്ടി. അടുത്ത പന്തിൽ സിംഗിൾ. ലക്ഷ്യം ആറ്. ഓവറിൽ ഇനി നാലു പന്തുകൂടിയുണ്ട്, ആംബ്രോസിന് നേരിടാൻ.
ആംബ്രോസിനായി മൂന്ന് സ്ലിപ്പ്, പോയിന്‍റ്, ഗള്ളി, കവർ ഫീൽഡ് തയാറായി. ആസ്ത്രേലിയൻ കെണിയിലേക്ക് ആംബ്രോസ് നടന്നുകയറി. ശരീരത്തിന് വളരെ അകലെ കൂടി പോയ പന്തിൽ ബാറ്റുവെച്ചു. മൂന്നാം സ്ലിപ്പിൽ എലിയറ്റ് പിഴവൊന്നും വരുത്തിയില്ല. ആംബ്രോസിന്‍റെ ഒന്നരമണിക്കൂറും 39 പന്തും നീണ്ട ജാഗ്രത അവസാനിച്ചു. നാലു പന്ത് കളിക്കാൻ ആംബ്രോസിനെ വിട്ട ലാറക്ക് പിഴച്ചുവെന്ന് ടോണി ഗ്രെഗ്. സ്വയം പഴിച്ചുകൊണ്ട്, ലാറയുടെ മുഖത്തുപോലും നോക്കാതെ ആംബ്രോസ് മടങ്ങി.
ഈ ഓവറിൽ ഇനി മൂന്നു പന്തുകൾ കൂടി ബാക്കിയുണ്ട്. അവസാനമായി ഇറങ്ങാനുള്ളത് വാൽഷ്. ലാറ നിസ്സഹായനായി നോക്കി നിൽക്കെ വിൻഡീസ് തോൽവിയിലേക്ക് നീങ്ങുകയാണോ? ആംഗാർഡും ചെസ്റ്റ് ഗാർഡുമൊക്കെ ധരിച്ചാണ് വാൽഷിന്‍റെ വരവ്. പിച്ചിലെത്തും മുമ്പ് ആകാശത്തേക്ക് ഒനന് പാളി നോക്കി. ലാറ അടുത്തെത്തി എന്തൊക്കെയോ പറഞ്ഞു. തോളുകുലുക്കി, ബാറ്റ് ക്രീസിലിടിച്ച് വാൽഷ് റെഡിയായി.
ഓവറിലെ നാലാമത്തെ പന്താണ്. പുറത്തേക്ക് പോയ പന്തിന് തന്‍റെ ബാറ്റ് ഒരു ശല്യമാകേണ്ടന്ന് കരുതി വാൽഷ് അവസാന നിമിഷം അതിനെ കക്ഷത്തിലേക്ക് തിരുകി. പക്ഷേ, നോബോളായിരുന്നു അത്. ചുരുക്കത്തിൽ ലക്ഷ്യത്തിന് ഒരു റൺസ് കുറഞ്ഞെങ്കിലും വാൽഷിന് നേരിടാൻ ഇനിയും മൂന്നു പന്തുകൾ. ആംബ്രോസിന് നൽകിയതുപോലെയുള്ള ഫീൽഡാണ് വാൽഷിനും ഒരുക്കിയത്. പക്ഷേ, പിന്നീട് ഫോർവേഡ് ഷോർട്ട് ലെഗിൽ കൂടി ആളെ നിർത്തി സ്ക്രൂ ഒന്നുകൂടി മുറുക്കി, സ്റ്റീവ് വോ. അതുകണ്ട് ലാറ വാൽഷിന് അടുത്തേക്ക് വന്ന് എന്തോ മന്ത്രിച്ചു. യോർക്കർ അല്ലെങ്കിൽ ബൗൺസർ എന്ന് ടോണി ഗ്രെഗ് പ്രവചിച്ചു. പക്ഷേ, ലെഗ്സ്റ്റമ്പിലേക്ക് വന്ന ആ സാധാരണ പന്ത് എങ്ങനെയോ വാൽഷ് മുട്ടിയിട്ടു. ചെറുചിരിയോടെ ലാറ വീണ്ടും വാൽഷിന് അടുത്തെത്തി.
അടുത്തത് അതിമാരകമായ യോർക്കർ. വാൽഷിന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു ആ പന്തിലെന്ന് നിസ്സംശയം പറയാം. ഏഴടിയോളം ഉയരമുള്ള വാൽഷ് മിന്നൽവേഗത്തിൽ ബാറ്റ് പന്തിന് അടുത്തെത്തിച്ചു. യോർക്കർ പന്ത് ക്രീസിന് തൊട്ടുമുന്നിലായി നിശ്ചലമായി. അവസാന പന്തും വിജയകരമായി വാൽഷ് തട്ടിയിട്ടു.
എല്ലാം ഇനി ലാറയുടെ കൈകളിൽ. സർ ഗാർഫീൽഡ് സോബേഴ്സിന്‍റെ മുഖം വി.ഐ.പി ഗ്യാലറിയിലെ കണ്ണാടിക്കു പിന്നിൽ തെളിഞ്ഞു. കാണികൾ ആർത്തുവിളിക്കുകയാണ്. ലാറ ചരിത്രം കുറിക്കുന്നത് കാണാൻ അവസാന സമയം ഓടിവന്നിരിക്കുകയാണ് സർ ഗാർഫീൽഡ്. കളിയുടെ ഗതി കണ്ട ശേഷം ലഞ്ചിന് ശേഷമുള്ള സെഷൻ മുതൽ ബാർബഡോസിലെ ദേശീയ ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യാനും തുടങ്ങിയിരുന്നു.
പെർഫെക്ട് സെറ്റിങാണ്. മക്ഗ്രാത്തിന്‍റെ ഓവർ. അഞ്ചു റൺസ്. ലാറ സ്ട്രൈക്കിൽ. ഒരുപാട് സമയമെടുത്തു, സ്റ്റീവ് വോക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ. മക്ഗ്രാത്ത് പന്ത് പാന്‍റിലുരച്ചുകൊണ്ടേയിരുന്നു. ഒരു സ്ലിപ്പേയുള്ളു, വോൺ. ആദ്യ ബോൾ. ഓഫ് സ്റ്റമ്പിന് പുറത്ത്, ഇരുമനസോടെ ലാറ ബാറ്റ് വെച്ചു. ഷെയ്ൻ വോണിന്‍റെ ഇടതുവശത്തേക്ക് പന്ത് പറന്നു. ക്യാച്ചിനായി വോൺ ചാടി. പക്ഷേ, വിരലിന് രണ്ടു ചാൺ അകലെക്കൂടി പന്ത് പറന്നു പോയി. തേഡ് മാനിൽ പന്ത് ബൗണ്ടറി കടക്കും മുമ്പ് സ്ലേറ്റർ പറന്നെത്തി, തടഞ്ഞിട്ടു. രണ്ടുറൺസ്.
ഇനി വേണ്ടത് മൂന്നു റൺസ്. റൺസ് വരാത്ത മൂന്നു പന്തുകൾ പിന്നാലെ. അഞ്ചാം പന്ത് വൈഡ്. അടുത്ത പന്തിൽ ലാറ സിംഗിളെടുത്തു. കളി ടൈ. പക്ഷേ, അവസാന പന്തിൽ മക്ഗ്രാത്തിന് മുന്നിൽ വാൽഷ്. ഫീൽഡർമാരെ മുഴുവൻ സ്റ്റീവ് വോ കയറ്റിനിർത്തി. മൂന്നു സ്ലിപ്പ്, രണ്ടു ഗള്ളി, ഒരു ലെഗ് സ്ലിപ്പ്. എന്നിട്ടും ആ പന്ത് എങ്ങനെയോ വാൽഷ് അതിജീവിച്ചു.
അടുത്ത ഓവർ ഗില്ലസ്പി. ആദ്യ പന്ത്. മിന്നൽ പോലെ ലാറയുടെ കവർ ഡ്രൈവ്. പന്ത് ബൗണ്ടറി ലൈൻ എത്തുന്നതിന് മുമ്പേ കാണികൾ മൈതാനത്തേക്ക് ഓടിക്കയറി. കരീബിയൻ ടീമംഗങ്ങൾ പിന്നാലെ. ലാറ ആകാശത്തേക്ക് നോക്കി, ഇരുകൈളും വിടർത്തി ടീമംഗങ്ങൾക്ക് നേരെ ഓടിയടുത്തു. എല്ലാവരും ലാറയെ പൊതിഞ്ഞു. ടീമും കാണികളും ലാറയും ചേർന്ന് ഒന്നിച്ചൊരു ജനസമുദ്രമായി കെൻസിങ്ടൺ ഓവൽ മാറി. അന്ന് രാവിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് ആ പകലിലെ കളി വിഷ്വലൈസ് ചെയ്യുമ്പോൾ ഈ മനോഹര ദൃശ്യവും അകക്കണ്ണിൽ ലാറ കണ്ടിട്ടുണ്ടാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.