സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും

സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ? മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് രസികൻ മറുപടി നൽകി സൂര്യകുമാർ

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യ ബുധനാഴ്ച തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുമോ എന്നതാണ്. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ സ്ക്വാഡിൽ ഉൾപ്പെട്ടതോടെയാണ് സഞ്ജുവിന്‍റെ സാധ്യതകൾ സംശയത്തിലായത്. യുവതാരം അഭിഷേക് ശർമക്കൊപ്പം ഗിൽ ഓപ്പണിങ്ങിൽ ബാറ്റിങ്ങിന് ഇറങ്ങിയേക്കും. ഓപ്പണിങ്ങിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന സഞ്ജു മധ്യനിരയിൽ നിറംമങ്ങുന്നതാണ് പതിവ്.

വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയെ പരിഗണിക്കുമ്പോൾ സഞ്ജുവിന് മധ്യനിരയിലും സ്ഥാനമുണ്ടാകില്ല. ഇതോടെ സഞ്ജു ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവരുമെന്നാണ് വിവരം. പരിശീലന സെഷനിൽ സഞ്ജു ഭൂരിഭാഗം സമയവും പുറത്തിരിക്കുന്നതാണ് കണ്ടത്. വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ കൂടുതൽ നേരം പരിശീലനം നടത്തിയതും സഞ്ജുവിന്‍റെ സാധ്യതകൾ കുറക്കുകയാണ്. ആതിഥേയരായ യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ മത്സരം. ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് അറിയേണ്ടതും സഞ്ജു കളിക്കുമോ എന്നതായിരുന്നു.

സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ എന്നാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോട് മാധ്യമപ്രവർത്തകരിലൊരാൾ ചോദിച്ചത്. ‘എന്‍റെ ചോദ്യം സഞ്ജുവിനെ കുറിച്ചാണ്. ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സഞ്ജു ഉണ്ടാകുമോ?’. മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് രസികൻ മറുപടിയാണ് സൂര്യ നൽകിയത്. ‘സാർ, നിങ്ങൾക്ക് പ്ലെയിങ് ഇലവന്‍റെ ലിസ്റ്റ് ഞാൻ മെസ്സേജ് ചെയ്ത് തരും. സഞ്ജുവിനെ ഞങ്ങൾ നന്നായി പരിഗണിക്കുന്നുണ്ട്. വിഷമിക്കേണ്ട, നാളെ ഉചിതമായ തീരുമാനം കൈക്കൊള്ളും’ -സൂര്യ മറുപടി നൽകി.

വൻകരയിലെ ക്രിക്കറ്റ് സുൽത്താന്മാരെ തീരുമാനിക്കുന്ന ടൂർണമെന്റ് ചൊവ്വാഴ്ച മുതൽ യു.എ.ഇയിലെ ദുബൈ, അബൂദബി സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലാ‍യി എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ. ഇന്ത്യയും പാകിസ്താനും ഗ്രൂപ് എയിലാണ്. കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം സെപ്റ്റംബർ 14ന് ദുബൈയിൽ നടക്കും.

കഴിഞ്ഞ തവണ (2023) ഏകദിന ഫോർമാറ്റിലായിരുന്നു. അന്ന് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോൽപിച്ച് രോഹിത് ശർമയുടെ ടീം കിരീടം നേടി. ഇന്ന് ദുർബലരായ ഹോങ്കോങ്ങിനെ നേരിടാനിറങ്ങുന്ന അഫ്ഗാൻ അന്താരാഷ്ട്ര തലത്തിൽത്തന്നെ അട്ടിമറി വീരന്മാരായി പേരെടുത്ത ടീമാണ്. ശ്രീലങ്കയും ബംഗ്ലാദേശും കൂടി ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽനിന്ന് മുന്നേറി സൂപ്പർ ഫോർസിലെത്താമെന്ന പ്രതീക്ഷയിലാണ് റാഷിദ് ഖാനും സംഘവും. യാസിർ മുർത്താസയുടെ നേതൃത്വത്തിലാണ് ഹോങ്കോങ് ഇറങ്ങുന്നത്.

Tags:    
News Summary - Suryakumar Yadav Gives Hilarious Response To Reporter On Question About Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.