‘ഇന്ത്യ പിന്മാറിയാൽ ഗുണം പാകിസ്താന്; വിമർശനം വന്നാലും ഏഷ്യാകപ്പിലെ മത്സരം ഉപേക്ഷിക്കാനാകില്ല’

മുംബൈ: ഏഷ്യാകപ്പ് ഫിക്സർ പുറത്തുവന്നതിനു പിന്നാലെ ഇന്ത്യ -പാകിസ്താൻ മത്സരത്തെ ചൊല്ലി വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെയുള്ള പ്രമുഖരും ഇന്ത്യ പാകിസ്താനുമായി കളിക്കരുതെന്ന അഭിപ്രായവുമായി രംഗത്തുവന്നിരുന്നു. എന്നാൽ വിമർശനങ്ങൾ എത്രയുണ്ടായാലും സെപ്റ്റംബർ 14ന് നടക്കുന്ന മത്സരം ഉപേക്ഷിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പാകിസ്താനുമായി കളിക്കുന്നില്ലെന്ന് ഇന്ത്യ തീരുമാനിച്ചാൽ അത് ഗുണം ചെയ്യുക പാക് ടീമിനായിരിക്കുമെന്ന് കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി എന്‍.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരമല്ല, വിവിധ ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെന്റാണ് ഏഷ്യാകപ്പ്. ഇന്ത്യ പിന്മാറിയാൽ പാകിസ്താന് വാക്കോവർ കിട്ടും. നിലവിൽ ബി.സി.സി.ഐ കായിക മന്ത്രാലയത്തിനു കീഴിലല്ല. അതിനാൽ മന്ത്രാലയത്തിന് ഒന്നും ചെയ്യാനില്ല. പൊതുജന വികാരത്തോട് ബി.സി.സി.ഐ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ലോക്സഭയിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഉവൈസി വിമർശനവുമായി രംഗത്തുവന്നത്. ‘ബൈസരൻ താഴ്വരയിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഇന്ത്യ-പാകിസ്താൻ മത്സരം കാണണമെന്ന് പറയാൻ നിങ്ങളുടെ മനസാക്ഷി അനുവദിക്കുമോ? പാകിസ്താനിലേക്കുള്ള 80 ശതമാനം ജലവും നമ്മൾ തടഞ്ഞുവെച്ചു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. നിങ്ങൾ ക്രിക്കറ്റ് കളിക്കുമോ? ആ മത്സരം കാണാൻ എന്‍റെ മനസാക്ഷി അനുവദിക്കില്ല’ -ഉവൈസി പറഞ്ഞു.

ഉവൈസിക്ക് പുറമെ ഇന്‍റലിജൻസ് ഏജൻസി മുൻ ഡി.ജി കെ.ജെ.എസ് ധില്ലൻ ഉൾപ്പെടെയുള്ളവരും വിമർശനവുമായി രംഗത്തുവന്നിരുന്നു. പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഉപേക്ഷിക്കണമെന്ന് ധില്ലൻ അഭിപ്രായപ്പെട്ടു. എന്നാൽ ഭീകരവാദത്തെ അപലപിച്ച മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, കായിക മത്സരങ്ങൾ തുടർന്നും സഹകരണത്തോടെ മുന്നോട്ടുപോകണമെന്ന് അഭിപ്രായപ്പെട്ടു.

എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്‍റ് സെപ്റ്റംബർ ഒമ്പതിനാണ് ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ വീണ്ടും ഒരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും. ഇരുടീമുകളും ഫൈനലിലെത്തിയാലും ടൂർണമെന്‍റിൽ മൂന്നാമതും ഇന്ത്യ-പാക് മത്സരം നടക്കും. സെപ്റ്റംബർ 28നാണ് ഫൈനൽ. ബി.ബി.സി.ഐക്ക് നടത്തിപ്പു ചുമതലയുള്ള ടൂർണമെന്‍റിന് യു.എ.ഇയാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനു പുറമെ യു.എ.ഇ, ഒമാൻ ടീമുകളുമായും ഇന്ത്യക്ക് മത്സരമുണ്ട്.

Tags:    
News Summary - India vs Pakistan Asia Cup 2025 Match Can't Be Cancelled Despite Backlash: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.