മാഞ്ചസ്റ്റർ: ഡിസംബർ ആറിന് രവീന്ദ്ര ജദേജക്ക് 37 വയസ്സ് തികയും. കൂടെയുണ്ടായിരുന്നവരെല്ലാം ടെസ്റ്റിൽനിന്ന് കളംവിട്ടു കഴിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ജദേജയെ ഉൾപ്പെടുത്തിയതിൽ നെറ്റി ചുളിച്ചവരുണ്ട്.
എന്നാൽ, പ്രകടനംകൊണ്ട് വിസ്മയിപ്പിച്ച് അവരുടെയെല്ലാം വായടപ്പിക്കുകയാണ് ഓൾ റൗണ്ടറായ സൗരാഷ്ട്രക്കാരൻ. നാല് ടെസ്റ്റുകളിൽ എട്ട് ഇന്നിങ്സിലും ബാറ്റ് ചെയ്ത ജദേജയുടെ ബാറ്റിൽനിന്ന് പിറന്നത് 454 റൺസ്. ഇതിൽ ഒരു സെഞ്ച്വറിയും തുടർച്ചയായ നാല് അർധ ശതകങ്ങളുമുണ്ട്. നാല് ടെസ്റ്റിലെയും രണ്ടാം ഇന്നിങ്സിൽ നോട്ടൗട്ടായിരുന്നു ജദേജയെന്നത് മറ്റൊരു കൗതുകം. സ്പിന്നറായ താരം ഏഴ് വിക്കറ്റുകളും വീഴ്ത്തി. നാലാം ടെസ്റ്റിൽ ഇന്ത്യയെ തോൽവിയുടെ വക്കിൽനിന്ന് സമനിലയിലെത്തിച്ചതിലെ പ്രധാന പങ്ക് ‘രവിയേട്ട’നാണ്.
185 പന്തിൽ 107 റൺസുമായി പുറത്താവാതെനിന്നു താരം. ഓൾഡ് ട്രാഫോഡിൽ ഇന്നിങ്സ് തോൽവി മുന്നിൽകണ്ട ടീം ഇന്ത്യയുടെ തിരിച്ചുവരവ് ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. രണ്ടാം ഇന്നിങ്സിൽ സ്കോർ ബോർഡ് തുറക്കുംമുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനെ കെ.എൽ. രാഹുലും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അതിമനോഹര കൂട്ടുകെട്ട് പടുത്തുയർത്തിയാണ് തിരികെ മത്സരത്തിലേക്കെത്തിച്ചത്.
രാഹുൽ 90ഉം ഗിൽ 103ഉം റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ 188 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു. ഗിൽ പുറത്തായതിനു ശേഷം ഒരുമിച്ച വാഷിങ്ടൺ സുന്ദറും ജദേജയും ചേർന്ന് ആതിഥേയർ ഉയർത്തിയ ലീഡ് മറികടന്നു. 203 റൺസാണ് ഈ സഖ്യത്തിന്റെ സംഭാവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.