‘എവിടെ വെച്ച്, എങ്ങനെ മരിച്ചു എന്ന് പറയാമോ’? ‘ഫലസ്തീൻ പെലെ’ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന യുവേഫയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ സലാഹ്

ലണ്ടൻ: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ‘ഫലസ്തീൻ ഫുട്ബാളിന്റെ പെലെ’ എന്നറിയപ്പെട്ട സുലൈമാൻ അൽ ഉബൈദിന് ആദരാഞ്ജലി അർപ്പിക്കുന്ന യുവേഫയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആഞ്ഞടിച്ച് ലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഫലസ്തീൻ ദേശീയ ടീമിനുവേണ്ടിയും ഗസ്സ, വെസ്റ്റ് ബാങ്ക് ടീമുകൾക്കും കളിച്ച് മൈതാനത്ത് ഫലസ്തീൻ പോരാട്ടവീര്യങ്ങളുടെ പ്രതീകമായ 41കാരൻ ഗസ്സയിലെ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി മക്കൾക്കൊപ്പം വരി നിൽക്കുമ്പോഴാണ് ഇസ്രായേൽ സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്.

‘‘ഫലസ്തീൻ പെലെ’ ആയ സുലൈമാൻ അൽ ഉബൈദിന് വിട. ഇരുണ്ട കാലത്തുപോലും എണ്ണമറ്റ കുട്ടികൾക്ക് പ്രതീക്ഷ നൽകിയ പ്രതിഭ’ എന്നായിരുന്നു യുവേഫ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം സുലൈമാന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഈ മുൻ ഫുട്ബാളർ കൊല്ലപ്പെട്ടത്. എന്നാൽ, സുലൈമാൻ എങ്ങനെയാണ് മരിച്ചതെന്ന് പറയാതെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന യുവേഫയുടെ കുറിപ്പാണ് സലാഹിനെ ചൊടിപ്പിച്ചത്.

‘സുലൈമാൻ എവിടെ വെച്ച്, എങ്ങനെ മരിച്ചു എന്ന് പറയാമോ?’ എന്നാണ് യുവേഫയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സലാഹ് ചോദിക്കുന്നത്. 1984ൽ ജനിച്ച സുലൈമാൻ അൽ ഉബൈദ് ഗസ്സയിലെ ഏറ്റവും ആരാധകരുള്ള ഫുട്ബാളർമാരിൽ ഒരാളായിരുന്നു. മധ്യനിരയിലെ ആക്രമണ ഫുട്ബാളുമായി ക്ലബ് കുപ്പായത്തിലും ദേശീയ ടീമിലുമായി ഗോളുകൾ അടിച്ചുകൂട്ടിയ കളിശൈലി കണ്ടാണ് ആരാധകർ ‘ഫലസ്തീന്റെ പെലെ’ എന്ന് വിളിച്ചത്. നിലവിൽ ഗസ്സയിലെ ലീഗ് ഫുട്ബാളിലും സജീവമായിരുന്നു സുലൈമാൻ.

2007 മുതൽ 2013വരെ ഫലസ്തീൻ ദേശീയ ടീമിനായി കളിച്ച സുലൈമാൻ അൽ ഉബൈദ് ഏഷ്യൻ കപ്പ്, പാൻ അറബ് ഗെയിംസ്, ലോകകപ്പ് യോഗ്യതാ റൗണ്ട്, സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ ദേശീയ ടീമിനായി 19 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിരുന്നു. 2007 മുതൽ 2023 വരെ നീണ്ടുനിന്ന ക്ലബ് കരിയറിൽ വിവിധ ടീമുകൾക്കായി 100ലധികം ഗോളുകൾ നേടി.

2010ലെ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ യമനെതിരെ നേടിയ സിസർ കട്ട് ഗോൾ ശ്രദ്ധേയമായിരുന്നു. സുലൈമാൻ അൽ ഉബൈദിന്റെ മരണത്തോടെ, ഗസ്സ മുനമ്പിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഫുട്ബാൾ താരങ്ങളുടെ എണ്ണം 220 ആയി. കായികതാരങ്ങളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം 662 ആയി ഉയർന്നു. കളിക്കാർ, പരിശീലകർ, അഡ്മിനിസ്ട്രേറ്റർമാർ, റഫറിമാർ, ക്ലബ് ബോർഡ് അംഗങ്ങൾ എന്നിവരടക്കം ഫുട്ബാളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 321ആയി.

Tags:    
News Summary - Salah calls out Uefa over wording of Palestinian player tribute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.