ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിലെ അനിശ്ചിതാവസ്ഥ കൂടുതൽ ക്ലബുകളുടെ പ്രവർത്തനം താളംതെറ്റിച്ചു. ബംഗളൂരു എഫ്.സിക്ക് പിന്നാലെ ചെന്നൈയിൻ എഫ്.സിയും താരങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പളം തടഞ്ഞു. ഒഡിഷ എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനത്തെയും പ്രതിസന്ധി ദോഷകരമായി ബാധിച്ചിട്ടുണ്ട്. പരിഹാരം തേടി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ക്ലബ് മാനേജ്മെന്റുകളുമായി വ്യാഴാഴ്ച ചർച്ച നടത്താനിരിക്കുകയാണ്. അനുകൂല നീക്കമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ ഇനിയും അവതാളത്തിലാവാനാണ് സാധ്യത.
രണ്ടുതവണ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ, അവരുടെ യൂത്ത് ടീമിന്റെ പ്രവർത്തനങ്ങൾ നേരത്തേ നിർത്തിയിരുന്നു. ഇപ്പോൾ സീനിയർ ടീമിന്റെയും സ്റ്റാഫിന്റെയും ജൂലൈയിലെ ശമ്പളം തടഞ്ഞുവെച്ചിരിക്കുകയാണ്. ടീം ഉടമ അഭിഷേക് ബച്ചൻ സ്വന്തം നിലക്കാണ് ജൂണിലെ വേതനം നൽകിയത്. ഇത് തുടരാനാവില്ലെന്ന് അഭിഷേക് അറിയിച്ചിട്ടുണ്ട്. ഒഡിഷ എഫ്.സിയാണ് കടുത്ത നടപടികൾക്ക് തുടക്കമിട്ടത്. ഇവർ താരങ്ങളുടെ കരാർ മരവിപ്പിച്ചു. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി അംഗമായ ബംഗളൂരു എഫ്.സി, താരങ്ങളുടെ ശമ്പള വിതരണം നിർത്തുന്നതായി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇന്ത്യയിൽ ഫുട്ബാൾ ക്ലബ് നടത്തിക്കൊണ്ടുപോവൽ മല കയറുന്നപോലെ സാഹസമാണെന്നും ക്ലബ് തുറന്നടിച്ചു.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റും (എഫ്.ഡി.എൽ) തമ്മിലെ മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ, ഫെഡറേഷൻ ഭരണം സംബന്ധിച്ച തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് വൈകുന്നതാണ് ഈ വിഷയത്തിലെ തീരുമാനത്തിനും കാലതാമസം നേരിടുന്നത്. അതുകൊണ്ടുതന്നെ വ്യാഴാഴ്ചത്തെ ചർച്ചയിൽ ശുഭപ്രതീക്ഷയില്ല. കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്.സി, ജംഷഡ്പുർ എഫ്.സി, എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡിഷ എഫ്.സി, പഞ്ചാബ് എഫ്.സി ക്ലബുകളാണ് പരിഹാരം കാണാൻ നിർദേശിച്ച് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് യോഗം.
ലീഗ് അനിശ്ചിതമായി വൈകുന്നത് സീസണിനെ മാത്രമല്ല, ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്ന് ഫുട്ബാൾ വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യക്കാരും വിദേശികളും ഉൾപ്പെടെ 400 കളിക്കാരുടെ ഭാവിയെ അനിശ്ചിതത്വം നേരിട്ട് ബാധിക്കും. സീസണിലെ ശമ്പളക്കുറവ് മാത്രമല്ല, കളി മുടങ്ങുകയാണെങ്കിൽ പുതിയ ക്ലബിലേക്കുള്ള കൂടുമാറ്റത്തിനും തിരിച്ചടിയാവും. ആഗസ്റ്റ്-സെപ്റ്റംബറിൽ ആരംഭിക്കേണ്ട സീസണിനായി ഇതുവരെയും ക്ലബുകളൊന്നും പരിശീലനവും ആരംഭിച്ചിട്ടില്ല.
കൊച്ചി: ഐ.എസ്.എൽ നടത്തിപ്പിലെ പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതിനിടെ കേരളത്തിന്റെ സ്വന്തം ഫുട്ബാൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സും താരങ്ങളുടെ ശമ്പളം കുറക്കാനൊരുങ്ങുന്നു. താരങ്ങളുടേത് മാത്രമല്ല, ക്ലബ് ജീവനക്കാരുടെയും ശമ്പളത്തിൽ നിശ്ചിത ശതമാനം കുറക്കാനാണ് തീരുമാനം. എന്നാൽ, ബംഗളൂരു എഫ്.സി പ്രഖ്യാപിച്ചതുപോലെ ശമ്പളം പൂർണമായി തടഞ്ഞുവെക്കുകയല്ല ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചെയ്യുന്നത്.
താരങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പളത്തിൽ നിശ്ചിത ശതമാനം കട്ട് ചെയ്താണ് ആഗസ്റ്റ് മുതലുള്ള ശമ്പളം വിതരണം ചെയ്യുക. ഓരോ താരത്തിന്റെയും മൂല്യവും പ്രതിഫലവും അനുസരിച്ചാണ് കട്ടിങ് വരുകയെന്നും ഇതുമായി ബന്ധപ്പെട്ട് കളിക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. കളിക്കാരുമായി കരാറുള്ളതിനാൽ നിയമപരമായി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. സ്റ്റാഫിന്റെ വേതനം ചുരുക്കൽ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടുണ്ട്. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ വേതനത്തിൽ കുറവു വരുത്തില്ല.
ടീം സജീവമായിരിക്കുമ്പോൾ മാത്രം അവർക്കൊപ്പം ജോലി ചെയ്യേണ്ടിവരുന്ന സ്റ്റാഫിനുൾപ്പെടെ ബ്ലാസ്റ്റേഴ്സ് പൂർണ ശമ്പളമാണ് നൽകിവരുന്നത്. എന്നാൽ, നിലവിൽ ടീം സജീവമല്ലാത്തതിനാലും ഐ.എസ്.എൽ സീസണില്ലാത്തതിനാലും അവരുമായി സഹകരിച്ച് ശമ്പളം ചുരുക്കാനാണ് തീരുമാനം. നിലവിൽ ഐ.എസ്.എൽ സീസൺ നടക്കാത്തതിനാൽ വലിയ വരുമാനനഷ്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ക്ലബുകളെല്ലാം നേരിടുന്നത്.
സ്പോൺസർമാരിൽ നിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായിട്ടുള്ളതിനാൽ പല ടീമുകളും ചെലവു ചുരുക്കൽ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബംഗളൂരു എഫ്.സി ഉൾപ്പെടെ നിർണായക തീരുമാനത്തിലേക്ക് കടന്നത്. ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയം, പനമ്പിള്ളിനഗറിലെ പരിശീലന ഗ്രൗണ്ട് എന്നിവ ഉപയോഗിക്കുന്നില്ലെങ്കിൽപോലും പരിപാലിക്കേണ്ട ചുമതലയും കെ.ബി.എഫ്.സിക്കുണ്ട്. ഇതും വലിയ ചെലവാണ് മാനേജ്മെൻറിനുണ്ടാക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം പരിശീലന ഗ്രൗണ്ട് സെപ്റ്റംബറിൽ തുറന്നുകൊടുക്കും. തൃപ്പൂണിത്തുറയിലാണ് പുതിയ ഗ്രൗണ്ട് ഒരുങ്ങുന്നത്. ക്ലബിന്റെ പേരിൽ സ്ഥലമെടുത്താണ് നിർമാണം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. നിലവിൽ പനമ്പിള്ളിനഗർ ഗ്രൗണ്ടാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.