മെസ്സിയുടെ വരവ്: ക്യാപ്സ്യൂളല്ലാത്ത വിശദീകരണം വേണം, കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം -വി.ടി. ബൽറാം

തിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീന ടീമും വരുമെന്ന് പറഞ്ഞ് കേരളത്തിലെ കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രിയടക്കമുള്ളവർ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മെസ്സിയും ടീമും കേരളത്തിലേക്ക് വരില്ലെന്ന് മന്ത്രി വി. അബ്ദുർറഹ്മാൻ തന്നെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബൽറാമിന്റെ പ്രതികരണം. നിരാശാജനകമാണ് ഈ വാർത്ത. എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്നതിനേക്കുറിച്ച് ക്യാപ്സ്യൂളുകളല്ലാത്ത സത്യസന്ധമായ ഒരു വിശദീകരണമെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ലോകചാമ്പ്യന്മാരായ അർജന്റീന ഒക്ടോബർ-നവംബർ മാസം ഒരാഴ്ച കേരളത്തിലെത്തുമെന്ന താൻ മുമ്പ് നൽകിയ സ്വന്തം ഉറപ്പ് തിരുത്തിയാണ് മന്ത്രി ഇന്ന് രംഗത്തെത്തിയത്. ഈ വർഷം ഒക്ടോബറിൽ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ടീം കേരളത്തിൽ കളിക്കാനെത്തുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചതായും, ഇതിന്റെ അടിസ്ഥാനത്തിൽ സ്​പോൺസർമാർ നിശ്ചിത തുക അടച്ചതായും മന്ത്രി പറഞ്ഞു. പണം സ്വീകരിച്ച ശേഷമാണ് ഈ വർഷത്തെ കലണ്ടറിൽ കേരളത്തിലെത്താൻ കഴിയില്ലെന്ന് അറിയിച്ചത്. 2026ൽ വരാമെന്ന് അർജന്റീന വാഗ്ദാനം ചെയ്തുവെങ്കിലും ഇത് നിരസിച്ചതായും മന്ത്രി പറഞ്ഞു.

‘അടച്ച തുക തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കായിക മാന്ത്രാലയം, ധനകാര്യവകുപ്പ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതിയോടെയാണ് പണമടച്ചത്. പിൻമാറ്റം കാരണം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ പൂർണ ഉത്തരവാദിത്തം അർജന്റീനക്കാണ്’- മന്ത്രി പറഞ്ഞു. ഡിസംബറിൽ ലയണൽ മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേരളത്തിലേക്കില്ലെന്ന് വാർത്തകൾ വന്നിരുന്നു. മുംബൈ, കൊൽക്കത്ത നഗരങ്ങളിലാണ് ​ഇതിഹാസ താരമെത്തുന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള മെസ്സിയുടെയും സംഘത്തിന്റെയും പര്യടനത്തിൽ കേരളമുണ്ടാവില്ലെന്ന് ​ഫുട്ബാൾ വിദഗ്ധർ നേരത്തെ പ്രതികരിച്ചുവെങ്കിലും ടീം എത്തുമെന്ന ഉറപ്പിലായിരുന്നു മന്ത്രി. ഇത്തരത്തിൽ ഫേസ് ​ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.

വി.ടി. ബൽറാമിന്റെ കുറിപ്പ്:

നിരാശാജനകമാണ് ഈ വാർത്ത.

കേരളത്തിലെ കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രിയടക്കമുള്ളവർ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്നതിനേക്കുറിച്ച് ക്യാപ്സ്യൂളുകളല്ലാത്ത സത്യസന്ധമായ ഒരു വിശദീകരണമെങ്കിലും വേണം.

Tags:    
News Summary - vt balram about messi kerala visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.