പാലക്കാട്: മെസ്സി വരുമെന്ന പേരിൽ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന കാമ്പയിന് സംസ്ഥാനത്തെ മന്ത്രി തന്നെ നേതൃത്വം നൽകിയത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മെസ്സി എന്ന കളിക്കാരനെ കൊണ്ടുവരും എന്നല്ല അർജന്റീന ദേശീയ ടീമിനെ കേരളത്തിൽ കൊണ്ടുവന്ന് അവരുടെ ഇന്റർനാഷണൽ മത്സരം ഇവിടെ നടത്തും എന്നാണ് ആദ്യം മുതൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ കേരളത്തോട് പറഞ്ഞിരുന്നത്. ഇത് പ്രായോഗികമല്ല എന്നും മന്ത്രിക്ക് ഈ വക കാര്യങ്ങളേക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല എന്നും അക്കാലം തൊട്ട് തന്നെ പലരും ചൂണ്ടിക്കാണിച്ചതാണെന്നും ബൽറാം പറഞ്ഞു.
‘ഫുട്ബോൾ മത്സരങ്ങൾ നടത്താൻ എല്ലാ വർഷവും മുൻപേ നിശ്ചയിച്ച സ്ലോട്ടുകൾ ഉണ്ട് എന്ന് ഈ മേഖലയുമായി ബന്ധമുള്ളവർ പറയുന്നു. ഒരു വർഷം 5 ഇന്റർനാഷണൽ ബ്രേക്ക് ആണ് ഉണ്ടാവുക. ആ സമയങ്ങളിൽ മാത്രമേ ദേശീയ ടീം മത്സരങ്ങൾ നടക്കൂ. അതല്ലാതെ നാട്ടിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നടത്തുന്ന പോലെ പാടത്ത് കൊയ്ത്ത് കഴിഞ്ഞ സമയം നോക്കി മത്സരങ്ങൾ നിശ്ചയിക്കാനാവില്ല.
റിപ്പോർട്ടർ മുതലാളി അർജന്റീന ടീമിനായി 135 കോടി രൂപ ഇതിനോടകം അഡ്വാൻസ് നൽകിയതായി അദ്ദേഹം തന്നെ പത്രസമ്മേളനത്തിൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹത്തിന് നിയമപരമായ തടസ്സങ്ങളുണ്ടത്രേ! ഏതായാലും അർജന്റീനയെ കൊണ്ടുവരാൻ എന്ന പേരിൽ കേരളത്തിന്റെ ഖജനാവിനും സാമാന്യം നല്ല തുക ചെലവായതായി തോന്നുന്നു. കാരണം അർജന്റീന അധികാരികളുമായി ചർച്ചക്കെന്ന പേരിൽ മന്ത്രി അബ്ദുറഹിമാനും പരിവാരങ്ങളും നടത്തിയ വിദേശയാത്രയുടെ ചെലവ് ഖജനാവിൽ നിന്നായിരിക്കുമല്ലോ. ആ പണത്തിനെങ്കിലും കണക്ക് വേണം. കാരണം, അതിന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണ്. കണ്ണിൽക്കണ്ട വീരപ്പന്മാരുടെ തട്ടിപ്പിന്റെ ഭാരം പൊതുഖജനാവ് പേറേണ്ടതില്ല. മന്ത്രി അബ്ദുറഹിമാൻ തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം’ -ബൽറാം പറഞ്ഞു.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി കേരളത്തിലേക്ക് വരുന്നില്ലെന്ന കാര്യം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാക്ക് പറഞ്ഞ സ്പോൺസറും റിപ്പോർട്ടർ ടിവി മുതലാളിയുമായ ആന്റോ അഗസ്റ്റിനാവട്ടെ, മെസ്സി കേരളത്തിൽ വരാതെ "വഞ്ചിച്ചാൽ" പിന്നെ ഇന്ത്യയിലെവിടെയും കാലുകുത്തിക്കില്ല എന്ന് ഭീഷണിപ്പെടുത്തുന്ന മട്ടിലാണ് ഇന്ന് പത്രസമ്മേളനത്തിൽ സംസാരിച്ചു കാണുന്നത്. റിപ്പോർട്ടർ മുതലാളിയെ നമുക്ക് തൽക്കാലം അവഗണിക്കാം. മാംഗോ ഫോൺ മുതൽ മുട്ടിൽ മരംമുറി വരെയുള്ള നിരവധി അനുഭവങ്ങൾ കേരളത്തിന് മുൻപിലുണ്ടല്ലോ. എന്നാൽ സംസ്ഥാനത്തെ കായിക വകുപ്പ് മന്ത്രിയുടെ വാക്കുകളും വാഗ്ദാനങ്ങളും അങ്ങനെയല്ല. ജനങ്ങളോട് നേരിട്ടുതന്നെ ഉത്തരവാദിത്തമുള്ളയാളാണ് മന്ത്രി. ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന ഒരു ക്യാമ്പയിന് സംസ്ഥാനത്തെ മന്ത്രി തന്നെ നേതൃത്വം നൽകിയത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ആദ്യം തന്നെ ഒരു കാര്യത്തിൽ എല്ലാവർക്കും വ്യക്തത ഉണ്ടാവണം, മെസ്സി എന്ന കളിക്കാരനെ കൊണ്ടുവരും എന്നല്ല അർജന്റീന ദേശീയ ടീമിനെ കേരളത്തിൽ കൊണ്ടുവന്ന് അവരുടെ ഇന്റർനാഷണൽ മത്സരം ഇവിടെ നടത്തും എന്നാണ് ആദ്യം മുതൽ കായിക മന്ത്രി കേരളത്തോട് പറഞ്ഞിരുന്നത്. ഇത് പ്രായോഗികമല്ല എന്നും മന്ത്രിക്ക് ഈ വക കാര്യങ്ങളേക്കുറിച്ച് പ്രാഥമികമായ വിവരം പോലുമില്ല എന്നും അക്കാലം തൊട്ട് തന്നെ പലരും ചൂണ്ടിക്കാണിച്ചതാണ്.
അർജന്റീന പോലുള്ള ഒരു ദേശീയ ടീമുമായി ഇന്ത്യയിൽ വച്ച് ഒരു ഇന്റർനാഷണൽ ഫ്രണ്ട്ലി ചാർട്ട് ചെയ്യേണ്ടത് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആണ്, അല്ലാതെ ഏതെങ്കിലും സംസ്ഥാന സർക്കാരോ സംസ്ഥാന ഫുട്ബോൾ അസോസിയേഷനോ അല്ല എന്നാണ് ഈ മേഖലയേക്കുറിച്ച് അറിവുള്ളവർ തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഒന്നുകിൽ ഇന്ത്യൻ ടീമും അർജന്റീനയുമായി ഒരു ഇന്റർനാഷണൽ ഫ്രണ്ട്ലി മത്സരം ഇന്ത്യയിൽ നടത്താം, അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യവുമായി അർജന്റീന നടത്തുന്ന മത്സരത്തിന് ഇന്ത്യക്ക് വേദിയാവാം. മെസ്സി അർജന്റീനയുടെ നായക സ്ഥാനം ഏറ്റെടുത്ത ശേഷം 2011ൽ ആദ്യ മത്സരം ഇന്ത്യയിൽ ആണ് നടന്നത്. അർജന്റീന vs വെനെസ്വല മത്സരം അന്ന് കൊൽക്കത്തയിൽ നടത്തിയപ്പോൾ രാജ്യത്ത് മൻമോഹൻ സിംഗ് സർക്കാരായിരുന്നു ഭരണത്തിൽ. പക്ഷേ അതിനൊക്കെ മുൻകൈ എടുക്കേണ്ടതും വെന്യു നിശ്ചയിക്കേണ്ടതും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ്, കേരളമല്ല.
ഫുട്ബോൾ മത്സരങ്ങൾ നടത്താൻ എല്ലാ വർഷവും മുൻപേ നിശ്ചയിച്ച സ്ലോട്ടുകൾ ഉണ്ട് എന്ന് ഈ മേഖലയുമായി ബന്ധമുള്ളവർ പറയുന്നു. ഒരു വർഷം 5 ഇന്റർനാഷണൽ ബ്രേക്ക് ആണ് ഉണ്ടാവുക. ആ സമയങ്ങളിൽ മാത്രമേ ദേശീയ ടീം മത്സരങ്ങൾ നടക്കൂ. യുദ്ധമോ കഠിനമായ കാലാവസ്ഥാ പ്രശ്നങ്ങളോ കോവിഡ് പോലുള്ള പാൻഡമിക് സാഹചര്യമോ ഇല്ലെങ്കിൽ ഈ സമയക്രമം നിർബ്ബന്ധമായും പാലിക്കപ്പെടും. അതല്ലാതെ നാട്ടിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നടത്തുന്ന പോലെ പാടത്ത് കൊയ്ത്ത് കഴിഞ്ഞ സമയം നോക്കി മത്സരങ്ങൾ നിശ്ചയിക്കാനാവില്ല.
മാർച്ച് മാസത്തിൽ 2 ആഴ്ച്ച - 2 മത്സരം
ജൂൺ, ജൂലൈ മാസങ്ങൾ- ടൂർണമെന്റ് ബ്രേക്ക്
സെപ്റ്റംബറിൽ 2 ആഴ്ച്ച - 2 മത്സരം
ഒക്ടോബറിൽ 2 ആഴ്ച്ച - 2 മത്സരം
നവംബറിൽ 2 ആഴ്ച്ച - 2 മത്സരം
ഇതാണ് ഫുട്ബോളിലെ ഇന്റർനാഷണൽ ബ്രേക്ക്.
മന്ത്രി അബ്ദുറഹിമാൻ ആദ്യം പറഞ്ഞത് 2024 പകുതിയോടെ അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കാൻ വരും എന്നാണ്. കോപ്പ അമേരിക്കയും ഒളിമ്പിക്സുമൊക്കെ നടക്കുന്ന സമയമായിരുന്നു അതെന്ന് ഓർക്കണം. അത് പോലും അറിയാതെ വീൺവാക്ക് പറഞ്ഞ സ്പോർട്സ് മന്ത്രി അന്നേ പരിഹാസ്യനായതാണ്.
എന്നാൽ പിന്നീട് 2024 വർഷാവസാനമാണ് അർജന്റീന എത്തുക എന്ന് പറഞ്ഞ് മന്ത്രി അബ്ദുറഹിമാൻ സ്വയം സമയം നീട്ടി. 2026 ലോകകപ്പിലേക്ക് യോഗ്യത മത്സരങ്ങൾ നടക്കുന്ന സമയത്ത് അത് ഒഴിവാക്കി കേരളത്തിൽ കളിക്കാൻ വരാൻ ഒരു സാധ്യതയുമില്ലെന്ന് മന്ത്രിക്ക് അപ്പോഴും ധാരണയുണ്ടായിരുന്നില്ല എന്നത് കഷ്ടമാണ്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനയ്ക്ക് ഇനിയും 2 മത്സരം ബാക്കിയുണ്ട്, ഈ സെപ്റ്റംബറിലാണ് അത് തീരുക. സെപ്റ്റംബർ കഴിഞ്ഞാൽ പിന്നെ 3 ബ്രേക്കുകളിലായി 6 ഫ്രണ്ട്‌ലി സ്ലോട്ട് ബാക്കി ഉണ്ട്. അതിൽ അർജന്റീന vs സ്‌പെയിൻ ഫൈനലിസ്മ മാർച്ചിൽ ഉണ്ടാവും എന്നാണ് ലഭ്യമായ വിവരം. ഒരു മത്സരം അർജന്റീന vs ബ്രസീൽ സൂപ്പർ ക്ലാസ്സികൊ സൗദിയിലും നടക്കാൻ സാധ്യത ഉണ്ട് എന്നറിയുന്നു. ബാക്കി 4 മത്സരങ്ങൾ ആണ് ഉള്ളത്. അതിൽ ഒക്ടോബർ ബ്രേക്കിൽ ചൈനയിൽ കളിക്കാൻ പോവുന്നു എന്ന് കേൾക്കുന്നുവെങ്കിലും റിപ്പോർട്ടർ മുതലാളി അത് നിഷേധിക്കുന്നുണ്ട്. എന്തോ ആവട്ടെ.
നവംബർ ബ്രേക്കിൽ മാത്രമാണ് അർജന്റീനക്ക് ഫ്രണ്ട്ലി മത്സരത്തിന് സ്ലോട്ട് ഉണ്ടാകാനുള്ള എന്തെങ്കിലും സാധ്യത ഉള്ളൂ. ഇതും പലരും നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതാണ്.
എന്നാൽ മന്ത്രി അവസാനം വാദിച്ചിരുന്നത് അർജന്റീനയെ ഒക്ടോബർ 25 മുതൽ നവംബർ 8 വരെ തീയതികളിൽ കേരളത്തിൽ കൊണ്ട് വരും എന്ന നിലയിൽ കൃത്യമായ ഡേറ്റ് സഹിതമാണ്. സത്യത്തിൽ ഒക്ടോബർ ബ്രേക്ക് കഴിഞ്ഞു നവംബർ ബ്രേക്ക് തുടങ്ങും മുൻപുള്ള സമയമാണ് ഈ ഡേറ്റുകൾ എന്നതാണ് ഇതിലെ ചിരിപ്പിക്കുന്ന വസ്തുത. കോമൺസെൻസും അന്തർദേശീയ ഫുട്ബോളിനേക്കുറിച്ച് പ്രാഥമികമായ അറിവുമുള്ള ഏതൊരാൾക്കും ഇത് അറിയേണ്ടതാണ്.
മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുക എന്നത് ഫുട്ബോളിനെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണെന്നതിൽ സംശയമില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യുവാക്കൾക്കും കായികപ്രേമികൾക്കും വേണ്ടിയുള്ള ചരിത്രപരമായ ഒരു പ്രവർത്തനം എന്ന നിലയിൽ മന്ത്രി അബ്ദുറഹിമാൻ ഈ വിഷയം എടുത്ത് പ്രചരിപ്പിച്ചതൊക്കെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വെറും PR വർക്കുകൾ ആയിരുന്നു എന്ന് സംശയിക്കാതിരിക്കാനാവില്ല. ആദ്യം മന്ത്രി ഇത് പറഞ്ഞത് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു. പിന്നീട് അതാവർത്തിച്ചത് പാലക്കാട്, ചേലക്കര ഉപതെരത്തെടുപ്പ് കാലത്താണ്. ഏറ്റവുമൊടുവിൽ ഇത് ചർച്ചയാക്കിയത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേളയിലാണ്. യുവാക്കളുടെ വോട്ട് സ്വാധീനിക്കുക എന്നതല്ലാതെ ഒരു ഗൗരവവും ഒരു ആത്മാർത്ഥതയും മന്ത്രിക്കും സർക്കാരിനും ഇക്കാര്യത്തിൽ ഇല്ല എന്നത് കൂടി ഇപ്പോൾ തെളിയുകയാണ്.
റിപ്പോർട്ടർ മുതലാളി അർജന്റീന ടീമിനായി 135 കോടി രൂപ ഇതിനോടകം അഡ്വാൻസ് നൽകിയതായി അദ്ദേഹം തന്നെ പത്രസമ്മേളനത്തിൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹത്തിന് നിയമപരമായ തടസ്സങ്ങളുണ്ടത്രേ! ഏതായാലും അർജന്റീനയെ കൊണ്ടുവരാൻ എന്ന പേരിൽ കേരളത്തിന്റെ ഖജനാവിനും സാമാന്യം നല്ല തുക ചെലവായതായി തോന്നുന്നു. കാരണം അർജന്റീന അധികാരികളുമായി ചർച്ചക്കെന്ന പേരിൽ മന്ത്രി അബ്ദുറഹിമാനും പരിവാരങ്ങളും നടത്തിയ വിദേശയാത്രയുടെ ചെലവ് ഖജനാവിൽ നിന്നായിരിക്കുമല്ലോ.
ആ പണത്തിനെങ്കിലും കണക്ക് വേണം.
കാരണം, അതിന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണ്. കണ്ണിൽക്കണ്ട വീരപ്പന്മാരുടെ തട്ടിപ്പിന്റെ ഭാരം പൊതുഖജനാവ് പേറേണ്ടതില്ല. മന്ത്രി അബ്ദുറഹിമാൻ തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.