നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന വീയപുരം ചുണ്ടൻ (ഇടത്തെ അറ്റം)
ആലപ്പുഴ: ആർപ്പുവിളിയും ആരവവുമുയർത്തി പുന്നമടയിലെ ഓളപ്പരപ്പിൽ തുഴയെറിഞ്ഞപ്പോൾ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി ജേതാവ്. 4:21:084 സമയത്തിനാണ് വീയപുരം മത്സരം ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം ഫോട്ടോ ഫിനിഷിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട ചുണ്ടൻ വള്ളമാണ് വീയപുരം. വാശിയേറിയ മത്സരത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും (4:21:782) മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനവും നിരണം ചുണ്ടൻ നാലാം സ്ഥാനവും നേടി. ഹീറ്റ്സ് മത്സരത്തിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേൽപ്പാടം, വീയപുരം ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്.
ഡബിൾ ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കുത്തക തകർത്ത് 71ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ വീയപുരം ചുണ്ടന്റെ രണ്ടാം കിരീടധാരണമാണിത്. വീയപുരം ചുണ്ടനിൽ തുഴയെറിഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ (വി.ബി.സി) മൂന്നാം കിരീടവുമാണ്.
ഫൈനലിൽ മത്സരിച്ച നാല് വള്ളങ്ങളും തുടക്കംമുതൽ ഒപ്പത്തിനൊപ്പമായിരുന്നു. അവസാന ലാപ്പിൽ ഫോട്ടോഫിനിഷിലൂടെയാണ് ബിഫി വർഗീസ്, ബൈജു കുട്ടനാട് ക്യാപ്റ്റനായ വീയപുരം ചുണ്ടൻ 4.21.084 മിനിറ്റിൽ ഒന്നാമതെത്തിയത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ (4.21.782) പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതായും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപാടം ചുണ്ടൻ (4:21: 933) മൂന്നാമതായും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4:22: 035) നാലാമതായും ഫിനിഷ് ചെയ്തു.
എന്നാൽ, രണ്ടാമതെത്തിയ നടുഭാഗം ചുണ്ടനിലെ തുഴക്കാരെ സംബന്ധിച്ച് മറ്റ് ബോട്ട് ക്ലബുകൾ പരാതി നൽകിയതിനാൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അനുവദനീയമായതിൽ അധികം അന്തർസംസ്ഥാനക്കാർ നടുഭാഗം ചുണ്ടനിൽ തുഴഞ്ഞുവെന്നതാണ് ക്ലബിനെതിരായ പരാതി.
71മത് നെഹ്റു ട്രോഫി ജലമേളയിൽ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 വള്ളങ്ങളാണ് മത്സരിച്ചത്. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തില്‍ ആറ് ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളില്‍ നാലു വീതവും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളും ആറാമത്തെ ഹീറ്റ്സിൽ രണ്ട് വള്ളങ്ങളുമാണ് മത്സരിച്ചത്. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങൾ ഫൈനലിൽ പോരിനിറങ്ങി.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വർഷത്തെ ജലമേള ഉദ്ഘാടനം ചെയ്തത്. സിംബാബ്വെയിലെ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി, സിംബാബ്വെ അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരായിരുന്നു മുഖ്യാതിഥികൾ.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ മാസ്ഡ്രിൽ അരങ്ങേറി. ഇതിനുപിന്നാലെ ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടന്നു. ചുരുളൻ -മൂന്ന്, ഇരുട്ടുകുത്തി എ - അഞ്ച്, ഇരുട്ടുകുത്തി ബി -18, ഇരുട്ടുകുത്തി സി -14, വെപ്പ് എ -അഞ്ച്, വെപ്പ് ബി -മൂന്ന്, തെക്കനോടി തറ -രണ്ട്, തെക്കനോടി കെട്ട് -നാല് എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിച്ച വള്ളങ്ങളുടെ എണ്ണം.
ചെറുവള്ളങ്ങളുടെ വിഭാഗത്തിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിച്ചത്. ഇതിനായി സമയക്രമം പൊതുജനത്തിന് കാണുന്നവിധം സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.