ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ ഡിറ്റക്ടറായി ആൻഡ്രോയ്ഡ് ഫോണുകൾ; ഭൂകമ്പ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് എത്തും, പ്രവർത്തനം എങ്ങനെ?

ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായി 2020ൽ ഗൂഗ്ൾ അവതരിപ്പിച്ച സംവിധാനമാണ് ആൻഡ്രോയ്ഡ് എർത്ത്‌ക്വേക്ക് അലേർട്ട് (എ.ഇ.എ). ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലാണ് ഇവ പ്രവർത്തിക്കുന്നത്. ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ നിന്ന് ഡാറ്റ ശേഖരിച്ചാണ് ആൻഡ്രോയ്ഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അഥവാ എ.ഇ.എ പ്രവർത്തിക്കുന്നത്.  ഇന്ത്യയിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായും നാഷണൽ സിസ്മോളജി സെന്ററുമായും സഹകരിച്ചാണ് ഗൂഗ്ൾ പ്രവർത്തിക്കുന്നത്.

അടുത്തിടെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ സംവിധാനം വളരെ ഫലപ്രദമാണെന്നും ഭൂകമ്പ മുന്നറിയിപ്പുകൾ നൽകുന്നതിൽ സർക്കാരിന്‍റെ ചെലവേറിയ സംവിധാനങ്ങൾക്ക് സമാനമായ പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നതെന്നും ചൂണ്ടികാണിക്കുന്നു.

മൂന്ന് വർഷത്തിനിടെ  സ്മാർട്ട്‌ഫോൺ അധിഷ്ഠിത സംവിധാനം 11,000-ത്തിലധികം ഭൂകമ്പങ്ങൾ കണ്ടെത്തി. ലോകത്തിലെ മൊത്തം സ്മാർട്ട്‌ഫോണുകളിൽ 70 ശതമാനവും ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ളതാണെന്നും 2021നും 2024 നും ഇടയിൽ ഗൂഗ്ൾ എ.ഇ.എ സിസ്റ്റം 98 രാജ്യങ്ങളിലായി 1.9 നും 7.8 നും ഇടയിൽ തീവ്രതയുള്ള ശരാശരി 312 ഭൂകമ്പങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു.

ഇതുവരെ മുന്നറിയിപ്പ് ലഭിച്ചവരിൽ 36 ശതമാനം ആളുകൾക്കാണ് ഭൂമികുലുക്കം ഉണ്ടാകുന്നതിന് മുമ്പ് അത് ലഭിച്ചത്. 28 ശതമാനം പേർക്ക് കുലുക്കം നടക്കുന്ന സമയത്തും 23 ശതമാനം പേർക്ക് കുലുക്കം തുടങ്ങിക്കഴിഞ്ഞുമാണ് അലേർട്ട് ലഭിച്ചതെന്നും ഗവേഷകർ പറയുന്നു. ഇത് ഇനിയും മെച്ചപ്പെടുത്താനുള്ള സാധ്യതകൾ നിലവിലുണ്ട്.

എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ആൻഡ്രോയ്ഡ് ഫോണുകളിലെ ആക്സിലറോമീറ്ററുകൾ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഭൂമിയിൽ കമ്പനങ്ങൾ ഉണ്ടാകുമ്പോൾ ആക്സിലറോമീറ്ററുകൾ അത് തിരിച്ചറിയുകയും ഭൂചലന സാധ്യത തിരിച്ചറിഞ്ഞാൽ ഫോണുകൾ ഗൂഗ്ളിന്റെ എർത്ത്ക്വെയ്ക് ഡിറ്റെക്ഷൻ സെർവറിലേക്ക് സിഗ്നലുകൾ അയക്കുകയും ചെയ്യുന്നു. ഭൂകമ്പം തിരിച്ചറിഞ്ഞ സ്ഥലത്തിന്റെ ഏകദേശ വിവരങ്ങളും ഇതിൽ ഉൾപ്പെടും.

ഭൂമികുലുക്കം ഉണ്ടാകുന്നതിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ വിവരം അറിയിക്കുന്നു എന്നതിനാൽ ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനാകുമെന്ന് ഗൂഗ്ൾ ഉറപ്പു നൽകുന്നു.

രണ്ട് തരം അലേർട്ട് ആണ് നൽകുക. 4.5 വ്യാപ്തിയിലുള്ള എം.എം.ഐ 3, 4 ഭൂകമ്പങ്ങൾക്ക് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ബി അവയർ അലർട്ട് (be aware alert) നൽകുന്നു.

4.5 വ്യാപ്തിയിൽ എം.എം.ഐ 5 ന് മുകളിലുള്ള ഭൂകമ്പനങ്ങൾക്ക് ടേക്ക് ആക്ഷൻ അലേർട്ട്(Take action alert) നൽകുന്നു. നിശ്ചിത സ്ഥലത്ത് നിന്നും ഒഴിയുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനാണിത്.

ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ ഫോണിലെ ‘ഡു നോട്ട് ഡിസ്റ്റർബ്’ സംവിധാനത്തെ മറികടന്നാണ് അറിയിപ്പുകൾ ലഭിക്കുക. സ്ക്രീൻ ഓൺ ആവുകയും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്യും. സുരക്ഷക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും അലർട്ടിൽ ഉണ്ടാവും.

ഭൂകമ്പത്തെ തുടർന്നുള്ള പ്രകമ്പനങ്ങൾ ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാൾ പ്രകാശ വേഗതയിലാണ് ഇന്റർനെറ്റ് സിഗ്നലുകൾ സഞ്ചരിക്കുക. അതുകൊണ്ട് ഭൂകമ്പനം ഉണ്ടാകുന്നതിന് സെക്കന്റുകൾക്ക് മുമ്പ് തന്നെ അറിയിപ്പുകൾ ഫോണിലെത്തും.

ആൻഡ്രോയ്ഡ് ഫോണിൽ നോട്ടിഫിക്കേഷൻ ഓൺ ആക്കുന്ന വിധം

  • നിങ്ങളുടെ ഫോണിൽ സെറ്റിങ്സ് എടുക്കുക
  • തുടർന്ന് 'സേഫ്റ്റി ആൻഡ് എമർജൻസി' എന്ന ഒപ്ഷൻ തെരഞ്ഞെടുക്കുക
  • ശേഷം 'ഏർത്ത് ക്വേക്ക് അലേർട്ട്' ഒപ്ഷൻ ഓൺ ചെയ്യുക.
Tags:    
News Summary - Android phones can detect earthquakes before they strike how to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.