പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ...

പവിഴപ്പുറ്റുകളുടെ നാട്ടിലൂടെ...

ഫോർട്ടുകൊച്ചി കടൽതീരത്തുനിന്നും നോക്കുമ്പോൾ കാണുന്ന കടലിന്റെ അനന്തതയിലേക്ക് എന്റെ മനസ്സ് ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആത്മാവും ശരീരവും ഒരുമിച്ച് ആ ചക്രവാളം വിട്ട് യാത്ര പോകുന്നത്. ഞങ്ങളുടെ സഞ്ചാര നൗക എം.വി. കോറൽ നങ്കൂരമഴിച്ച് കൊച്ചി കായലിന്റെ ഓളപ്പരപ്പിലൂടെ സൈറൺ മുഴക്കി സഞ്ചരിച്ചു തുടങ്ങിയപ്പോൾ എന്റെ സഞ്ചാരത്താളുകളിൽ ഒരു ചരിത്രനിമിഷം കൂടി കുറിക്കപ്പെട്ടു.

യാത്ര ഔദ്യോഗികമാണെങ്കിലും സഞ്ചാരിയെന്ന എന്റെ ഉള്ളം ആദ്യ കടൽയാത്രയുടെ ഉല്ലാസത്തിലായിരുന്നു. അനുവദിക്കപ്പെട്ട കിടപ്പുസ്ഥലം കണ്ടുപിടിച്ച് ബാഗും മറ്റും ഭദ്രമായിവെച്ച് കപ്പലിനെ മൊത്തത്തിലൊന്ന് പരിചയപ്പെട്ടു ആദ്യം. പിന്നീട് കൊച്ചിയെന്ന മഹാനഗരം പതിയെ കാഴ്ചയിൽനിന്നും മങ്ങി ഒരു ചക്രവാള നേർരേഖയാകുന്നതുവരെയും ആ ദൂരക്കാഴ്ചയുടെ ആസ്വാദന മുനമ്പിൽ കണ്ണുംനട്ടുനിന്നു ഞാൻ.

ഉച്ചവെയിലിന്റെ കാഠിന്യം മാറി സായംസന്ധ്യയുടെ പൊൻകിരണങ്ങൾ കണ്ട് തുടങ്ങിയപ്പോൾ കപ്പലിന്റെ മുകൾ തട്ടിലേക്ക് പോയി. പുറമെയുള്ള കാഴ്ച പെട്ടന്ന് വിജനതയുടെ ഭീകരത മനസ്സിൽ ജനിപ്പിച്ചു, കടലിലെ നീലിമയിൽ കുതിച്ചുപോകുന്ന ആ കപ്പലും ഏത് ദിശയിലേക്കു നോക്കിയാലും ചക്രവാളരേഖയും മാത്രം, കപ്പലിന്റെ സഞ്ചാരപഥത്തിലെ ഓളങ്ങൾ ഒരു വെളുത്ത പാടയായി ദൂരങ്ങളോളം പതഞ്ഞു കിടക്കുന്നതും കപ്പലിന്റെ മുകൾത്തട്ടു വരെ വന്നടിക്കുന്ന ജലകണികകളും മാത്രമായിരുന്നു ആ വിജനതയെ കീറിമുറിക്കുന്ന കാഴ്ചകൾ. സൂര്യൻ അസ്തമിച്ചിട്ടും ആകാശത്തിലെ പൊൻകിരങ്ങൾ മാഞ്ഞിട്ടുണ്ടായിരുന്നില്ല, കടലിന്റെ ഏകാന്തതയും തണുത്ത കാറ്റും മനസ്സിനെ വേറെ എവിടെയൊക്കെയോ മേയാൻ വിട്ടുകൊണ്ടിരുന്നു. അപ്പോഴും സാഗരമധ്യത്തിൽ ഒരേസമയം ഭയവും ഉല്ലാസവും മനസ്സിൽ വിതറിക്കൊണ്ട് ഓളങ്ങളെ കീറിമുറിച്ച് എം.വി കോറൽ പായുകയായിരുന്നു.

കടലിലെ ഓളങ്ങളിൽ ആ രാത്രിയാത്രക്ക് ദൈർഘ്യമുള്ളതായി തോന്നിയില്ല, പുലർച്ചെ അഞ്ചോടടുത്ത് അങ്ങ് ദൂരെ കരക്കാഴ്ചകൾ കണ്ടു തുടങ്ങി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറേ അറ്റത്ത് ചെറുകഷണങ്ങളായി ചിതറിക്കിടക്കുന്ന പവിഴപ്പുറ്റ്‌ മൂടിയ പാറകൾ കൊണ്ട് നിർമിതമായ ലക്ഷ്വദ്വീപ് സമൂഹത്തിലെ കവരത്തിയിലേക്കാണ് യാനമടുത്തുകൊണ്ടിരിക്കുന്നത്. വേലിയേറ്റം അനുകൂലമല്ലാത്തതുകൊണ്ട് താഴത്തെ ത്തട്ടിലെ വാതിലിലൂടെ ചെറുബോട്ടുകളിലായി കരക്കെത്തിക്കാനുള്ള ശ്രമമാരംഭിച്ചു. അനാർക്കലി സിനിമയിലെ നായകനിറങ്ങുന്ന അതേ സീൻ, ബോട്ടിലെയും കപ്പലിലെയും നല്ലവരായ ജീവനക്കാരും സ്നേഹം നിറഞ്ഞ നാട്ടുകാരും എല്ലാവരെയും കപ്പലിൽനിന്നും ബോട്ടിലേക്കിറങ്ങുവാൻ സഹായിച്ചുകൊണ്ടിരിന്നു. ഞാനുമിറങ്ങി ചെറുബോട്ടിൽ സ്ഥാനംപിടിച്ചു. പിന്നീടുള്ള യാത്ര ഒരു അക്വേറിയത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്നത് പോലെയുണ്ടായിരുന്നു. നീലിമയാർന്ന തെളിഞ്ഞ കടൽ വെള്ളത്തിൽ പവിഴപ്പുറ്റുകളും വർണ മത്സ്യങ്ങളും കാഴ്ചയുടെ ഉത്സവം സമ്മാനിച്ചുകൊണ്ടായിരുന്നു ആ പഞ്ചാരമണലിലിറങ്ങിയത്.

എനിക്കുള്ള താമസസ്ഥലം കണ്ടുപിടിച്ച് അവിടെ കയറിക്കൂടി, പിന്നീട് ഒഫീഷ്യൽ കാര്യങ്ങളിലേക്കും. "ഞാൻ ഇപ്പോൾ തിരക്കിലാണ്, അടുത്ത മൂന്ന് ദിവസം കൊണ്ട് തീർത്താൽ മതിയെന്ന്" ഓഫിസർ . രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും, അതന്നെ!. കേട്ടയുടൻ ഓട്ടോപിടിച്ച് താമസസ്ഥലത്തെത്തി, കാമറയും തൂക്കി കവരത്തിയിലേക്കിറങ്ങി.

കവരത്തി... വലിയ പട്ടണമൊന്നുമല്ല, ഒരു നാട്ടിൻപുറം, നമ്മുടെ നാട്ടിലെ ഒരു തീരദേശഗ്രാമം. ബോട്ടുജെട്ടി കഴിഞ്ഞാൽ പിന്നെ ആളുംആരവവുമൊന്നുമില്ല. ഏറ്റവും വലിയ ആഡംബര വാഹനം ഓട്ടോറിക്ഷയാണ്, അതിനു താഴെ ഇരുചക്ര മോട്ടോർ വാഹനങ്ങൾ, പിന്നെ സൈക്കിളും. ഇതെല്ലം താഴെ കടയിലെ ഉടമസ്ഥൻ പറഞ്ഞതാണ്, ബാക്കിയെല്ലാം വഴിയേ മനസ്സിലാകും എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ സൈക്കിൾ തിരികെ പോകുന്നതുവരെ ഉപയോഗിക്കാൻ തന്നു. കവരത്തി ഒരു യാത്രികന് വേണ്ട എല്ലാം ഒരുക്കി തന്നിരിക്കുന്നു, ഇനിയെന്ത് വേണം! അഞ്ചു കിലോമീറ്ററിൽ താഴെ നീളത്തിലും ഒന്നരക്കിലോമീറ്റർ വട്ടത്തിലും കിടക്കുന്ന കവരത്തി താണ്ടാൻ സൈക്കിൾ തന്നെ ധാരാളം.

കടലിന് സമാന്തരമായ റോഡിലൂടെ കടൽ കാറ്റേറ്റ് ഞാനങ്ങനെ പാറി നടന്നു. പക്ഷെ ഉച്ചയായതുകൊണ്ടും ഉച്ചിയിൽ നല്ല വെയിൽ ഏറ്റത്കൊണ്ടും വിശപ്പ് ചൂളം വിളിച്ച് തുടങ്ങിയതുകൊണ്ടും അധികദൂരം പാറി നടന്നില്ല. ഉച്ചയൂണും ഒരുറക്കവും കഴിഞ്ഞ് പുറത്തേക്ക്. എങ്ങും ഗ്രാമാന്തരീക്ഷം, അടുത്തടുത്തായി ചെറുവീടുകൾ, മതിൽ കെട്ടുകളില്ലാത്ത അയൽവക്കങ്ങൾ, അങ്ങിങ്ങായി ചെറുകടകൾ, യാത്രികർ നടന്നും സൈക്കിളിലും, ഇരുചക്രവാഹനങ്ങൾ, വല്ലപ്പോഴും കടന്നുപോകുന്ന ഓട്ടോറിക്ഷകൾ, എപ്പോഴോ ഒരു ചെറുലോറി കണ്ടു, അത്രയുമാണ് കവരത്തിയുടെ വാഹനപ്പെരുമ. നമ്മൾ ഇവിടെ 60 മീറ്റർ വീതിയിൽ റോഡ് പണിയുമ്പോൾ അവിടത്തെ ഏറ്റവും വീതികൂടിയ റോഡ് മൂന്നു മീറ്ററിൽ താഴെയുള്ളൂ.

കവരത്തിയുടെ കാഴ്ചകൾ കണ്ടുള്ള ഹൈവേയിലൂയോടെയുള്ള സൈക്കിൾ സവാരി എന്നെ ഒരു ബീച്ചിനരികിലെത്തിച്ചു. പഞ്ചാരമണൽ പൂണ്ടുകിടക്കുന്ന കടൽതീരം, നീലിമയാർന്ന സാഗരം, സ്ഫടിക തെളിമയാർന്ന ആഴിയും ഓളങ്ങളും, ആ പാരാവാരത്തിന്റെ സന്ധ്യാരാഗത്തിൽ ഇളം കാറ്റേറ്റ് ഞാനങ്ങനെ ഭ്രമിച്ചുനിന്നു. സന്ധ്യ മയങ്ങിയപ്പോൾ തിരിച്ച് റൂമിലേക്കും, അവിടെനിന്നും ജോലിത്തിരക്കിലേക്കും.

രണ്ടാം നാൾ...കവരത്തിയുടെ ആഴങ്ങളിലേക്ക്

 

പ്രഭാതത്തിൽ കടൽതീരത്തേക്ക് ഒരു നടത്തം, സൈക്കിൾ സവാരി. കൂട്ടിന് ജംഹർ എന്ന അമ്മേനി ദ്വീപുകാരൻ, എന്നെ ദ്വീപ് കാണിക്കാൻ വന്നതാണ്. ആദ്യം പൊലീസ് സ്റ്റേഷനിലേക്ക്. മറുനാട്ടുകാർ വന്നാൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം അതാണ് ചട്ടം. ആദ്യ ദിവസം ചെയ്യേണ്ടതായിരുന്നു, ജംഹർ പറഞ്ഞപ്പോഴാണ് അക്കാര്യം മനസ്സിലായത്. ഇനി ധൈര്യമായി ദ്വീപിൽ ചുറ്റിനടക്കാം. ദ്വീപിൽ കള്ളന്മാരുമില്ല ജയിലുമില്ല എന്ന സത്യം അതൊരത്ഭുതമായി, നമ്മുടെ നാട്ടിൽ ഉള്ള ജയിലുകൾ മതിയാകുന്നില്ല. അഞ്ചുകി.മീ നീളവും മൂന്നു കി.മീയിൽ താഴെ വീതിയുമുള്ള ദ്വീപിൽ കൊള്ളയും കൊലയും നടത്തിയിട്ട് എവിടെ ഒളിക്കാനും ഒളിപ്പിക്കാനുമല്ലേ, ഓടിയാൽ എവിടെ വരെ ഓടും! അതുമല്ല പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്ന ദേശക്കാർ അവർക്കിടയിൽ എന്ത് കൊള്ള, കൊല! കവരത്തിയുടെ ഹെലിപ്പാടാണ് ആ വാലറ്റത്തിന്റെ അവസാനം. പവിഴപ്പുറ്റ്‌ തിട്ടയിൽ ഇടിച്ചു കയറിയ പഴയ ഒരു കപ്പൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അവിടെ കിടപ്പുണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ് യാത്ര ഒരു മ്യൂസിയത്തിലേക്കാണ്, പോകുന്ന വഴിക്ക് പട്ടാളക്ക്യാമ്പും അവിടെ ഒരു ഭഗവതിക്ഷേത്രവും കണ്ടു. ലക്ഷദ്വീപിന്റെ കടൽ വിഭവങ്ങളുടെ ഒരു കാഴ്ചക്കൊട്ടാരമായിരുന്നു ആ മ്യൂസിയം, വിവിധ തരത്തിലുള്ള പവിഴപ്പുറ്റുകളൂം, മുത്തുകളും, മത്സ്യങ്ങളും, മൽസ്യ അസ്ഥികൂടങ്ങളും എല്ലാം അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെനിന്നും വീണ്ടും കവരത്തിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ. ചെന്ന ദിവസം മുതൽ നടത്തിയ പക്ഷി നിരീക്ഷണം വലിയ നിരാശയാണ് നൽകിയത്, കുറച്ചു കുയിലുകളെ കാണാനായി, പിന്നെ കടൽ തീരത്തായി നീർക്കാട (Common Sandpiper), മണൽക്കോഴി (Greater Sand Plover) എന്നിവയെയും കണ്ടു. അതിൽ കൂടുതൽ ഒന്നും എന്റെ കണ്ണിൽപെട്ടില്ല. കാക്കകളെ കാണാതിരുന്നത് ഒരത്ഭുതമായി.

മുസ്‍ലിം മതസ്ഥരാണ് ദ്വീപിൽ ഭൂരിഭാഗവും, അതുകൊണ്ടുതന്നെ മുസ്‍ലിം പള്ളികളും അടുത്തടുത്തായി കണ്ടിരുന്നു.പുരാതന മാതൃകയിൽ പണിതട്ടുള്ള ഓരോ പള്ളിയോടും ചേർന്ന് കൽപ്പടവുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ കുളങ്ങളുമുണ്ട്. അപ്പോഴാണ്‌ കുടിവെള്ളത്തെ കുറിച്ച് ആലോചിച്ചത്, കടലിനാൽ ചുറ്റപ്പെട്ടതായതിനാൽ വെള്ളത്തിന് മുട്ടില്ല, പക്ഷെ കുടിവെള്ളം? പണ്ട് കാലത്തൊക്കെ പള്ളിക്കുളങ്ങളായിരുന്നു കുടിവെള്ള സ്രോതസ്സ്, ഇപ്പോൾ കടൽ വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനമുണ്ട്. ജംഹർ എന്നെ ജല ശുദ്ധീകരണശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ആഴക്കടലിൽനിന്ന് വെള്ളം പമ്പ് ചെയ്ത് അരിച്ചെടുത്ത് ശീതീകരിച്ചുണ്ടാകുന്ന ബാഷ്പങ്ങളെ വീണ്ടും സാന്ദ്രീകരിച്ച് ശുദ്ധവെള്ളമാക്കുന്ന പ്രക്രിയ. കവരത്തിയെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും അങ്ങിനെ ഒരു ദിവസം കൂടി അസ്തമിച്ചു.

മൂന്നാം നാൾ... വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക്

കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് കവരത്തിയുടെ ഓരോ വഴിയും, എന്തിനു മണൽ തരികൾ വരെ അരിച്ചുപെറുക്കി, ഇനിയെന്ത് എന്ന ചോദ്യം മനസ്സിനെ വഴിമുട്ടിക്കുമ്പോഴാണ് ജംഹർ ജല വിനോദങ്ങളെ പറ്റി പറഞ്ഞത്, എന്നാ പിന്നെ അങ്ങോട്ടേക്കായേക്കാം. നേരെ കവരത്തി സ്പോർട്സ് കേന്ദ്രത്തിലേക്ക്, നടക്കാനുള്ള ദൂരം മാത്രം. വാട്ടർ സ്പോർട്സുകളായ സ്കൂബാ ഡൈവിങ്, സ്‌നോർക്ലിങ്, ഗ്ലാസ് ബോട്ട് റൈഡിങ്, കയാക്കിങ് അങ്ങനെയുള്ള സംഗതികളാണ് പ്രധാനമായും, പിന്നെ ബീച്ച് വോളിബാൾ, ടേബിൾ ടെന്നീസ് മുതലായവയും. ടൂറിസ്റ്റുകളായി വരുന്നവർക്കുള്ള കവരത്തിയിലെ ഏക ഉല്ലാസകേന്ദ്രവും കൂടിയാണിത്. ഞാൻ ആദ്യം സ്‌നോർക്ലിങ് തിരഞ്ഞെടുത്തു.ഞാനും എന്റെ ഗൈഡും ബോട്ടിന്റെ സാരഥിയും കൂടി സ്‌നോർക്ലിങിനായി പുറപ്പെട്ടു,ആദ്യം സ്‌നോർക്ലിങ് ഉപകരണങ്ങൾ മുഖത്ത് വെച്ച് നീന്താനുള്ള പരിശീലനമായിരുന്നു, പിന്നെ ഗൈഡിനോടൊപ്പം നീന്തി

 ടെലിവിഷൻ ചാനലുകളിൽ മാത്രം കണ്ടുപരിചയമുള്ള കാഴ്ചകൾ കണ്മുന്നിൽ വളരെ തെളിമയോടെ വ്യക്തമായി അനുഭവിച്ചപ്പോൾ അതൊരു സ്വപ്നമാണോ എന്ന് ഒരു നിമിഷം സംശയിച്ചുപോയി. വിവിധ വർണത്തിലുള്ള മത്സ്യങ്ങളും, പവിഴപ്പുറ്റുകളും മറ്റനേകം പേരറിയാത്ത ജീവജാലങ്ങളും അധിവസിക്കുന്ന മായികലോകമായിരുന്നു അത്, ഒരു അണ്ടർ വാട്ടർ വേൾഡ്. കൈപിടിച്ച് നീന്തുന്നതിനിടെ ഗൈഡ് ഓരോന്നും ചൂണ്ടിക്കാണിച്ചു തരും, കുറച്ചു നീന്തിയതിനുശേഷം പവിഴപ്പാറകളിൽ നിൽക്കും. പാമ്പുകൾ, വിവിധയിനം കോറൽസ്, ചിപ്പി, മൽസ്യങ്ങൾ അങ്ങനെ ഒരുപാട് കടൽ ജീവികളെ കാണാനും അറിയാനും സാധിച്ചു.

കറി താളായാലും തേങ്ങ വേണം എന്ന് പറഞ്ഞപോലെയാണ് അവിടത്തെ ഭക്ഷണം, മീനോ, മീൻ കറിയോ ഇല്ലാത്ത നേരമില്ല. എല്ലാനേരവും മീൻ വിഭവങ്ങൾ, വെറും മീനല്ല, നല്ല ഒന്നാന്തരം ചൂര (tuna), മൂന്ന് നേരവും കലർപ്പില്ലാത്ത, വിഷമയമല്ലാത്ത മീൻ വിഭവങ്ങൾ. മീൻ കറിയുടെഒക്കെ ഒരു സ്വദേ! കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ നേരവും ഭക്ഷണം കഴിക്കുന്നത് ഒരേ ഹോട്ടലിൽ നിന്നുമാണ്, മാത്രവുമല്ല ആ ഹോട്ടൽ നടത്തുന്നയാൾ നാട്ടിൽ കായംകുളത്തുകാരനുമാണ്. എന്നാൽപിന്നെ ദ്വീപിന്റെ തനതു രുചി ആസ്വദിക്കാം എന്നുവെച്ചപ്പോൾ അവിടെ അങ്ങനെ ഒന്നില്ല, ചെറിയ ചായക്കടകളും ജ്യൂസ് കടകളും മാത്രമാണ് അവരുടേതായിട്ടുള്ളൂ.

തിരിച്ചു പോകുന്നതിനുള്ള കപ്പൽ ടിക്കറ്റെടുക്കാൻ ചെന്നപ്പോഴാണ് കൊച്ചിയിലേക്കുള്ള അടുത്ത കപ്പൽ നാല് ദിവസം കഴിഞ്ഞേ ഉള്ളൂ എന്നറിഞ്ഞത്. അടുത്ത മാർഗം അന്വേഷിച്ചപ്പോഴാണ് അഗത്തിയിൽനിന്നും കൊച്ചിയിലേക്ക് എല്ലാ ദിവസവും രാവിലെ വിമാന സർവിസുള്ള കാര്യം അറിയുന്നത്, മനസ്സിൽ ലഡ്ഡു പൊട്ടി, അടുത്ത ദ്വീപ് കാണാനുള്ള അവസരം. പിന്നെ ഒന്നും ആലോചിച്ചില്ല, അടുത്ത ദിവസം രാവിലെ അഗത്തിയിലേക്ക് പോകാനുള്ള ബോട്ട് ടിക്കറ്റ് ബുക്ക് ചെയ്തു.

ജംഹർ അവിടെയുള്ളവരുടെ ജീവിതത്തെ കുറിച്ച് പറയുകയായിരുന്നു. ദ്വീപുകാർ തമ്മിൽ സംസാരിക്കുന്നത് ജസരി എന്ന ലിപിയില്ലാത്ത ഭാഷയാണ്, കേട്ടാൽ മലയാളത്തിനോട് ഏതാണ്ടൊക്കെ സാമ്യം ഉണ്ടെങ്കിലും, തമിഴും കന്നഡയും ഉർദുവും എല്ലാം കൂട്ടി കലർത്തിയതാണ് ജസരി എന്നാണ് കേൾക്കുമ്പോൾ മനസ്സിലാക്കുന്നത്. സൗകര്യങ്ങൾ കുറവാണെങ്കിലും മിക്കവാറും പേരും ദ്വീപ് വിട്ട് പുറത്തേക്ക് പോകുവാൻ ആഗ്രഹിക്കാത്തവരാണ്.


കൂടുതൽപേരും മത്സ്യബന്ധന തൊഴിലാളികളാണ്. ദ്വീപിനു ചുറ്റും ട്യൂണ സുലഭമായത്കൊണ്ട് ലഭ്യതക്ക് കുറവൊന്നുമില്ല. സ്വന്തം ആവശ്യവും ദ്വീപിലെ വിൽപനയും കഴിഞ്ഞുള്ള മൽസ്യങ്ങൾ മറ്റുസ്ഥലങ്ങളിലേക്ക് കയറ്റിയയക്കും. ബാക്കിയുള്ളത് ഉണക്കിയെടുക്കുകയോ മറ്റു മൽസ്യ ഉപോൽപന്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. തിരിച്ചു നടക്കുമ്പോൾ കവലയിൽ നല്ല പിടക്കുന്ന ചൂര വിൽക്കുന്നത് കണ്ട് കൊതിയൂറി, കണ്ടാൽ പത്ത് കിലോ മുകളിൽ തൂക്കം വരുന്ന മീൻ ആവശ്യക്കാർക്ക് മുറിച്ചു വിൽക്കുന്നു.

കവരത്തിയിൽ കണ്ടവർ, പരിചയപെട്ടവർ എല്ലാം കലർപ്പില്ലാത്ത നിസ്വാർഥ സ്നേഹത്തിന്റെ ഉടമകൾ ആയിരുന്നു, ആഴക്കടലിനു നടുക്കാണ് അവരുടെ വാസം എങ്കിലും ആഴക്കടലിനോളം സ്നേഹം അവരുടെ ഓരോരുത്തരുടെയും മനസ്സിലുണ്ട്. ജീവിതത്തിന്റെ മൂന്ന് മറക്കാനാവാത്ത ദിവസങ്ങളാണ് കവരത്തി എനിക്ക് സമ്മാനിച്ചത്.

നാലാം നാൾ - അഗത്തിയുടെ അകത്തളങ്ങളിലൂടെ...

രാവിലെ ആറു മണിക്ക് കവരത്തി ബോട്ട് ജെട്ടിയിൽ ഹാജരായി, സമയമായപ്പോൾ ഔദ്യോഗിക പരിശോധനകൾ എല്ലാം കഴിഞ്ഞ് അകത്തു കയറി. ബോട്ട് എന്ന് പറഞ്ഞാൽ ഇരുന്ന് യാത്ര ചെയ്യാൻ സൗകര്യമുള്ള ഒറ്റ ഡക്കുള്ള ഒരു കുഞ്ഞൻ കപ്പൽ, യാനം എന്നൊക്കെ വിളിക്കും. അഗത്തിവരെയുള്ള രണ്ട് മണിക്കൂർ വീണ്ടും വിജനതയുടെ നിഴലാട്ടങ്ങളും സാഗരകണികകളുടെ ഓളങ്ങളും കൂട്ടിനെത്തി.

പത്ത് മണിയോടടുപ്പിച്ച് അഗത്തിയിൽ എത്തി, ബോട്ട് ജെട്ടിയിൽ നിന്നും കുറച്ച് അകലെയാണ് പ്രധാന ജംഗ്ഷൻ. ഉച്ചകഴിഞ്ഞ് അഗത്തി കാണാനിറങ്ങി, എല്ലാം കവരത്തി പോലെ തന്നെ, ഏഴ് കി.മീ നീളവും ഒരു കി.മീ വീതിയുമുള്ള ദ്വീപാണ് അഗത്തി. കാണുന്ന വഴികളിലൂടെയെല്ലാം സൈക്കിൾ ചവിട്ടി, അവസാനം ഒരറ്റത്ത് എത്തി, അവിടെയാണ് ലക്ഷ്വദ്വീപിന്റെ വിമാനത്താവളം. വിമാനത്താവളത്തിനടുത്ത് ആൾ താമസമൊന്നുമില്ല, തെങ്ങിൻ തോപ്പുകളും പിന്നെ പച്ചകൃഷികളും. കടൽതീരം ശാന്തമായി കിടക്കുന്നത് കണ്ടു അവിടെ ഇറങ്ങി. കോറൽ റീഫിന്റെ അറ്റത്തായി കുറച്ചുപേർ എന്തോ ചെയ്യുന്നത് കാണാമായിരുന്നു. ഞാനും കുറച്ചു ദൂരം കടലിൽ ഇറങ്ങി നടന്നു.

അസ്തമയ ചുകപ്പിന്റെ പ്രതിഭിംബം നീല കടലിന്റെ നീലിമയെ മാച്ചുകളയാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും തിരിച്ചു. വഴിയിൽ പരിചയപ്പെട്ട അന്നാട്ടുകാരൻ കരിക്കും നീരയും തന്നു. പവിഴപ്പുറ്റുകളിൽ വളരുന്ന കല്പ വൃക്ഷത്തിന്റെ ഫലങ്ങളുടെ സ്വാദ് ഒന്ന് വേറെ തന്നെയായിരുന്നു. നീരയുടെ കാര്യം പിന്നെ പറയണ്ടല്ലോ, നീരയുടെ ലഹരിയിൽ അഗത്തിയുടെ ഗ്രാമാന്തരീക്ഷം ആസ്വദിച്ചുകൊണ്ട് വടക്കേ അറ്റത്തേക്ക് സൈക്കിൾ ചവിട്ടി.

വടക്കേ അറ്റത്ത് എത്തിയപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു. വിശാലമായ കടൽ തീരവും അതിനോടനുബന്ധിച്ച ഭക്ഷണശാലകളുമെല്ലാം ഉള്ള ഒരിടം. ശാന്തമായി തിരയടിക്കുന്ന അറബിക്കടലിൽ നിന്ന് ഒഴികവരുന്ന ഇളം ചൂടുള്ള കാറ്റേറ്റ് ആ മുനമ്പിന്റെ നടുക്കായി ഞാനിരുന്നു. മൂന്നു വശവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലിന്റെ വിജനതയിൽ, ഈ അണ്ഡകടാഹത്തിന്റെ ഏതോ വടക്ക് കിഴക്കേ മൂലയിൽ ഇരിക്കുന്ന പ്രതീതിയാണപ്പോൾ തോന്നിയത്. രാത്രിയായപ്പോൾ ആസ്വാദനത്തിന്റെ മുനമ്പിൽനിന്നും തിരികെ താമസ സ്ഥലത്തേക്ക്.

അഞ്ചാം നാൾ...  പിൻവിളികളിലൂടെ

ഉദയ സൂര്യൻ ഉണരുന്നതിനു മുൻപേ പഞ്ചാര മണലിൽ പുതഞ്ഞുകിടക്കുന്ന കടൽ തീരത്തുകൂടി നഗ്നപാദനായി അഗത്തിയുടെ പുലർകാല ദർശനത്തിലേക്ക് നടന്നു. കാറ്റാടി ചെടികളുടെ ഇടയിൽ നിന്നും വന്ന കുഞ്ഞു കിളികളുടെ കളകള ശബ്ദം തിരമാലകളോടൊപ്പം സംഗീത സാന്ദ്രമാക്കി. കിളിപ്പാട്ടിന്റെ ഉറവിടം ഏറെ അത്ഭുതപ്പെടുത്തി, നമ്മുടെ നാട്ടിൽ പശ്ചിമ മലനിരകളിൽ മാത്രം കണ്ടു വരുന്ന വെള്ളക്കണ്ണി കുരുവി കൂട്ടമായി ആ കാറ്റാടി മരങ്ങളിൽ കൂടുകൂട്ടി കുടുംബമായി താമസിക്കുന്നു.

വിട ചൊല്ലുവാൻ സമയമായിരിക്കുന്നു, മൂന്നു ദിവസത്തെ കവരത്തി വാസവും ഒരു ദിവസത്തെ അഗത്തി വാസവും കഴിഞ്ഞ് അഞ്ചാം നാൾ ലക്ഷ്വദ്വീപിനോട് വിട. നാളുകളുടെ ആഗ്രഹമായിരുന്നു ലക്ഷ്വദ്വീപ് സഞ്ചാരം, ആ ആഗ്രഹം നിനച്ചിരിക്കാത്ത സമയത്ത് ഒക്ടോബർ മാസത്തിലെ ഒരു ചൊവ്വാഴ്ച എം.വി കോറൽ എന്ന കപ്പലിൽ കവരത്തിയിൽകൊണ്ട് ഇറക്കിവിട്ടു. പിന്നീടുള്ള അഞ്ചു ദിവസം കവരത്തിയിലും അഗത്തിയിലുമായി ഒരു പൂമ്പാറ്റയെപോലെ ഞാൻ പാറി നടന്നത് പരമാർഥം...

Tags:    
News Summary - Through the land of coral reefs...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.