തൊടുപുഴ: ഓണക്കാലമെത്തിയതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ പ്രതീക്ഷകളുടെ പൂക്കാലം. മാസങ്ങളായി തുടരുന്ന കാലവർഷത്തിൽ തിരിച്ചടിയേറ്റ ജില്ലയിലെ വിനോദ സഞ്ചാര മേഖല കരകയറുന്നതിനുളള മാർഗമായാണ് ഈ ഓണക്കാലത്തെ കാണുന്നത്.അതു കൊണ്ട് തന്നെ വിനോദ സഞ്ചാരമേഖലയിൽ അതിനായുളള ഒരുക്കവും തകൃതിയാണ്. ഓണാവധിയോടൊപ്പം മഴമാറി ആകാശം തെളിഞ്ഞ് നിന്നാൽ ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കിനാണ് സാധ്യത. ഓണാവധി കൂടിയെത്തിയതോടെ പ്രദേശങ്ങൾ ഉത്സവ ലഹരിയിലുമാണ്.
കാലവർഷം; കനത്ത തിരിച്ചടി
ഇടവിട്ട് ശക്തമായെത്തിയ കാലവർഷം ഇത്തവണ ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. മഴ കനത്തതിനെ തുടർന്ന് പലവട്ടമാണ് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണികളെ തുടർന്ന് വിനോദ സഞ്ചാരമേഖലയിൽ ജില്ലാ ഭരണ കൂടം നിയന്ത്രണവും ഏർപ്പെടുത്തിയത്. ഇതോടെ മധ്യ വേനലവധിക്കാലം പാതിയെത്തിയത് മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ എണ്ണം കുറഞ്ഞു.
ഇതോടെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവിതവും പ്രതിസന്ധിയിലായി. ഓരോ പ്രദേശത്തും നൂറുകണക്കിന് പേരാണ് മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. 2018 ലെ പ്രളയത്തിനും പിന്നാലെയെത്തിയ കോവിഡിനും ശേഷം പുതുജീവനിലേക്കെത്തിയ നിലയിലായിരുന്നു വിനോദ സഞ്ചാര രംഗം. എന്നാൽ ഇക്കുറി പതിവിലും കൂടുതൽ കാലവർഷം കനത്തതോടെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാകുകയായിരുന്നു.
സഞ്ചാരികളെ മാടി വിളിച്ച് ഇടുക്കി
ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം നാട്ടിലും മറു നാട്ടിലും കേൾവി കേട്ടതാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ സീസണിലും മലയോര ജില്ലയുടെ വശ്യത ആസ്വദിക്കാനെത്തുന്നത്.മൂന്നാറിന്റെ മഞ്ഞും കുളിരും ആസ്വദിക്കാനെത്തുന്ന വിദേശികളും കുറവല്ല.ഇവിടെ ഹൈഡൽ പാർക്കും വരയാടുകളുടെ സംഗമഭൂമിയായ രാജമലയുമെല്ലാം സഞ്ചാരികളുടെ മനം കവരും.ഇതോടൊപ്പമാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ വശ്യത.
വനത്തിലൂടെയുളള ട്രക്കിങ് ,ആനസവാരി, ബോട്ടിങ് അടക്കമുളള സൗകര്യങ്ങളുമായി തേക്കടിയും മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ആപ്പിൾ തോട്ടങ്ങളും മറയൂരിലെ ചന്ദനക്കാടുകളും മുനിയറകളും ചിന്നാർ വന്യജീവി സങ്കേതവും, ശ്രീനാരായണപുരം, അഞ്ചുരുളി വെള്ളച്ചാട്ടങ്ങളും രാമക്കൽമേടും അവിടെ നിന്ന് ആമപ്പാറയിലേക്കുളള ഓഫ് റോഡ് യാത്രയുമെല്ലാം ഏതൊരുസഞ്ചാരിയുടേയും മനംകവരുന്നതാണ്.ഇലവീഴാപൂഞ്ചിറയും വാഗമണുമെല്ലാം സഞ്ചാരികൾ നെഞ്ചേറ്റുമ്പോൾ അത് ജില്ലക്ക് അഭിമാനമാണ്.
സഞ്ചാരികളെ കാത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ
ഓണത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ തിങ്കളാഴ്ച മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവായി. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ല ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശന അനുമതി നിഷേധിച്ചിട്ടുണ്ട്.ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് പൊതുജനത്തിന് സന്ദർശാനാനുമതി നൽകുക. ഡാമിന്റെയും സന്ദർശകരുടെയും സുരക്ഷയ്ക്ക്ക്ക് പൊലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. www.keralahydeltourism.comവെബ്സൈറ്റ് വഴി പാസ് നേടാം.
മുതിര്‍ന്നവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയുമാണ് സദർശനത്തിനും ബഗ്ഗി കാർ യാത്രക്കുമായി ടിക്കറ്റ് നിരക്ക്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ് വഴിയാണ് .ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിന് ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെ നിന്നും ടിക്കറ്റ് എടുക്കാം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധന
വിവിധ കേന്ദ്രങ്ങളില്‍ ഈ വര്‍ഷമെത്തിയത് ഇരുപത് ലക്ഷത്തോളം പേരാണ്. ജൂലൈ വരെയുളള കണക്കുകള്‍ പ്രകാരം 19,42,354 ടൂറിസ്റ്റുകള്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുള്ള പന്ത്രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. ഓണക്കാലമായതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം വാഗമണാണെന്നാണ് കണക്കുകൾ പറയുന്നത്. വാഗമണ്‍ പുല്‍മേടും മൊട്ടക്കുന്നുകളും കാണാന്‍ 5,43,979 സഞ്ചാരികളും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 5,08,505 ടൂറിസ്റ്റുകളും എത്തി. ഗ്ലാസ് ബ്രിഡ്ജാണ് ഇവിടെ മറ്റൊരാകർഷണം. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ 3,15,317 പേരെത്തി. രാമക്കല്‍മേട്, പാഞ്ചാലിമേട്, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും സന്ദര്‍ശക പ്രവാഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.