വാഷിങ്ടൺ: ടേക്കോഫിന് തൊട്ടുമുമ്പ് റൺവേയിൽ തീയും പുകയും, എമർജൻസി എക്സിറ്റിലൂടെ യാത്രക്കാർ ഊർന്നിറങ്ങുന്നു. ചുറ്റും പുക. ഓടുന്നതിനിടെ കാലുതെറ്റി മറിഞ്ഞുവീഴുന്നു... യു.എസിലെ കൊളറാഡോയിലുള്ള ഡെൻവർ വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിന് അപ്രതീക്ഷിതമായി ലാൻഡിങ് ഗിയറിനുണ്ടായ തകരാറാണ് വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. യാത്രക്കാരായ 173 പേരും സുരക്ഷിതരാണെന്നും ഒരാൾക്ക് ചെറിയ പരിക്കുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡെൻവറിൽനിന്ന് മയാമിയിലേക്കുള്ള എഎ-3023 ബോയിങ് 737 മാക്സ് 8 വിമാനത്തിലെ യാത്രക്കാരാണ് പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് ടയറിലുണ്ടായ പ്രശ്നമാണ് റൺവേയിൽ തീയും പുകയും ഉയർത്തിയതെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. പുക പടർന്ന വിമാനത്തിന്‍റെ എക്സിറ്റിലൂടെ ഊർന്നുവരുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.45ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാൽ സാങ്കേതിക തകരാർ വന്നതോടെ യാത്രക്കാരെ ഒഴിപ്പിക്കുകയും ബസിൽ ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. സമാന രീതിയിൽ ഇക്കഴിഞ്ഞ മാർച്ചിലും ഡെൻവർ വിമാനത്താവളത്തിൽ അപകടമുണ്ടായി. അന്നത്തെ തീപിടിത്തത്തിലും ആളപായം ഒഴിവാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.