സൻആ: കൊലപാതകക്കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നതിലുറച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി വീണ്ടും രംഗത്ത്. വിഷയത്തിൽ ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പേരെടുത്ത് പറഞ്ഞാണ് ഫത്താഹിന്റെ ഫേസ്ബുക് കുറിപ്പ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും എന്ന് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.
മധ്യസ്ഥ ചർച്ചക്ക് ആരുമായാണ് ബന്ധപ്പെട്ടതെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കള്ളവാർത്തകൾ വീണ്ടും പ്രചരിക്കാതിരിക്കാൻ തലാലിന്റെ രക്തബന്ധുക്കളുമായി അവർ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ സത്യത്തെ വളച്ചൊടിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
‘കുറ്റകൃത്യത്തിന് വീരപരിവേഷം നൽകി, അതിവൈകാരികത വളർത്തി, സത്യത്തെ തച്ചുടച്ചു കൊണ്ടുള്ള പ്രചരണങ്ങള്‍ക്ക് ഇന്ത്യൻ മാധ്യമങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നു. സത്യത്തെ വളച്ചൊടിക്കുന്ന മാധ്യമരീതിയാണിത്. അസത്യത്തിന്റെ കച്ചവടമാണിത്. കാരുണ്യത്തിന്റെ പേരിൽ ചില ‘അഡ്വക്കേറ്റുമാർ’ നമ്മുടെ ചെലവിൽ വിജയികളാകാന്‍ ശ്രമിക്കുന്നു. ഒരു മനുഷ്യനെ ക്രൂരമായി കൊലചെയ്യുകയും ശരീരം വെട്ടിമുറിക്കുകയും ചെയ്തതിന്‍റെ വിലയാണിത്’ -അദ്ദേഹം തുടരുന്നു.
‘ബഹുമാന്യനായ മതപ്രഭാഷകന്റെ ഓഫീസിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങൾ സമാധാനത്തിന് സമ്മതിച്ചുവെന്ന് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചു. അത് പൂർണ്ണമായും തെറ്റായ വിവരമാണ്. ഞങ്ങൾ ഇത് വ്യക്തമായി പറയുന്നു: കാന്തപുരം എന്ന ദൈവഭക്തൻ വ്യക്തമാക്കണം – അദ്ദേഹവുമായി ബന്ധപ്പെട്ടത് ആര്? അവർ ഞങ്ങൾ രക്ത ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ഇത്തരത്തിലുള്ള കള്ളവാർത്തകൾ വീണ്ടും പ്രചരിക്കാതിരിക്കാൻ ഈ കാര്യങ്ങൾ വ്യക്തമാക്കണം.
അതുപോലെ തന്നെ, ആ വ്യക്തികളെയും ഞങ്ങളെയും ഏതെങ്കിലും ടെലിവിഷൻ ചാനലിലൂടെ ലൈവ് സംവാദം നടത്താൻ ഇത്തരക്കാരോട് കാന്തപുരം ആവശ്യപ്പെടണം. മനുഷ്യരഹിതമായ ക്രൂരതകൊണ്ട് സത്യത്തെ ഇല്ലായ്മചെയ്ത ഒരു കൊലയാളിയെ കരുണയോടെ കാണാൻ നമ്മുടെ ഇസ്‍ലാം ഒരിക്കലും അംഗീകരിക്കില്ല. മതത്തിന്റെ പേരിൽ ക്ഷമ ചോദിക്കാനും, അതിന്റെ മറവിൽ കുത്സിതമായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും അനുവാദമില്ല. ‘ബുദ്ധിമാന്മാരേ! പ്രതിക്രിയ ചെയ്യുന്നതിലാണ് ജീവൻ, നിങ്ങൾ ഭയഭക്തി ഉള്ളവരാകുവിൻ’ എന്നാണ് അല്ലാഹു പറയുന്നത്. അത് പോലെ തന്നെ, നീതിമൂല്യമുള്ള ഇസ്‍ലാമിക ശരീഅത്തിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ യെമൻ ഭരണഘടനയും ന്യായവ്യവസ്ഥയും. കൊലയാളിക്കെതിരായ കോടതി വിധികളെ ആദരിക്കുകയും, ആ വിധിയിൽ ഉള്ള നീതിയെ സംരക്ഷിക്കുകയും ചെയ്യുന്നത് ബാധ്യതയാണ്. രക്തത്തിന്റെ അവകാശികളുടെ വേദനയും അവകാശവും ആദരിക്കുകയും അവരടയാളപ്പെടുത്തിയ ദൈവീക വിധിയെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് നീതിയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ്’ -അദ്ദേഹം കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.