ഗസ്സയിലെ പട്ടിണിയുടെ ദൃശ്യം
ഗസ്സ സിറ്റി: അതിർത്തികൾ അടച്ചും ഭക്ഷ്യകേന്ദ്രങ്ങളിൽ കൂട്ടക്കൊല തുടർന്നും ഇസ്രായേൽ കൊടുംപട്ടിണിയിലാക്കിയ ഗസ്സയിൽ മൂന്ന് കുട്ടികളടക്കം എട്ടു മരണം കൂടി. ഇതോടെ പട്ടിണി മരണം 106 കുരുന്നുകളടക്കം 235 ആയി. 24 മണിക്കൂറിനിടെ 123 ഫലസ്തീനികളെയാണ് ഇസ്രായേൽ സേന കൊലപ്പെടുത്തിയത്.
ആക്രമണം രൂക്ഷമാക്കിയ ഗസ്സ സിറ്റിയിലാണ് ഏറ്റവും കൂടുതൽ മരണം.ബുധനാഴ്ച മാത്രം ഇവിടെ 33 പേർ ഇസ്രായേൽ കുരുതിക്കിരയായി. ഗസ്സ സിറ്റിയിലെ സൈത്തൂൻ പ്രദേശത്ത് കനത്ത ബോംബിങ്ങിൽ 12 പേർ കൊല്ലപ്പെട്ടപ്പോൾ സബ്റ, ശൈഖ് റദ്വാൻ എന്നിവിടങ്ങളിലും സമാനമായ ആക്രമണം നടന്നു. ഭക്ഷണം കാത്തുനിന്ന 21 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഭക്ഷണത്തിന് വരിനിന്ന് കൂട്ടക്കുരുതിക്കിരയായവരുടെ എണ്ണം ഇതോടെ 1,859 ആയി. മൊത്തം മരണം സ്ഥിരീകരിക്കപ്പെട്ടത് 61,722ഉം. വടക്കൻ ഇസ്രായേലിൽ അവശേഷിച്ച കെട്ടിടങ്ങളും തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ ബോംബിങ് തുടരുകയാണ്. സമ്പൂർണമായി താമസ ശൂന്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബയ്ത് ഹാനൂൻ, ബയ്ത് ലാഹിയ, ജബാലിയ അൽബലദ്, ജബാലിയ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച കനത്ത ആക്രമണമാണ് നടന്നത്. ഇതോടൊപ്പം, ലക്ഷങ്ങൾ വസിക്കുന്ന ഗസ്സ സിറ്റിയിലും സമാന ബോംബിങ് തുടരുന്നത് മരണസംഖ്യ കുത്തനെ ഉയർത്തുന്നുണ്ട്.
അതിനിടെ, ഈജിപ്ത്, ജോർഡൻ, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന വിശാല ഇസ്രായേലാണ് തന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഗസ്സക്ക് പുറമെ വെസ്റ്റ് ബാങ്കിലും ദക്ഷിണ സിറിയ, ദക്ഷിണ ലബനാൻ എന്നിവിടങ്ങളിലും അധിനിവേശം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന.
യുനൈറ്റഡ് നാഷൻസ്: ഇസ്രായേലി തടവറകളിലെ ഫലസ്തീനികൾക്കുനേരെ മറ്റ് ക്രൂരതകൾക്കൊപ്പം ലൈംഗിക പീഡനവും നടന്നതിന്റെ വിശ്വാസ്യമായ തെളിവുകളുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
വിവിധ ജയിലുകളിലും ഒരു സൈനിക താവളത്തിലും ഒരു താൽക്കാലിക തടവറയിലുമായി ഇസ്രായേൽ സൈന്യവും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും ഫലസ്തീനികൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിയതായി യു.എന്നിലെ ഇസ്രായേൽ അംബാസഡർക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കുന്നു. ഇത് ആശങ്കയുളവാക്കുന്നതാണെന്നും ലൈംഗിക പീഡനം ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
വിശ്വാസ്യമായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും സൈന്യത്തിനും ഇതര സുരക്ഷ സേനകൾക്കും പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ മാർച്ചിൽ യു.എൻ മനുഷ്യാവകാശ സമിതിയും ഇസ്രായേൽ സേന ലൈംഗിക പീഡനം നടത്തുന്നതായി ആരോപിച്ചിരുന്നു. എന്നാൽ, ഗുട്ടെറസിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൺ പ്രതികരിച്ചു.
തെൽ അവിവ്: 20 ലക്ഷത്തിലേറെ ഫലസ്തീനികൾ വസിക്കുന്ന ഗസ്സ സിറ്റി സമ്പൂർണമായി ഒഴിപ്പിച്ച് ഇസ്രായേലിന്റെ ഭാഗമാക്കുകയെന്ന പദ്ധതി വിജയിപ്പിക്കാൻ തുടർ ചർച്ചകളുമായി നെതന്യാഹു ഭരണകൂടം. പൂർവ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലേക്ക് ഫലസ്തീനികളെ നാടുകടത്തുന്നത് സംബന്ധിച്ച് ഇസ്രായേൽ ചർച്ചകളിലാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പറയുന്നു.
ഒരിക്കലും ഗസ്സയിലേക്ക് തിരിച്ചുവരാനാകാത്ത വിധം നാടുകടത്തലാണ് ഇസ്രായേൽ ലക്ഷ്യം. നാലു ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഇനിയും തിരിച്ചുവരാത്ത രാജ്യമാണ് ദക്ഷിണ സുഡാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.