വിയറ്റ്നാമിൽ ആയിരക്കണക്കിന് കർഷകർക്ക് തുച്ഛമായ ഡോളറും കുറച്ചുകാലത്തെ റേഷൻ അരിയും നൽകി ഒഴിപ്പിച്ച് ട്രംപിന്റെ കുടുംബക്കാരുടെ ഗോൾഫ് ക്ലബ് വരുന്നു. അടുത്ത മാസം പണിതുടങ്ങുന്ന ഗോൾഫ് റിസോർട്ടിനായി 990 ഹെക്ടർ കൃഷിഭൂമിയാണ് ഏറ്റെടുക്കുന്നത്. നൂറുകണക്കിന് കർഷകരെയാണ് തുച്ഛമായ തുകയും അരിയും വാഗ്ദാനം നൽകി ഒഴിപ്പിക്കുന്നത്.
ഗുയൻ തി ഹുവോങ് എന്ന കർഷകയ്ക്ക് ആകെ ലഭിച്ചത് 3200 ഡോളറാണ്. ഒപ്പം കുറച്ച് കാലത്തേക്ക് അരിയും. ഇവരോട് എത്രയുംവേഗം ഒഴിഞ്ഞുപോകാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടുംബക്കാരുടെ വിയറ്റ്നാമിലെആദ്യത്തെ പ്രോജക്ടാണ് ഗേൾഫ് ക്ലബ്. വിയറ്റ്നാമും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ ഡീൽ എന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
990 ഹെക്ടർ ഭൂമി നിറയെ വാഴയും ലോംഗൻ പഴങ്ങളും മറ്റ് നിരവധി വിളകളുമാണ്. ഇവിടത്തെ കർഷകരെല്ലാം തലമുറകളായി ഇവിടെ താമസിക്കുന്നവരാണ്.
വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് കമ്പനി 50 ലക്ഷം ഡോളറിനാണ് ട്രംപുമായി അവരുടെ ബ്രാന്റ് ലൈസൻസിനായി കരാർ ഉണ്ടാക്കിയത്. പൂർത്തിയായിക്കഴിഞ്ഞാൽ ട്രംപിന്റെ കുടുംബക്കാരായിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുക. ഇങ്ങനെയാണ് കരാർ.
കർഷകർക്ക് എത്ര നഷ്ടപരിഹാരം കൊടുക്കും എന്ന കാര്യത്തിൽ വിയറ്റ്നാം ഗവൺമെന്റ് മൗനം പാലിക്കുകയാണ്. ഭൂമിയുടെ അളവുനോക്കി സർക്കാർ തീരുമാനിക്കും എന്നു മാത്രമാണ് ഇപ്പോൾ പറയുന്നത്.
തുച്ഛമായ തുകയും കുറച്ചു മാസത്തേക്കുളള റേഷനും നിൽക്കുന്ന മരങ്ങൾ വിൽക്കാനുള്ള അവകാശവും മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. അതേസമയം മാന്യമായ തുക കർഷകർക്ക് നൽകുമെന്നാണ് വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മേയ് മാസത്തിൽ ഇതിന്റെ തറക്കല്ലിടീൽ ചടങ്ങിൽ പറഞ്ഞിരുന്നത്. എന്നാൽ അത് പാഴ് വാക്കാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.