ഹൂത്തികളെ ‘സോപ്പിട്ട്’ ചൈനീസ് കാർ കമ്പനികളുടെ കപ്പലുകൾ നിർബാധം കാറുകൾ യൂറോപ്പിലേക്ക് കടത്തുന്നു. മറ്റുളള കപ്പലുകളെല്ലാം ഹൂത്തികളുടെ ആക്രമണം പേടിച്ച് ‘ഉലകംചുറ്റി’ കപ്പലോടിക്കുമ്പോഴാണ് തന്ത്രപരമായി ഹൂത്തികളെ കൈയ്യിലെടുത്ത് ചൈന അവരുടെ കപ്പലുകൾ യൂറോപ്പിലേക്ക് ഇന്ധന നഷ്ടമില്ലാതെ കടത്തുന്നത്.
യമനിലെ ഹൂത്തികൾ ചെങ്കടൽ വഴിയുള്ള കപ്പലുകൾ ആക്രമിക്കാൻ തുങ്ങിയിട്ട് രണ്ടു കൊല്ലത്തിനുശേഷമാണ് ചൈന അവരുടെ കാർ കപ്പലുകൾ ഇതുവഴി യാത്ര പുനരാരരംഭിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയുടെ 14 കപ്പലുകളാണ് ചെങ്കടലിലൂടെയും സൂയസ് കനാലിലൂടെയും യൂറോപ്പിലേക്ക് കാറുകൾ കടത്തിയത്. അത്രയും തന്നെ കപ്പലുകൾ ജൂണിലും യാത്ര നടത്തി. അതേസമയം കഴിഞ്ഞ മാസം ഹൂത്തികൾ ഗ്രനേഡും ഡ്രോണുകളും ഉപയോഗിച്ച് രണ്ട് കപ്പലുകൾ ഇവിടെ മുക്കി. ഇതിനിടയിലൂടെയാണ് ചൈനീസ് കപ്പലുകൾ സുഗമമായി യാത്ര നടത്തിയത്.
ചൈന ഇറാനുമായോ ഹൂത്തികളുമായോ രഹസ്യമായ കരാറുണ്ടാക്കിയാണ് സുഗമമായ യാത്ര ഇവിടെ ഉറപ്പാക്കുന്നതെന്നാണ് പലരും അനുമാനിക്കുന്നത്. അവരുടെ കപ്പലുളെ ആക്രമിക്കരുതെന്ന് ഹൂത്തികളോട് പറയുകയും അവരുടെ കപ്പലുകൾ വരുന്നതായ കൃത്യമായ സൂചനകൾ അവർക്ക് നൽകുന്നതായും വ്യക്തമാണ്.
ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയിൽ ചെങ്കടൽ-സൂയസ് കനാൽ വഴി പോകുമ്പോൾ ഒരു കപ്പലിന് ലാഭിക്കാൻ കഴിയുക 18 ദിവസം വരെയാണ്. ആഫ്രിക്ക ചുറ്റിപ്പോകുന്ന കപ്പലുകളെക്കാൾ വൻ ലാഭമാണ് എണ്ണയുടെ കാര്യത്തിൽ കപ്പലകുൾക്ക് ലഭിക്കുക.
കപ്പൽ ഉടമകൾക്കും ചരക്കുമായി ബന്ധപ്പെട്ടവർക്കും അതേസമയം വൻ നഷ്ടമാണ് ചുറ്റിപ്പോകുമ്പോൾ ഉണ്ടാവുക. കടലിലെ മലിനീകരണത്തിന്റെ തോതും വളരെ കൂടുതലായിരിക്കും. ചെനയുടെ ഉടമസ്ഥതയിലുള്ള കപ്പലുകളെ കൂടാതെ തെക്കൻ കൊറിയയുടെ കാറുകൾ കൊണ്ടുപോകുന്ന കപ്പലുകളും ഇതുവഴി സുഗമമായി കടന്നുപോകുന്നു.
അതേസമയം ഇതു ശരിവെക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്. ചൈന യമനിലെ ഹൂത്തികളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനായി വളരെ ശക്തമായ നീക്കമാണ് നടത്തിയിട്ടുള്ളതെന്നും എത്രയും വേഗം പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അവരുടെ എഴുതിത്തയ്യാറാക്കിയ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.