വാഷിങ്ടൺ: നാറ്റോയിൽ പ്രവേശിക്കണമെന്ന മോഹം യുക്രെയ്ൻ ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. റഷ്യ പിടിച്ചെടുത്ത ക്രീമിയ തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വിചാരിക്കുകയാണെങ്കിൽ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയും. ചില വിട്ടുവീഴ്ചകൾ വേണ്ടിവരും.
ഇക്കാര്യം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ ശക്തമായി ഉന്നയിക്കുമെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി. ചർച്ചക്കായി സെലൻസ്കി യു.എസിൽ എത്തിയിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഫിൻലാൻഡ്, യൂറോപ്യൻ യൂനിയൻ, നാറ്റോ എന്നിവയുടെ നേതാക്കളും യു.എസിലെത്തും. തിങ്കളാഴ്ച അമേരിക്കൻ സമയം ഉച്ചക്ക് 1.15നാണ് ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച. വൈകീട്ട് മൂന്നോടെയാകും യൂറോപ്യൻ, നാറ്റോ നേതാക്കളുമായുള്ള ചർച്ച.
യൂറോപ്യൻ നേതാക്കൾ യുക്രെയിന് ഉറച്ച പിന്തുണ നൽകുന്നു. റഷ്യക്ക് അനുകൂലമായ വ്യവസ്ഥകൾ ട്രംപ് മുന്നോട്ടുവെക്കുമെന്ന ആശങ്ക അവർക്കുണ്ട്. ഫെബ്രുവരിയിൽ ഓവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കിയെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ട്രംപിൽനിന്നുണ്ടായത്. കഴിഞ്ഞ ദിവസം ട്രംപ് റഷ്യൻ പ്രസിഡന്റ് വൊളോദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ തീരുമാനമൊന്നുമായില്ലെങ്കിലും യുദ്ധവിരാമം സംബന്ധിച്ച ശുഭപ്രതീക്ഷ ബാക്കിവെച്ചാണ് കൂടിക്കാഴ്ച അവസാനിച്ചത്. ഡോണെറ്റ്സ്ക് മേഖലയിൽനിന്ന് യുക്രെയ്ൻ സൈന്യം ഏകപക്ഷീയമായി പിന്മാറി റഷ്യൻ ആധിപത്യം അംഗീകരിക്കണമെന്നും നാറ്റോയിൽ ചേരാൻ പാടില്ലെന്നും പുടിൻ ആവശ്യപ്പെട്ടു. വ്യവസായ നഗരമായ ഡോണെറ്റ്സ്ക് വിട്ടുനൽകുന്നത് സെലൻസ്കിക്ക് സ്വീകാര്യമല്ല. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നും അമേരിക്കയുമായും യൂറോപ്യൻ സുഹൃത്തുക്കളുമായുള്ള തങ്ങളുടെ ബന്ധം റഷ്യയെ സമാധാനത്തിന് നിർബന്ധിതരാക്കുമെന്നും സെലൻസ്കി ഞായറാഴ്ച ടെലഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.