ട്രംപ് പറഞ്ഞാൽ പുടിനുമായി ചർച്ചക്ക് തയാറെന്ന് സെലൻസ്‌കി; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്

വാഷിംഗ്‌‌ടണ്‍ ഡിസി: യുക്രെയ്ൻ, റഷ്യ പ്രസിഡന്‍റുമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. പുടിനുമായി തങ്ങൾ ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്‌കിയും പറഞ്ഞു.

സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ട്രംപ് പുടിനെ ഫോണിൽ വിളിച്ച് ദീർഘനേരം സംസാരിച്ചു. സെലെൻസ്‌കി-പുടിൻ ചർച്ചകൾ ക്രമീകരിക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫോൺ സംസാരം 40 മിനിറ്റ് നീണ്ടുനിന്നതായി പുടിന്റെ ഉപദേഷ്ടാവ് പറഞ്ഞു. ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം മുൻകൂട്ടി തീരുമാനിക്കുന്ന സ്ഥലത്ത് താൻ കൂടി പങ്കടുക്കുന്ന ത്രികക്ഷി ചർച്ചയും ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഫിൻലാൻഡ്, യൂറോപ്യൻ യൂനിയൻ, നാറ്റോ നേതാക്കളുമായും ട്രംപ് ചർച്ച നടത്തി.

അതിനിടെ, നാറ്റോയുടെ ഭാഗമാകണമെന്ന മോഹം യുക്രെയ്ൻ ഉപേക്ഷിക്കണമെന്ന് ട്രംപ് പറഞ്ഞു. റഷ്യ പിടിച്ചെടുത്ത ക്രീമിയ തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷ വേണ്ട. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വിചാരിക്കുകയാണെങ്കിൽ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നും ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു.

റഷ്യക്ക് അനുകൂലമായ വ്യവസ്ഥകൾ ട്രംപ് മുന്നോട്ടുവെക്കുമെന്ന ആശങ്ക യൂറോപ്യൻ നേതാക്കൾക്കുണ്ട്. ഫെബ്രുവരിയിൽ ഓവൽ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കിയെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ട്രംപിൽനിന്നുണ്ടായത്. കഴിഞ്ഞ ദിവസം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ തീരുമാനമൊന്നുമായില്ലെങ്കിലും യുദ്ധവിരാമം സംബന്ധിച്ച ശുഭപ്രതീക്ഷ ബാക്കിവെച്ചാണ് കൂടിക്കാഴ്ച അവസാനിച്ചത്. ഡോണെറ്റ്സ്ക് മേഖലയിൽനിന്ന് യുക്രെയ്ൻ സൈന്യം ഏകപക്ഷീയമായി പിന്മാറി റഷ്യൻ ആധിപത്യം അംഗീകരിക്കണമെന്നും നാറ്റോയിൽ ചേരാൻ പാടില്ലെന്നും പുടിൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Ukraine’s Zelensky meets Trump at White House with support of European leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.