നമ്മുടെ അടുക്കളത്തോട്ടത്തിൽ പടർന്നുവളരുന്ന പച്ചക്കറി ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുമ്പളം. കുമ്പളം കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഏറ്റവും മികച്ച ഇനം തിരഞ്ഞെടുക്കലാണ്.
ജലസേചനം നടത്താൻ സൗകര്യമുള്ള സ്ഥലങ്ങളിൽ മേയ്-ജൂൺ മാസം കൃഷിയിറക്കാം. ഒന്നോ രണ്ടോ മഴ ലഭിക്കുന്ന മുറയ്ക്ക് കൃഷി പണികൾ ആരംഭിക്കാം. മഴ ആശ്രയിച്ച് ജനുവരി മുതൽ മാർച്ച് മാസംവരെയും സെപ്റ്റംബർ-ഡിസംബർ എന്നീ മാസങ്ങളിലും കൃഷി ചെയ്യാം.
60 സെ.മീ. നീളത്തിലും വീതിയിലും അരമീറ്റർ താഴ്ചയുള്ള കുഴികളാണ് കുമ്പളം കൃഷി ചെയ്യാൻ തയാറാക്കേണ്ടത്. മേൽമണ്ണും അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി നിറയ്ക്കുക. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തുകൾ കുത്തുക. നടീലിനു മുൻപ് വിത്ത് ചുരുങ്ങിയത് അഞ്ചു മണിക്കൂർ സമയം വെള്ളത്തിൽ കുതിർക്കുന്നത് മുള പൊട്ടി വിടരാൻ സഹായിക്കും. നാലില പ്രായമെത്തിയാൽ പുഷ്ടിയായി വളരുന്ന രണ്ടു തൈ മാത്രം ഒരു കുഴിയിൽ നിർത്തി പരിപാലിക്കുക. രണ്ടു കുഴികൾ തമ്മിൽ 4 മീറ്റർ അകലം ക്രമീകരിക്കണം.
അടിസ്ഥാനവളമായി കുഴിയൊന്നിന് നാലു കിലോ ഉണങ്ങിപൊടിഞ്ഞ കാലിവളം ഒരു കിലോ ചാരവുമായി കൂട്ടിയിളക്കി മേൽമണ്ണിൽ ചേർക്കണം. വള്ളി വളർന്ന് തുടങ്ങുന്ന മുറയ്ക്ക് കുഴിയൊന്നിന് രണ്ടു കിലോ മണ്ണിരകമ്പോസ്റ്റ് വിതറി തടംകോരി മണ്ണ് അടുപ്പിക്കുക. ഇതേ പരിചരണം രണ്ടാഴ്ചയ്ക്കു ശേഷം ആവർത്തിക്കുക. വള്ളിത്തലപ്പുകൾ നീണ്ടുവളർന്നു തുടങ്ങുന്ന മുറയ്ക്ക് പൂക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ അവസരത്തിൽ മണ്ണ് അടുപ്പിച്ച് തടമെടുക്കണം. ഒപ്പം കളയെടുപ്പും രണ്ടാം മേൽവള പ്രയോഗത്തിന്റെ അതേ അളവിൽ ഒരു വളംവെപ്പ് കൂടി നടത്തുക. ജലസേചനം വളർച്ചാശൈലി നിരീക്ഷണം എന്നിവ സാഹചര്യത്തിന് അനുസൃതമായി നടത്തണം. പൂവിട്ട് കായുണ്ടാകുന്ന അവസരത്തിൽ മണ്ണിന് നനവുവേണം.
വേനലില്‍ കുമ്പളം കൃഷി ചെയ്യുമ്പോള്‍ കീടങ്ങളുടെ ശല്യം കൂടുതലായിരിക്കും. കായീച്ച, മത്തന്‍ വണ്ട്, ആമ വണ്ട് എന്നിവയാണ് പ്രധാന ശത്രുക്കള്‍. തണ്ടും ഇലയും കായുമെല്ലാം ഇവ നശിപ്പിക്കും. നല്ല പരിപാലനും ജൈവമാര്‍ഗങ്ങളും ഉപയോഗിച്ച് ഇവയെ തുരത്താം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.
വിത്ത് പാകി മൂന്നുമാസമെത്തുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. ഉടനെ പാകം ചെയ്തുപയോഗിക്കുവാനാണെങ്കില്‍ ഇളം പ്രായത്തില്‍ തന്നെ കുമ്പളം വിളവെടുക്കാവുന്നതാണ്. കായ്കള്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കുയാണെങ്കില്‍ നല്ലത്‌പോലെ വിളഞ്ഞ കായ്കള്‍ വേണം പറിച്ചെടുക്കാന്‍.
പോഷകസമ്പന്നമാണ് കുമ്പളങ്ങ. ആയുർവേദത്തിൽ കുമ്പളത്തിന്‍റെ നിരവധി ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി, പൂവ്, കുരു, ഇല ഇവ ഔഷധയോഗ്യമാണ്.
വലിയ അളവിൽ ജലാംശം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കുമ്പളം. 96 ശതമാനമാണ് ഇതിലടങ്ങിരിക്കുന്ന ജലത്തിന്റെ അളവ്. കൂടാതെ ശരീരത്തിനാവശ്യമായ ഫൈബറുകൾ,അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്‌നീഷ്യം, അയൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിലുണ്ട്.
കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ അമിതവണ്ണവും വയറും കുറയ്ക്കാൻ കുമ്പളങ്ങ ഗുണം ചെയ്യും. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. അതിനാൽ ഇവ സ്ഥിരമായി കഴിക്കുന്നത് വേഗത്തിൽ വയർ കുറയ്ക്കാൻ സഹായിക്കും. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ എന്നതും ഗുണകരമാണ്. അത് ശരീരഭാരം കൂടാതെയിരിക്കാനും ഗുണം ചെയ്യും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇതിന് കഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.