ഇത്തിരിക്കുഞ്ഞനാണെങ്കിലും കാന്താരി ആള് നിസ്സാരക്കാരനല്ല; ഇങ്ങനെയൊന്ന് നട്ടുനോക്കൂ, പറിച്ച് മടുക്കും

കാന്താരിയുടെ ഡിമാൻഡ് അടുത്ത കാലത്തായി ഏറി വരുന്നുണ്ട്. കാന്താരി വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കുവാൻ തുടങ്ങിയതോടെ വിത്തിന്റെയും തൈകളുടെയും ആവശ്യം വർധിച്ചു. ഇന്ന് പച്ചക്കറിത്തൈകൾ തയാറാക്കുന്ന നേഴ്സറികളിൽ പച്ച, വെള്ള, വയലറ്റ് നിറത്തിലുള്ള കാന്താരികൾ ഉണ്ടാകുന്ന തൈകൾ ലഭ്യമാണ്. പ്രത്യേകിച്ച് പരിപാലനമൊന്നും ആവശ്യമില്ലാതെ തന്നെ തൊടിയിലും കൃഷിയിടങ്ങളിലും സ്വാഭാവികമായി വളരുന്ന ചെടിയാണ് കാന്താരി മുളക്. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലനമോ ഇല്ലാതെ തന്നെ നല്ല വിള ലഭിക്കും എന്നതാണ് പ്രത്യേകത. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാം.

ഔഷധഗുണങ്ങൾ ഏറെയുള്ള കാന്താരിക്ക് ആവശ്യക്കാർ ഏറെയാണ്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാൽ സമ്പുഷ്ടമാണ് കാന്താരി മുളക്. കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരിയുടെ ഉപയോഗം നല്ലതാണ്.

പച്ചമുളകിനേക്കാള്‍ ആയുസ്സ് കൂടുതൽ

സാധാരണ പച്ചമുളകിനേക്കാള്‍ 1–2 വർഷം വരെ കൂടുതൽ ആയുസ്സ് കാന്താരിക്കുണ്ട്. ആവശ്യത്തിന് മാത്രമുള്ള പരിപാലനം ലഭിച്ചാൽ കാന്താരി നാല് വർഷം വരെ വളരുകയും വിളവ് നൽകുകയും ചെയ്യും. മറ്റു സാധാരണ ഇനങ്ങളുടെ കായകൾ താഴേക്കു വളരുമ്പോൾ കാന്താരിയുടേത് ചെടിയിൽനിന്ന് മുകളിലേക്കാണ് വളരുന്നത്. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്കും ഉത്തമാണ്.

കീടനിയന്ത്രണം

സാധാരണയായി കീടങ്ങളുടെ ശല്യം കാന്താരികളെ ബാധിക്കാറില്ല. കാന്താരി ഒരു ബഹുവർഷ വിളയാണ്. പച്ചമുളകിന്റെ ചെടികളെ ആക്രമിക്കുന്ന വെള്ളീച്ച, മണ്ഡരികൾ, ഇലപ്പേനുകൾ, ശൽക്കകീടങ്ങൾ ഇവയുടെ ആക്രമണം കാന്താരിയിലും ഉണ്ടാകുന്നുണ്ട്. ഇവയുടെ നിയന്ത്രണത്തിനും കാന്താരി വിളവെടുപ്പിനും ബഹുവർഷവിളയായി വളരുന്നതിനാലും കാന്താരിച്ചെടികൾ തമ്മിൽ കുറഞ്ഞത് 70 സെ.മീ. എങ്കിലും അകലം ഉണ്ടാകുന്നതും വരികൾ തമ്മിൽ 1.5 മീറ്റർ ദൂരം ഉണ്ടാകുന്നതുമാണ് ഏറ്റവും അനുയോജ്യം.

കാന്താരിയെ ആക്രമിക്കുന്ന വെള്ളീച്ചകളെ മഞ്ഞക്കെണി ഉപയോഗിച്ച് കെണിയിൽപ്പെടുത്തി നിയന്ത്രിക്കാം. ഇലപ്പേനുകൾ മണ്ഡരി, ശൽക്ക കീടങ്ങൾ ഇവയെ നിയന്ത്രിക്കുന്നതിന് ഇലയുടെ അടിയിൽ വീഴത്തക്കവിധത്തിൽ സ്പ്രെയറിന്റെ നോസില്‍ വച്ച് ആദ്യ ദിവസം വേപ്പ് അധിഷ്ഠിത സംയുക്തങ്ങള്‍ സ്പ്രേ ചെയ്യുകയും പിറ്റേ ദിവസം വൈകുന്നേരം വെയില്‍ ആറിയതിനുശേഷം വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയതിന്റെ തെളി എടുത്ത് ഇലയുടെ അടിയിലും കൂമ്പിലും നന്നായി വീഴത്തക്കവിധം സ്പ്രേ ചെയ്യുക. കാന്താരി മുളക് തന്നെ മികച്ചൊരു ജൈവകീടനാശിനി ആണ്. കീടങ്ങളെ തുരത്തുവാൻ പണ്ട് കാലം മുതൽ കർഷകർ കാന്താരിമുളക് ചേർത്ത ലായനി ഉപയോഗിക്കാറുണ്ട്.

 

വിളവെടുപ്പ്

വിളവെടുപ്പാണ് കാന്താരിക്കൃഷിയുടെ ഏറ്റവും വലിയ വെല്ലുവിളി. നടീല്‍ കഴിഞ്ഞ് രണ്ടു മാസത്തിനകം പൂവിട്ട് മൂന്നാം മാസംമുതല്‍ വിളവുതരാന്‍ തുടങ്ങും. രണ്ടാഴ്ച ഇടവിട്ട് വിളവെടുക്കാം. ചെടി ഒന്നില്‍ നിന്നും 200 ഗ്രാംവരെ മുളക് ഒരു വിളവെടുപ്പില്‍ ലഭിക്കും. ഒരു വര്‍ഷം രണ്ട്-മൂന്ന് കിലോഗ്രാം എന്ന തോതില്‍ നാല്-അഞ്ചുവര്‍ഷം വരെ വിളവ് ലഭിക്കും.

വിളവെടുപ്പിന് ചെടികളുടെ ഇടയിൽ മുറം വെച്ചതിനുശേഷം അതിലേക്ക് മുളകുകൾ ഒരു സ്പ്രിംഗ് ഘടിപ്പിച്ചിട്ടുള്ള സിക്കേച്ചർ (കത്രിക) ഉപയോഗിച്ച് മുറിച്ച് ഇടുന്നതാണ് ഏറ്റവും എളുപ്പം. വിളവെടുപ്പ് സമയത്ത് പൊക്കം കുറഞ്ഞ സ്റ്റൂളിൽ (25 സെ.മീ– 30 സെ.മീ) ഇരുന്ന് ചെയ്യുന്നത് പുറംവേദന ഉണ്ടാകാതിരിക്കുന്നതിന് സഹായിക്കും.

Tags:    
News Summary - kanthari cultivation is experiencing a surge in popularity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.