പ്രോട്ടീനിന്റെ കലവറയാണ് അമരപ്പയർ. നാരുകൾ, വൈറ്റമിനുകൾ, മറ്റു ധാതുലവണങ്ങളാൽ സമൃദ്ധം. വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ്. പടരുന്നവയും കുറ്റിയായി വളരുന്നതുമുണ്ട്. പടരുന്ന ഇനങ്ങൾ ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടാം. കുറ്റിയിനങ്ങൾ വർഷം മുഴുവൻ കൃഷി ചെയ്യാം. ഹിമ, ഗ്രേസ് തുടങ്ങിയവയാണ് പടരുന്ന ഇനങ്ങൾ. അർക്കാ ജെയ്, അർക്കാ വിജയ് എന്നിവയാണ് കുറ്റിയായി വളരുന്നവ.
പടരുന്ന ഇനങ്ങൾ 1.25X 1.75 മീറ്റർ ഇടയകലത്തിൽ വിത്ത് പാകണം. കുറ്റിയിനങ്ങൾക്ക് 0.6 x 0.5 മീറ്റർ ഇടയകലം മതി. വാരങ്ങളും ചാലുകളുമെടുത്ത് കുറ്റിയിനങ്ങളുടെ വിത്തു വിതക്കാം. പടരുന്ന ഇനങ്ങൾക്ക് താങ്ങുകളോ കയറോ കെട്ടിനൽകണം.
സെന്റൊന്നിന് അടിവളമായി 80-100 കിലോ കാലിവളം നൽകുന്നത് വിളവ് കൂടാൻ സഹായിക്കും. കാലിവളമോ കമ്പോസ്റ്റോ മണ്ണിര ക്കമ്പോസ്റ്റോ ജൈവവളക്കൂട്ടായി സെന്റിന് 16-20 കിലോ നൽകാം. ഇടക്കിടെ ചാരം, കോഴിവളം തുടങ്ങിയവയും 10-15 ദിവസം ഇടവിട്ട് നൽകണം.
നല്ല നന വേണ്ട വിളയാണ് അമരപ്പയർ. പൂവിടുന്ന സമയത്ത് നന്നായി നനക്കുന്നത് കായ്ഫലം കൂട്ടും. പയറിനെപ്പോലെ മുഞ്ഞ, ചാഴി, കായ് തുരപ്പൻ, ചിത്രകീടം, പയർ വണ്ട് തുടങ്ങിയവ അമരയെ ആക്രമിക്കും. വേപ്പധിഷ്ഠിത കീടനാശിനി, പുകയില കഷായം, വേപ്പിൻകുരു സത്ത് തുടങ്ങിയവ കീടങ്ങളെ പ്രതിരോധിക്കാൻ തളിക്കാം.
അമരയുടെ ഇല അടങ്ങിയ ഔഷധങ്ങൾ ആസ്ത്മയ്ക്ക് ഫലപ്രദമാണ്. അമരയുടെ വിത്തും വിത്തിനെ പൊതിയുന്ന തോടും ഉളുക്ക്, വാതവേദന, നീര് എന്നിവയ്ക്ക് അതിവേഗം ആശ്വാസമേകും. അമരയുടെ വിത്തിൽ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന ഗ്വാർഗം എന്ന നാരുകളും ഔഷധമായി ഉപയോഗിക്കുന്നു.
(ശ്രദ്ധിക്കുക: മേൽപ്പറഞ്ഞിരിക്കുന്നവ പൊതുവേയുള്ള ഔഷധഗുണങ്ങളാണ്. അസുഖങ്ങൾക്ക് ഡോക്ടറെ കണ്ട് മാത്രം ചികിത്സ തേടുക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.