ഖദീജ, കാർത്തിയാനി, ജമീല
കൂട്ടുംകൂടി പാട്ടുംപാടി തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന മൂവർസംഘം മണ്ണിൽ വിളയിച്ചത് നൂറുമേനി. പള്ളിക്കര പെരിങ്ങാല സ്വദേശിനികളായ കാർത്യായനി, ഖദീജ, ജമീല എന്നിവരുടെ നേതൃത്വത്തിൽ അമ്പലപ്പടി അംഗൻവാടിക്ക് സമീപം ഒന്നര ഏക്കറിൽ നടത്തിയ പച്ചക്കറി കൃഷി ഓണക്കാലത്ത് വേറിട്ടൊരു വിജയഗാഥ രചിക്കുകയാണ്.
കപ്പ, കൂർക്ക, കാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയറുകൾ, വെണ്ടക്ക, പച്ചമുളക്, മധുരക്കിഴങ്ങ്, വെള്ളരിക്ക, കോവക്ക തുടങ്ങിയവയെല്ലാം ഇവരുടെ കൃഷിയിടത്തിൽ വിളവിന്റെ സമൃദ്ധി കാഴ്ചവെക്കുന്നു. വിളവെടുപ്പ് തുടങ്ങിയതോടെ ആവശ്യക്കാരും ഏറെ. ഓണനാളുകളിൽ വിഷരഹിത പച്ചക്കറി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് പച്ചക്കറികൾ വാങ്ങാനും തോട്ടം കാണാനും ദൂരദിക്കിൽനിന്ന് വരെ ആളുകൾ എത്തുന്നുണ്ട്. ഇതിനകം 300 കിലോയിലധികം കപ്പ വിറ്റു. 200 കിലോയിലധികം വിൽക്കാനുണ്ട്. പയറും ഇക്കുറി ധാരാളം വിൽപനയായി. ഇതിനകം 150 കിലോയിലധികം ചേന വിറ്റതായും ഖദീജ പറഞ്ഞു.
വിഷു, ഓണം ചന്തകളിലും കുടുംബശ്രീ വിപണിയിലും ഇവരുടെ പച്ചക്കറിക്ക് നല്ല ഡിമാൻഡാണ്. കൃഷിക്ക് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. ചാണകവും കോഴിവളവും എല്ലുപൊടിയുമാണ് പ്രധാന വളങ്ങൾ. നാരങ്ങാനീരിൽ മുട്ടയൊഴിച്ച് ഒരുമാസം കഴിഞ്ഞ് വെള്ളംപോലെയാകുമ്പോൾ കീടനാശിനിക്ക് പകരം മരുന്നായി ഉപയോഗിക്കുന്നു.
മത്തിയിൽ ശർക്കര ചേർത്ത് ഒരുമാസം വെച്ചശേഷം പാനീയമാകുമ്പോൾ അതും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. മണ്ണ് ഇളക്കി കുമ്മായം തൂവിയശേഷം മണ്ണ് വെട്ടിക്കൂട്ടി വളം ചെയ്തശേഷമാണ് കൃഷി ഇറക്കുന്നത്.
നന്നായി നോക്കിനടത്തിയാൽ കൃഷിയിൽനിന്ന് ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് ഇവരുടെ അനുഭവസാക്ഷ്യം. യഥാസമയം കളപറിച്ചും വളപ്രയോഗം നടത്തിയും വേണ്ടരീതിയിൽ പരിപാലിച്ചാൽ കൃഷി വിജയമാകും. മൂവരും ചേർന്നാണ് ഇതെല്ലാം ചെയ്യുന്നത്. വാർഡ് അംഗം നിസാർ ഇബ്രാഹിമിന്റെ പ്രചോദനവും കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായവും വലിയ ഗുണമായതായും ഇവർ പറയുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എ ഇടക്ക് കൃഷിസ്ഥലം സന്ദർശിക്കാറുണ്ട്. കരിമക്കാട്ട് യൂസുഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് നാലുവർഷമായി ഇവർ കൃഷിയിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.