കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിതലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിൽ എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പുനൽകി. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി അനിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാൻ അവസരം ഒരുക്കും.
ഇതുവഴി വിപണിയിലെ വില കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയിൽനിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് പൊതുവിപണിയിലും വില കുറയുമെന്നാണ് പ്രതീക്ഷ. മായംചേർത്ത എണ്ണ വിപണിയിലെത്തുന്നത് തടയാൻ പരിശോധ ശക്തമാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വെളിച്ചെണ്ണ ഉൽപാദനം ശക്തിപ്പെടുത്താൻ വ്യവസായ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികൾക്ക് നന്മയെന്ന കേരള ബ്രാൻഡ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിലവർധന സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലാണ് ഈ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗെസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അറുപതോളം വ്യവസായികൾ പങ്കെടുത്തു. സപ്ലൈകോക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്ന വ്യവസായികൾക്ക് 15 ദിവസത്തിനകം തുക ലഭ്യമാക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷനൽ ഡയറക്ടർ (ജനറൽ) പി. വിഷ്ണുരാജ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.