വെളിച്ചെണ്ണ വില ഇതെങ്ങോട്ട്? ഓണക്കാലത്ത് വില പിടിച്ചുനിർത്താൻ ശ്രമവുമായി സർക്കാർ

വെളിച്ചെണ്ണയുടെ വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന്‌ സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോഴും വില മുകളിലേക്കുതന്നെ. ചിങ്ങത്തിന്‌ മുന്നേ പരമാവധി കച്ചവടങ്ങളിൽ ഏർപ്പെടാനുള്ള ശ്രമത്തിലാണ്‌ തമിഴ്‌നാട്ടിലെ കാങ്കയം ആസ്ഥാനമായുള്ള കൊപ്രയാട്ട്‌ വ്യവസായികളുടെ നീക്കം. ഓണത്തിന്‌ നിരക്ക്‌ ഉയരുമെന്ന കണക്കുകൂട്ടലിലാണ്‌ വ്യവസായികൾ പുതിയ കച്ചവടങ്ങൾക്ക്‌ ചരടുവലി നടത്തുന്നത്‌.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ ക്ഷാമം തുടരുന്നതിനാൽ ഉത്സവ വേളയിൽ ഡിമാൻഡ് ഉയരുമെന്ന് ഉറപ്പാണ്. എന്നാൽ, ഓണക്കാലത്ത് കുറഞ്ഞ വിലക്ക്‌ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന സർക്കാർ. കേരളത്തിന്‌ പുറത്തുനിന്നുള്ള മില്ലുകളിൽ നിന്നും സപ്ലൈകോ ക്വട്ടേഷനുകൾ സ്വീകരിച്ചിട്ടുണ്ട്‌. ഓണത്തിന്‌ വിലയിൽ കാര്യമായി കുറവ്‌ സംഭവിക്കില്ലെന്നാണ്‌ ഒരു വിഭാഗം വ്യാപാരികൾ പറയുന്നത്. കാങ്കയത്ത്‌ വെളിച്ചെണ്ണ വില ക്വിൻറലിന്‌ 1375 രൂപ കുറഞ്ഞു. എന്നാൽ, കൊച്ചിയിൽ വില 200 രൂപ മാത്രമാണ്‌ കുറഞ്ഞത്‌. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 38,300 രൂപയും കാങ്കയത്ത്‌ 36,650 രൂപയുമാണ്‌ വില.

തായ്‌ലൻഡ്‌ അടക്കമുള്ള മുഖ്യ ഉൽപാദന രാജ്യങ്ങളിൽ മഴ ശക്തമായതിനാൽ റബർ ടാപ്പിങ്‌ പൂർണമായി സ്‌തംഭിച്ചു. പുതിയ സാഹചര്യത്തിൽ ആഗസ്‌റ്റിൽ രാജ്യാന്തര തലത്തിൽ ഷീറ്റ്‌ ലഭ്യത ചുരുങ്ങുമെന്ന വിലയിരുത്തൽ നിക്ഷേപകരെ അവധി വ്യാപാരത്തിലേക്ക്‌ ആകർഷിച്ചത്‌ വിലക്കയറ്റത്തിന്‌ വഴിതെളിച്ചു. ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ വില കിലോ 335 യെന്നിലേക്ക്‌ ഉയർന്നു. തായ്‌ലൻഡിൽ ഷീറ്റ്‌ കിലോ 196 രൂപ വരെ കയറി.

മഴമൂലം കേരളത്തിലും ടാപ്പിങ്‌ രംഗം തളർച്ചയിലാണ്‌. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ്‌ റബർ കിലോ 213 രൂപ വരെ നൽകി ശേഖരിച്ചു. എന്നാൽ, വിലക്കയറ്റത്തിലും ആവശ്യാനുസരണം ചരക്ക്‌ കണ്ടെത്താൻ വ്യവസായികൾക്കായില്ല. കൂടുതൽ വിദേശ റബർ ഇറക്കുമതിക്ക് വ്യവസായികൾ ചരടുവലികൾ തുടങ്ങിയതായി വിപണി വൃത്തങ്ങൾ. അതേസമയം, ടയർ കയറ്റുമതിക്ക്‌ ആനുപാദികമായി റബർ ഇറക്കുമതി തുടരുന്നുണ്ട്‌.

കനത്ത മഴ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളെ പിടിച്ചുലക്കുന്നു. വിളവെടുപ്പ്‌ വേളയാണെങ്കിലും ലഭ്യത കുറഞ്ഞതോടെ ലേലത്തിൽ വില ഉയർത്തി ചരക്ക്‌ സംഭരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഉത്തരേന്ത്യൻ വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തിൽ സജീവമാണ്‌, ഇതിനിടയിൽ പ്രതികൂല കാലാവസ്ഥയിൽ പല തോട്ടങ്ങളിലും കൃഷിക്ക്‌ നാശം നേരിടുന്നത്‌ ഉൽപാദകരെ സമ്മർദത്തിലാക്കി.

കാർഷിക ചെലവുകൾ പതിവിലും വർധിച്ചതും വിളവ്‌ കുറഞ്ഞതും തിരിച്ചടിയായി. കാലാവസ്ഥ കണക്കിലെടുത്താൽ ആഗസ്‌റ്റിൽ ഏലം ഉൽപാദനം ചുരുങ്ങുമെന്ന ആശങ്കയിലാണ്‌ ഉൽപാദകർ. വിപണിയുടെ പ്രതീക്ഷക്കൊത്ത്‌ ചരക്കിറക്കാനാവില്ലെന്ന സൂചനയാണ്‌ ലഭ്യമാവുന്നത്‌. ശനിയാഴ്‌ച നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2700 രൂപക്ക്‌ മുകളിലെത്തി.

കുരുമുളക്‌ കർഷകരും സ്‌റ്റോക്കിസ്‌റ്റുകളും ഓഫ്‌ സീസണിലെ വിലക്കയറ്റത്തെ ഉറ്റുനോക്കുന്നു. അന്തർ സംസ്ഥാന വാങ്ങലുകാർ വില ഉയർത്താതെ ചരക്ക്‌ സംഭരണത്തിനുള്ള ശ്രമത്തിലാണ്‌. എന്നാൽ, കാർഷിക മേഖല താഴ്‌ന്ന വിലക്ക്‌ ചരക്ക്‌ വിൽപന കുറച്ചു. ദീപാവലി വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗത്തുനിന്നും ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ട്‌. ഇതിനിടയിൽ വിയറ്റ്‌നാമിൽനിന്ന് ശേഖരിച്ച മുളക്‌ മറിച്ച്‌ വിൽപന നീക്കങ്ങളും നടക്കുന്നുണ്ട്‌. കൊച്ചിയിൽ അൺ ഗാർബ്ൾഡ്‌ കിലോ 665 രൂപ.

Tags:    
News Summary - prices of coconut oil? Government is trying to control the price during Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT