തീരുവ വർധനക്കപ്പുറം ഇന്ത്യൻ വിദ്യാർഥികൾക്കും സന്ദർശകർക്കും പുതിയ വിസ തടസ്സങ്ങൾ സൃഷ്ടിച്ച് യു.എസ്

വാഷിങ്ടൺ: തീരുവ വർധനക്കപ്പുറം ഇന്ത്യൻ വിദ്യാർഥികൾക്കും സന്ദർശകർക്കും വിസ അനുവദിക്കുന്നതിന് പുതിയ തടസ്സങ്ങൾ സൃഷ്ടിച്ച് യു.എസ് ഭരണകൂടം. വിയറ്റ്നാം, തായ്‌ലൻഡ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് യു.എസ് സ്റ്റുഡന്റ് അല്ലെങ്കിൽ സന്ദർശക വിസകൾക്ക് അപേക്ഷിച്ചിരുന്ന ഇന്ത്യക്കാരെ സെപ്റ്റംബർ ആറിന് പുറത്തിറക്കിയ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ നിർദേശങ്ങളാണ് വലക്കുന്നത്.

സന്ദർശക, തൊഴിൽ, വിദ്യാർഥി തുടങ്ങിയ നോൺ-ഇമിഗ്രന്റ് വിസകൾക്ക് അപേക്ഷിക്കാൻ സ്ഥിരമായി താമസിക്കുന്നതോ, പൗരത്വമുള്ളതോ ആയ രാജ്യങ്ങളിൽ നിന്ന് മാത്രമേ കഴിയുകയുള്ളൂ എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ പുതിയ അറിയിപ്പ്. മറ്റ് രാജ്യങ്ങളിൽ അപേക്ഷിച്ചുകൊണ്ട് വിസ പ്രക്രിയ വേഗത്തിലാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി ഇന്ത്യയിൽ തിരിച്ചുവന്ന് വേണം വിസക്ക് അപേക്ഷിക്കാൻ.

യു.എസ് വിസ പ്രോസസിങ് കൂടുതൽ സങ്കീർണമാക്കിക്കൊണ്ടിരിക്കുകയാണ് ട്രംപ് സർക്കാർ. സന്ദർശക വിസ ലഭിക്കാനും താമസം നേരിടുകയാണ്. ചില വിസകൾക്ക് അഭിമുഖ സ്ലോട്ടുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം ഇന്ത്യയിൽ വളരെ കൂടുതലാണ്. മാത്രമല്ല, ഇവിടെ സൂക്ഷ്മ പരിശോധനയും കൂടുതലാണ്. ജൂൺ മുതൽ വിസ സ്ലോട്ടുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടായതിനാൽ മറ്റ് രാജ്യങ്ങളിലൂടെ വിസക്ക് അപേക്ഷിക്കുക എന്ന ബദൽ രീതിയായിരുന്നു ഇന്ത്യക്കാർ കണ്ടെത്തിയതെന്ന് വിദേശ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ അഡ്മിറ്റ്കാർഡിന്റെ സ്ഥാപകൻ രചിത് അഗർവാൾ പറയുന്നു. തുടർന്ന് അവർ ദുബൈ, സിംഗപ്പൂർ, വിയറ്റ്നാം, തായ്‍ലൻഡ് എന്നിവിടങ്ങളിൽ നിന്ന് യു.എസ് വിസ ലഭിക്കാൻ വിദ്യാർഥികളെ അയക്കുകയാണ്. കാരണം ആ രാജ്യങ്ങളിലെ വിസ ​സ്ലോട്ടുകൾ തുറന്നുകിടക്കുകയാണ്. വളരെ ചെലവേറിയ നടപടിയാണിത്. അപേക്ഷകർ ബയോമെട്രിക്, അഭിമുഖം എന്നിവ നൽകാൻ ആ രാജ്യത്ത് കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും ചെലവഴിക്കേണ്ടതുണ്ട്. കോവിഡ് -19 തരംഗത്തിനിടയിലാണ് ബാക്ക്‌ലോഗുകൾ ലഘൂകരിക്കുന്നതിനായി മറ്റൊരു രാജ്യത്ത് അപേക്ഷിക്കാനുള്ള സൗകര്യം യു.എസ് വാഗ്ദാനം ചെയ്തത്. ഇപ്പോൾ അത് നീക്കം ചെയ്യുകയാണ്.

2025 ജനുവരിയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷമാണ് വിസ നടപടികൾ കൂടുതൽ കർശനമായത്. വിസ നിരസിക്കുന്നത് പതിവായി. വിസ ലഭിക്കാനുള്ള കാത്തിരിപ്പും നീണ്ടു. ഇതു മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എസ് സർവകലാശാലകളിൽ അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജൂൺ മുതൽ, ഇന്ത്യൻ വിദ്യാർഥികൾക്ക് ബുക്ക് ചെയ്യാൻ ലഭ്യമായ പരിമിതമായ സ്ലോട്ടുകൾ മാത്രമേയുള്ളൂ.

Tags:    
News Summary - Beyond tariffs: US creates new visa hurdles for Indian students, visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.