15,000 രൂപ ചെലവിൽ ജപ്പാനിൽ സ്ഥിര താമസമാക്കാം; ഇന്ത്യക്കാരെ ഇതിലേ, ഇതിലേ

ടോക്യോ: നിയോൺ വെളിച്ചത്തിൽ മുങ്ങിക്കുളിക്കുന്ന ടോക്യോയുടെ തെരുവുകൾ മുതൽ മാസ്മരിക സൗന്ദര്യവുമായി മാടിവിളിക്കുന്ന ചെറി പൂക്കൾ ​വരെ, അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാരുടെ സ്വപ്ന രാജ്യമാണ് ജപ്പാൻ. അത്യാധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും കൂടിച്ചേരുമ്പോൾ ജപ്പാൻ കൂടുതൽ ആകർഷണീയമാവുന്നു.

ഇപ്പോഴിതാ, രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുകയാണ് രാജ്യം. ജപ്പാനിലെ പെർമനന്റ് റെസിഡൻസി (പി.ആർ) വഴിയാണ് ഇത് സാധ്യമാവുക. വിസകൾ ഇടക്കിടെ പുതുക്കാതെ തന്നെ ജപ്പാനിൽ താമസിക്കാൻ പെർമനന്റ് റെസിഡൻസി അനുവദിക്കുന്നു. ജോലിയുടെയും താമസത്തിന്റെയും കാര്യത്തിൽ ജാപ്പനീസ് പൗരന്മാരുടേതിന് സമാനമായ അവകാശങ്ങളും വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തിൽ, ഒരു വികസിത രാജ്യത്ത് ജോലിയും ജീവിതവും അടി​പൊളിയാക്കാനാഗ്രഹിക്കുന്നവർക്ക് ചുരുങ്ങിയ ചെലവിൽ സ്വപ്നം യാഥാർഥ്യമാക്കാനാണ് വഴിയൊരുങ്ങുന്നത്. ഇതൊക്കെയാണെങ്കിലും, പി.ആർ നേടുന്നത് അത്ര എളുപ്പമല്ല. കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാവും അനുമതി. ജപ്പാൻ പി.ആറിന് ഇന്ത്യക്കാർക്ക് എങ്ങിനെ അപേക്ഷിക്കാം അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ.


ജപ്പാനിൽ പെർമനന്റ് റസിഡൻറ് ആവുന്നതിന്റെ നേട്ടങ്ങൾ

  • വിസ നിയന്ത്രണങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങൾക്ക് തൊഴിലുടമകളെ സ്വതന്ത്രമായി മാറ്റാൻ കഴിയും.
  • നിങ്ങളുടെ കുടുംബം കൂടുതൽ സുരക്ഷിതമായ ഒരു പദവി നേടുന്നു, ഇത് ദൈനംദിന ജീവിതം സുഗമമാക്കുന്നു.
  • നിങ്ങൾക്ക് വായ്പകൾ നേടാനും, സ്വത്ത് വാങ്ങാനും, സ്വന്തമായി ഒരു ബിസിനസ്സ് സ്ഥാപിക്കാനും കഴിയും.


ആർക്കൊക്കെ അപേക്ഷിക്കാം?

ജാപ്പനീസ് പി.ആറിനുള്ള യോഗ്യത നിങ്ങളുടെ താമസ ചരിത്രം (Resident History), സാമ്പത്തിക സ്ഥിരത, വ്യക്തിത്വ നിലവാരം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. വിശദാം​ശങ്ങൾ ഇങ്ങനെ:

1. സ്റ്റാൻഡേർഡ് റൂട്ട്

അപേക്ഷകർ കുറഞ്ഞത് 10 വർഷമെങ്കിലും തുടർച്ചയായി ജപ്പാനിൽ താമസിച്ചിരിക്കണം.


2. വിവാഹത്തിലുടെ പി.ആർ

ഒരു ജാപ്പനീസ് പൗരനെയോ പി.ആർ ഉടമയെയോ വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ, വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനും ജപ്പാനിൽ ഒരു വർഷത്തെ താമസത്തിനും ശേഷം നിങ്ങൾക്ക് അപേക്ഷിക്കാം.

3. ജാപ്പനീസ് പൗരന്മാരുടെയോ പി.ആർ ഉടമകളുടെയോ കുട്ടികൾ

ജപ്പാനിൽ ഒരു വർഷത്തെ താമസത്തിന് ശേഷം യോഗ്യത.

4. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ

വേഗത്തിൽ പി.ആർ അനുവദിക്കുന്നതിനായി ജപ്പാൻ പോയിന്റ് അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുന്നത്. അക്കാദമിക് പശ്ചാത്തലം, പ്രൊഫഷണൽ കരിയർ, വാർഷിക ശമ്പളം, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പോയിന്റുകൾ നൽകുന്നത്.

  • 70 പോയിന്റുകൾ നേടിയാൽ → മൂന്ന് വർഷത്തിന് ശേഷം അപേക്ഷിക്കാം.
  • 80 പോയിന്റോ അതിൽ കൂടുതലോ നേടിയാൽ → ഒരു വർഷത്തിനുശേഷം അപേക്ഷിക്കാം.

5. പൊതു വ്യവസ്ഥകൾ

ജപ്പാനിൽ സ്ഥിര താമസത്തിന് അപേക്ഷിക്കുമ്പോൾ സ്ഥിര വരുമാനത്തിന്റെ തെളിവ്, ക്രിമിനൽ റെക്കോർഡ് വിവരങ്ങൾ, നികുതി ദായക വിവരങ്ങൾ എന്നിവ ആവശ്യമാണ്.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ


1. തിരിച്ചറിയൽ രേഖകൾ

  • റെസിഡൻസ് കാർഡ് - നിങ്ങളുടെ സാധുവായ റെസിഡൻസ് കാർഡിന്റെ പകർപ്പ്.
  • പാസ്‌പോർട്ട് - വിസ പേജുകൾ ഉൾപ്പെടെ സാധുവായ പാസ്‌പോർട്ടിന്റെ പകർപ്പ്.
  • താമസ സർട്ടിഫിക്കറ്റ് - നഗരമോ വാർഡ് ഓഫീസോ നൽകുന്ന, നിലവിലെ വിലാസവും കുടുംബാംഗങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളുന്ന താമസ സർട്ടിഫിക്കറ്റ്.
  • റെസ്യൂമെ/സി.വി - ജപ്പാനിലെയും വിദേശത്തെയും പ്രൊഫഷണൽ, അക്കാദമിക് ചരിത്രത്തിന്റെ വിശദാംശങ്ങൾ.

2. നികുതി രേഖകൾ

  • ആദായനികുതി ഉൾപ്പെടെയുള്ള ദേശീയ നികുതി ഒടുക്കിയതിന്റെ രേഖകൾ.
  • പ്രാദേശിക നികുതി ഒടുക്കിയതിൻറെ രേഖകൾ (റസിഡന്റ് ടാക്സ്).


3. പെൻഷൻ, ഇൻഷുറൻസ് രേഖകൾ

  • ദേശീയ പെൻഷൻ പേയ്‌മെന്റ് രേഖകൾ - ജപ്പാൻ പെൻഷൻ സേവനത്തിൽ നിന്ന് ലഭിച്ച, ജാപ്പനീസ് പെൻഷൻ സംവിധാനത്തിലേക്ക് പണമടച്ചതിൻറെ രേഖകൾ.
  • ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് - സർക്കാർ ഇൻഷുറൻസ് അല്ലെങ്കിൽ കമ്പനി ആരോഗ്യ ഇൻഷുറൻസ് കാർഡിന്റെ പകർപ്പ്.
  • ഇൻഷുറൻസ് പേയ്‌മെന്റ് സർട്ടിഫിക്കറ്റ് - മുൻകാല ഇൻഷുറൻസ് പ്രീമിയം പേയ്മെന്റുകളുടെ തെളിവ്.


4. തൊഴിൽ, വരുമാന രേഖകൾ

  • തൊഴിൽ സർട്ടിഫിക്കറ്റ് - നിങ്ങളുടെ സ്ഥാനവും കാലാവധിയും സ്ഥിരീകരിക്കുന്ന, നിങ്ങളുടെ തൊഴിലുടമ നൽകുന്ന ​തൊഴിൽ സർട്ടിഫിക്കറ്റ്
  • ശമ്പള പ്രസ്താവന - സമീപകാല ശമ്പള സ്ലിപ്പുകൾ (കഴിഞ്ഞ 3–6 മാസം).
  • ആദായ നികുതി റിട്ടേൺ - സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് ഇത് ആവശ്യമാണ്.


5. കുടുംബവുമായി ബന്ധപ്പെട്ട രേഖകൾ

  • കുടുംബ രജിസ്ട്രി - ഒരു ജാപ്പനീസ് പൗരനെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ ആവശ്യമാണ്.
  • വിവാഹ സർട്ടിഫിക്കറ്റ് - ബാധകമെങ്കിൽ, വിവാഹ രജിസ്ട്രേഷന്റെ തെളിവ്.
  • ജനന സർട്ടിഫിക്കറ്റുകൾ - ആശ്രിതർക്ക്.


6. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണൽ പോയിന്റുകളുടെ തെളിവ് (ബാധകമെങ്കിൽ)

  • പോയിന്റ് അധിഷ്ഠിത സംവിധാനത്തി​ൽ നിന്ന് ലഭിക്കുന്ന വിശദമായ കാൽകുലേഷൻ ഷീറ്റ്, അല്ലെങ്കിൽ പോയിന്റുകളുടെ സ്വയം വിലയിരുത്തിയ പട്ടിക.
  • വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ - അക്കാദമിക് യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അല്ലെങ്കിൽ ട്രാൻസ്ക്രിപ്റ്റുകൾ.
  • പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ - അംഗീകൃത ഐ.ടി, മറ്റ് പ്രൊഫഷണൽ യോഗ്യതകൾ സാക്ഷ്യപ്പെടുത്തുന്ന രേഖകൾ.


7. അപേക്ഷകളിൽ അംഗീകാരം വേഗത്തിലാവാൻ 

  • സ്ഥിരമായ തൊഴിൽ നിലനിർത്തുക: നിങ്ങളുടെ തൊഴിൽ ചരിത്രത്തിലെ വിടവുകൾ ഒഴിവാക്കുക.
  • സാമ്പത്തിക രേഖകൾ തയ്യാറാക്കുക: നികുതി റിട്ടേണുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പേസ്ലിപ്പുകൾ എന്നിവ നിങ്ങളുടെ അപേക്ഷയിൽ നടപടികൾ എളുപ്പമാക്കും.
  • നിയമ പ്രശ്നങ്ങൾ ഒഴിവാക്കുക: ചെറിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നത് പോലും അംഗീകാരം വൈകിപ്പിക്കുകയോ തടയുകയോ ചെയ്തേക്കാം.
  • ജാപ്പനീസ് ഭാഷയിൽ പ്രാഥമിക അറിവുണ്ടാക്കുക: നിങ്ങൾക്ക് ജപ്പാനിൽ തുടരാനാവുമെന്ന് അധികൃതർക്ക് കൂടുതൽ ബോധ്യം നൽകാൻ സഹായകമാവും
  • പതിവായി അപ്ഡേറ്റ് ചെയ്യുക: ഔദ്യോഗിക ഇമിഗ്രേഷൻ ബ്യൂറോ അറിയിപ്പുകൾ പതിവായി പരിശോധിക്കുക.

ജപ്പാനിൽ സ്ഥിര താമസം തേടുന്ന ഇന്ത്യൻ അപേക്ഷകർക്കുള്ള ഏകദേശ ചെലവ്

ജപ്പാനിൽ സ്ഥിര താമസത്തിന് അപേക്ഷിക്കുന്നതിന് നിരവധി ഫീസുകളും ചെലവുകളും ഉൾപ്പെടുന്നു. പ്രതീക്ഷിക്കുന്ന ചെലവുകളുടെ ഒരു വിശകലനമിതാ:


ഇനം

ഫീസ് (¥)

ഏകദേശ ചെലവ് (₹)

അപേക്ഷ ഫീസ്

¥8,000

₹4,789

റവന്യൂ സ്റ്റാമ്പ്

¥8,000

₹4,789

താമസ കാർഡ് വിതരണം

¥5,000

 ₹2,993

ഡോക്യുമെന്റ് വിവർത്തനവും നോട്ടറൈസേഷനും

പേജിന് ¥4,500

പേജിന് ₹2,693

പി.ആർ ആണോ പൗരത്വം.?

ജാപ്പനീസ് സമ്പ്രദായത്തിൽ പി.ആർ അല്ല പൗരത്വം. വിശദാംശങ്ങൾ ഇങ്ങനെ:

  • സ്ഥിര താമസം (പി.ആർ): ഇന്ത്യൻ പൗരത്വം നിലനിർത്തിക്കൊണ്ട് ജപ്പാനിൽ ഇഷ്ടമുള്ള കാലം താമസിക്കാനും ജോലി ചെയ്യാനും നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് വോട്ടവകാശമോ ജാപ്പനീസ് പാസ്‌പോർട്ടോ ലഭിക്കില്ല.
  • പൗരത്വം: പൂർണ്ണ രാഷ്ട്രീയ അവകാശങ്ങൾ, ജാപ്പനീസ് പാസ്‌പോർട്ട് അടക്കം ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ജപ്പാൻ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല, അതുകൊണ്ടുതന്നെ മാർഗം തിരഞ്ഞെടുത്താൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കണം.


പി.ആർ അപേക്ഷയിലെ നടപടിയുടെ സമയ​ക്രമം

സാധാരണയായി 17 മുതൽ 19 മാസം വരെയാണ് അപേക്ഷകളിൽ നടപടികൾക്കുള്ള കാലാവധി, എങ്കിലും അപേക്ഷകളുടെ സ്വഭാവവും തൊഴിലടക്കം കാര്യങ്ങളും പരിഗണിച്ച് ഇതിൽ വ്യത്യസമുണ്ടാകും.

കുടുംബാംഗങ്ങളും ജപ്പാൻ പി.ആറും

വരുമാനത്തിലും വീട് സംബന്ധിച്ച മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാൽ ആശ്രിതരെ പി.ആർ അപേക്ഷയിൽ ഉൾപ്പെടുത്താം.

ഭാഷാ ആവശ്യകതകൾ

അടിസ്ഥാന ജാപ്പനീസ് നിർബന്ധമല്ല, പക്ഷേ അപേക്ഷയിൽ അംഗീകാരത്തിനുള്ള സാധ്യത വർധിപ്പിക്കും.


പി.ആർ റദ്ദാക്കൽ

കുറ്റകൃത്യങ്ങളിൽ പങ്കാളിയായാലോ നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയാലോ വ്യക്തി ജപ്പാന് പുറത്ത് ദീർഘകാലം താമസിച്ചാലോ പി.ആർ റദ്ദാക്കാനാവും.

Tags:    
News Summary - Japan Offers Permanent Residency To Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.