മൂന്നര പതിറ്റാണ്ട് കവിഞ്ഞ സാക്ഷരതാ പ്രവർത്തന പോരാളി അച്ഛൻമ്പാട്ട് സുബ്രഹ്മണ്യൻ
പരപ്പനങ്ങാടി: " ആണോ പെണ്ണോ അയിക്കോട്ടെ ..... ആവുന്നത്ര പഠിച്ചോട്ടേ....." സുബ്രഹമണ്യനും സംഘവും പതിറ്റാണ്ടുകൾക്ക് മുമ്പ് പാടിയ പാട്ട് കാരണവന്മാരായ പഠിതാക്കൾ ഇന്നും നന്ദിയോടെ ഈണത്തിൽ പാടും. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ നടപ്പിലാക്കിയ സാക്ഷരതാ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന അക്ഷര വിളമ്പര ജാഥയിലാണ് സുബ്രഹമണ്യനും സംഘവും ആ പാട്ടുപാടിയത്.
തുടർ വിദ്യഭ്യാസ കലോത്സവത്തിൽ പങ്കെടുത്ത 65 വയസിന് മുകളിലുള്ളവരുടെ തുല്യത പഠിതാക്കളുടെ കലോൽസവത്തിൽ ജില്ലയിലും സംസ്ഥാനത്തും രാധാ ചേച്ചിയുടെയും കുഞീവിതാത്താന്‍റെയും നേതൃത്വത്തിൽ നടന്ന ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിന്‍റെ ആഹ്ലാദാരവങ്ങൾ ഇന്നും സാക്ഷര പോരാളിയുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല.
അക്ഷര വെളിച്ചം കടന്നു ചെല്ലാതെയും അന്ധവിശ്വാസ ചൂഷണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്ന അന്ധത മുറ്റിയ കുടിലുകളിലാണ് അച്ചമ്പാട്ട്സുബ്രഹമണ്യൻ അക്ഷര വെളിച്ചം പകർന്നത്. പിച്ചവെക്കാൻ പഠിപ്പിച്ച കാരണവന്മാരെ ഏഴാം ക്ലാസ് തുല്യത പഠിതാക്കളാക്കിയും തുടർന്ന് അവർക്ക് ജീവിതത്തിൽ സ്വപനം പോലും കാണാൻ കഴിയാതിരുന്ന എസ്.എൽ.എസിയുടെയും ചിലരെ ഹയർ സെക്കണ്ടറിയുടെയും പടിയും കയറ്റി. അക്കൂട്ടത്തിൽ പഴയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുതൽ ഒട്ടേറെ ജനപ്രതിനിധികളുണ്ട്.
മൂന്നര പതിറ്റാണ്ടിലേറെ കാലമായി സാക്ഷരതാ പോരാളിയായി സേവനം തുടരുന്ന അച്ചമ്പാട്ട് സുബ്രഹമണ്യൻ എന്ന മണിയാണ് തുല്യത പഠന രഗത്തും കണ്ണുകാണാത്തവർക്കുളള അക്ഷര ലിപി പഠിപ്പിക്കുന്ന യജ്ഞത്തിലും നേതൃത്വപരമായ പങ്കുവഹിച്ചു. ആത്മവിശ്വാസത്തിന് കരുത്തു പകരുന്ന അക്ഷര ഇന്ധനവുമായി ഇന്നും മണി ഊരുചുറ്റുകയാണ്.
സാമ്പത്തിക നേട്ടങ്ങൾ തുലാം തുച്ഛമെങ്കിലും അറിവിന്‍റെ മധുരം നുകരുന്ന ഒരു ജനത സമുഹത്തിന്പകരുന്ന മാറ്റം ദർശിക്കാൻ ആവുക എന്നത് വലിയ കാര്യമാണന്ന് സുബ്രഹ്മണ്യൻ പറയുന്നു. സാക്ഷരത പോരാട്ടങ്ങളോട് വിമുഖത കാണിച്ചവരെ നിർബന്ധിച്ച് കൈപിടിച്ച് കൊണ്ടുവന്നതും അവരിൽ നിന്ന് ആദ്യ കാലങ്ങളിലുണ്ടായ പ്രതികരണങ്ങൾ ക്ഷമാപൂർവം നേരിട്ടതും ഇന്ന് സുബ്രഹ്മണ്യന് അനുഭൂതിദായകമാണ്.
ഒരിക്കൽ പഠിതാക്കളുടെ പ്രയാസങ്ങൾ ചോദിച്ചറിയാൻ മുങ്ങത്താംതറ കോളനിയിലെത്തിയ ഗ്രാമപഞ്ചായത്തിയ പ്രസിഡന്‍റ് വി.വി. ജമീല ടീച്ചറോട് പഠിതാവായ കാളി ചേച്ചി പറഞ്ഞു. "പൊന്നാരന്‍റെ ടീച്ചറെ 'ഋ' കൊണ്ടാണ് ആകെ കുടുങ്ങിയത്, എന്തിനാണ് ഋ, ഇത് എവിടെ പറയാനുള്ളതാണ്? ഇതൊന്ന് ഭാഷയിൽ നിന്ന് നിങ്ങള് എടുത്തു മാറ്റണം, കൂട്ടചിരിയിൽ അലിഞ്ഞ മറുപടി ഇന്നും സാക്ഷരതാ ഇൻസ്ട്രക്റായിരുന്ന മണിയുടെ മനസിൽ അലയടിക്കുന്നുണ്ട്.
അരികുവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് വഴിനടത്താൻ വഴി വെളിച്ചമായത് സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ള സാക്ഷരതാ പ്രവർത്തകരുടെ പോരാട്ടമാണ്. പുതിയ ലോകത്തിലേക്കുള്ള പ്രവേശന കവാടമാണ് സാക്ഷരതാ പ്രേരകുമാർ തുറക്കുന്നതെന്നും അജ്ഞതയുടെ ലോകത്ത് നിന്നും സ്വാതന്ത്ര്യത്തിന്റെ പുതുകാലത്തിലേക്ക് വഴി നടത്തുന്നവരാണ് സാക്ഷരതാ പോരാളികളെന്നും ദലിത് ലീഗ് നേതാവ് കൂടിയായ സുബ്രഹ്മണ്യൻ പറഞ്ഞു.
പരപ്പനങ്ങാടിയുടെ സാംസ്കാരിക മുന്നേറ്റത്തിൽ ഈ അക്ഷര പോരാളി സമർപ്പിച്ച സേവനത്തെ ചരിത്രം എന്നും നന്ദിയോടെ സ്മരിക്കുമെന്ന് വിദ്യഭ്യാസ പ്രവർത്തകനും പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളജ് സെക്രട്ടറിയുമായ സി. അബ്ദുറഹ്മാൻകുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.