ആസ്ട്രേലിയയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി കാർഷിക ഗവേഷണം കാർഷിക ഗവേഷണം, അധ്യാപനം, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ 35 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് പ്രഫ. സിദ്ദീഖ് കടമ്പോട്ട്.
പ്രത്യേകിച്ച് വിള ശരീരശാസ്ത്രം, ഉൽപാദന കാർഷിക ശാസ്ത്രം, കൃഷി സംവിധാനങ്ങൾ, ജനിതക വിഭവങ്ങൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരു വിളകൾ എന്നിവയിലെ പ്രജനന ഗവേഷണം എന്നീ മേഖലകളിൽ ദേശീയ, അന്തർദേശീയ പ്രശസ്തി നേടിയിട്ടുണ്ട് ഇദ്ദേഹം.
ജലക്ഷാമ കാലത്തെ വിളകളുടെ മാറ്റങ്ങളെ കുറിച്ചും വിവിധ അജൈവ സമ്മർദങ്ങളെ നേരിടാൻ വിളകളെ പ്രാപ്തമാക്കുന്ന ഫിനോളജിക്കൽ, മോർഫോളജിക്കൽ, ഫിസിയോളജിക്കൽ, ബയോകെമിക്കൽ, ജനിതക സ്വഭാവങ്ങളെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. ലോകത്തിലെ പ്രധാന ധാന്യ പയർവർഗ കയറ്റുമതി രാജ്യങ്ങളിലൊന്നായി ആസ്ട്രേലിയ മാറിയതിന് പിന്നിലും ഇദ്ദേഹത്തിന് പങ്കുണ്ട്. കടലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം നിലവിൽ പ്രതിവർഷം 600 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആസ്ട്രേലിയയുടെ കടല വ്യവസായത്തിന് വളരെയധികം സംഭാവന നൽകി.
1000 ശാസ്ത്രീയ പ്രബന്ധങ്ങൾ, പുസ്തകങ്ങൾ, പുസ്തക അധ്യായങ്ങൾ എന്നിവ അദ്ദേഹം രചിച്ചു. 50ലേറെ പോസ്റ്റ് ഡോക്ടറൽ ഗവേഷകരും 60 പിഎച്ച്.ഡി വിദ്യാർഥികളും അനവധി ബിരുദ വിദ്യാർഥികളും ഇദ്ദേഹത്തിന്റെ കീഴിൽ പഠനം നടത്തിയിട്ടുണ്ട്. അവരിൽ പലരും ഇപ്പോൾ ലോകമെമ്പാടുമുള്ള അക്കാദമിക്, സർക്കാർ, വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്നു. കാർഷി മേഖലയിലെ സംഭാവനക്ക് ഇദ്ദേഹത്തിന് 2024ലെ ക്രോഫോർഡ് ഫണ്ട് മെഡൽ ലഭിച്ചു. ആഗോള കാർഷിക വികസനത്തിനും മറ്റ് സംഭാവനകൾക്കും 2025ൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചു. 2023ൽ ആസ്ട്രേലിയൻ സർക്കാർ വെസ്റ്റേൺ ആസ്ട്രേലിയൻ സയന്റിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം നൽകി ആദരിച്ചു.
വേൾഡ് അക്കാദമി ഓഫ് സയൻസസ്, ആസ്‌ട്രേലിയൻ അക്കാദമി ഓഫ് ടെക്‌നോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്, ആസ്‌ട്രേലിയൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസസ്, പാകിസ്താൻ അക്കാദമി ഓഫ് സയൻസസ്, ആഫ്രിക്കൻ അക്കാദമി ഓഫ് സയൻസസ് എന്നിവയുടെ ഫെലോയാണ് പ്രഫ. സിദ്ദീഖ്. 2016 യു.എൻ പയറു വർഗവർഷമായി ആചരിച്ചിരുന്നു. അതിന്റെ പ്രത്യേക അംബാസഡറായിരുന്നു ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.