ചില യാത്രകൾ ഒരിക്കലും സുഗമമായ വഴിയിലൂടെയായിരിക്കില്ല. കല്ലുംമുള്ളും നിറഞ്ഞ വഴികളായിരിക്കും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മുഴുവൻ. പലവട്ടം പരാജയപ്പെട്ട് നിരാശയുടെ കയ്പുനീർ കുടിച്ച്, പിന്നീട് ഉയർച്ചയുടെ പടവുകൾ താണ്ടിയ ഒരാളുണ്ട്. സജ്ഞയ് ബി എന്ന ഡാറ്റാ സയൻസിസ്റ്റ്.
പ്ലസ്ടു കഴിഞ്ഞയുടൻ ഡോക്ടറോ എൻജിനീയറോ ആകണമെന്നായിരുന്നു സഞ്ജയ് യുടെ ആഗ്രഹം. മൂന്നുവട്ടം എഴുതിയിട്ടും നീറ്റ് കടമ്പ കടക്കാനായില്ല. കംപ്യൂട്ടർ സയൻസിന്റെ അടിസ്ഥാനം പോലുമില്ലാത്തതിനാൽ ജെ.ഇ.ഇയും കിട്ടിയില്ല. പരാജയപ്പെട്ടുവെങ്കിലും നിരാശപ്പെടാൻ സഞ്ജയ് ഒരുക്കമായിരുന്നില്ല. സ്വയം വഴി വെട്ടി മുന്നേറാനായിരുന്നു സഞ്ജയ് യുടെ പ്ലാൻ. ഇപ്പോൾ പുനെയിലെ സിൻജെന്റ എന്ന അഗ്രിക്കൾച്ചറൽ കമ്പനിയിലെ ഡാറ്റ സയൻറിസ്റ്റാണ് സഞ്ജയ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിത്തുകളും വിള സംരക്ഷണ ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണിത്.
മദ്രാസ് ഐ.ഐ.ടിയിലെ കോഴ്സ് ചെയ്യാനുള്ള തീരുമാനമാണ് ജീവിതത്തിലെ വഴിത്തിരിവായത്. അവിടെ ബി.എസ് ഡാറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസായിരുന്നു പഠിച്ചത്. നാലുവർഷത്തെ ഓൺലൈൻ കോഴ്സായിരുന്നു അത്.
'മൂന്നാംതവണയും നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ എന്റെ കരിയർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. എന്നാൽ ഇന്ന് ഞാൻ സിൻജെന്റയിലെ അസോസിയേറ്റ് ഡാറ്റ സയന്റിസ്റ്റാണ്. എല്ലാറ്റിനും മദ്രാസ് ഐ.ഐ.ടിയിലെ ബി.എസ് പ്രോഗ്രാമിന് നന്ദി പറയുന്നു''-സഞ്ജയ് പറയുന്നു.
സ്ക്രാച്ചിൽ നിന്ന് തുടങ്ങി പൈതോൺ, ജാവ, എസ്.ക്യു.എൽ, മെഷീൻ ലേണിങ്, ഡാറ്റ സ്ട്രക്ചേഴ്സ് ആൻഡ് അൽഗോരിതം എന്നിവയൊക്കെ സഞ്ജയ് സ്വായത്തമാക്കി.
വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ ദേശമോ നോക്കാതെ ആർക്കും ചെയ്യാവുന്ന കോഴ്സാണ് മദ്രാസ് ഐ.ഐ.ടിയുടെ ബി.എസ് പ്രോഗ്രാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മദ്രാസ് ഐ.ഐ.ടിയുടെ സർട്ടിഫിക്കറ്റും ലഭിക്കും. നിലവിൽ മദ്രാസ് ഐ.ഐ.ടി ഇത്തരത്തിലുള്ള രണ്ട് ബി.എസ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ബി.എസ് ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷനും ബി.എസ് ഇലക്ട്രോണിക് സിസ്റ്റംസും.
ഫൗണ്ടേഷൻ, ഡിപ്ലോമ, ബി.എസ്‌സി., ബി.എസ്. എന്നിങ്ങനെ നാല് തലങ്ങളായിട്ടാണ് (ലെവൽ) കോഴ്‌സ് പൂർത്തിയാക്കുന്നത്. ഒരോഘട്ടം പൂർത്തിയാക്കിയതിനുശേഷം പഠനം അവസാനിപ്പിക്കാനും തുടരാനും സാധിക്കും. പൂർത്തിയാക്കിയ തലം അനുസരിച്ച് ഫൗണ്ടേഷൻ, ഡിപ്ലോമ, ബിരുദം എന്നിങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കും.
പ്ലസ്‌വൺ പൂർത്തിയാക്കിയവർക്ക് യോഗ്യതാ പരീക്ഷ എഴുതാം. പിന്നീട് പ്ലസ്ടു പൂർത്തിയാക്കുന്നതോടെ കോഴ്‌സിൽ ചേരാം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് യോഗ്യത നേടിയതിനുശേഷം ഉടൻ കോഴ്‌സിൽ ചേരണമെന്നില്ല. ഒരുവർഷത്തിനുള്ളിൽ ഏതെങ്കിലും ബാച്ചിൽ ചേർന്നാൽ മതിയാകും. പ്ലസ്‌വൺ വിദ്യാർഥികൾക്ക് രണ്ടുവർഷം സമയമുണ്ട്. വർഷത്തിൽ മൂന്ന് ബാച്ചുകളാണ് നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർ മദ്രാസ് ഐ.ഐ.ടി. അലുംനി അംഗങ്ങളാകും. ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടി. മദ്രാസ് സെന്റർ ഫോർ ഔട്ട്‌റീച്ച് ആൻഡ് ഡിജിറ്റൽ എജ്യുക്കേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. ഡിപ്ലോമ, ബി.എസ്‌സി., ബി.എസ്. സർട്ടിഫിക്കറ്റുകൾ ഐ.ഐ.ടി. നൽകും.
പ്ലസ്ടു വിജയിച്ച ആർക്കും പ്രവേശനത്തിന് അപേക്ഷിക്കാം. സയൻസ് പശ്ചാത്തലം വേണമെന്ന് നിർബന്ധമില്ല. ഏതുവിഷയത്തിൽ പ്ലസ്ടു വിജയിച്ചവർക്കും അപേക്ഷിക്കാം.
ഓൺലൈൻ പ്രവേശനപരീക്ഷയുണ്ട്. യോഗ്യതാ പരീക്ഷയ്ക്കുമുമ്പ് ഓൺലൈൻ ലെക്ച്ചറുകൾ അടക്കം നാലാഴ്ചത്തെ തയ്യാറെടുപ്പുകളുണ്ടാകും. അവസരങ്ങൾ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ അവസരത്തിനൊപ്പം എം.ടെക്. പഠനത്തിനും കഴിയും. കോഴ്‌സിനിടെ വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ട്. രണ്ടുവർഷം മുമ്പ് ആരംഭിച്ച കോഴ്‌സിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് കെ.പി.എം.ജി., ആദിത്യ ബിർള, റെനോ നിസാൻ, റിലൻസ് ജിയോ, ഫോർഡ് അനലറ്റിക്സ് എന്നീ കമ്പനികളിൽ ഇന്റേൺഷിപ്പ് ലഭിച്ചിട്ടുണ്ട്.ഒരോതലവും ഒരോ കോഴ്‌സായിട്ടാണ് നടത്തുന്നത്.
ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കിയാൽ ഡിപ്ലോമ കോഴ്‌സിന് രജിസ്റ്റർചെയ്തു പഠനം തുടരാം. അല്ലെങ്കിൽ ഫൗണ്ടേഷൻ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് നേടി പഠനം അവസാനിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.