രാത്രി വൈകിയുള്ള പഠനസമയത്ത് കുട്ടികൾ ലഘുഭക്ഷണം തിരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇത് കേവലം വിശപ്പ് മാത്രമല്ല, അവരുടെ ശാരീരികവും മാനസികവുമായ അവസ്ഥകളുമായി ബന്ധപ്പെട്ടതാണ്. പരീക്ഷാ സമ്മർദവും അർദ്ധരാത്രിയിലെ പഠനവും വിദ്യാർഥികളുടെ ലഘുഭക്ഷണ തിരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. രാത്രി വൈകിയുള്ള പഠനം തലച്ചോറിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന സമയമാണ്. ഈ സമയത്ത് ശരീരം ക്ഷീണിക്കാൻ തുടങ്ങും. ഈ ക്ഷീണം മാറ്റാനും തലച്ചോറിന് പെട്ടെന്ന് ഊർജ്ജം നൽകാനും മധുരവും കൊഴുപ്പും കൂടിയ ലഘുഭക്ഷണങ്ങൾ സഹായിക്കും.
ഈ സാഹചര്യങ്ങളിൽ, ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിന് ഊർജ്ജം ആവശ്യമാണെന്ന സൂചന നൽകുന്നു. സ്വാഭാവികമായും, തലച്ചോറ് ഉയർന്ന കലോറിയും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് പെട്ടെന്ന് ഊർജ്ജം നൽകുകയും താത്കാലികമായി മനസിന് സന്തോഷം നൽകുകയും ചെയ്യും. പഠനത്തിനിടയിലെ ക്ഷീണം മാറ്റാൻ പലരും ചോക്ലേറ്റുകളും, മധുര പലഹാരങ്ങളും, ചിപ്സുകളും, ബിസ്കറ്റുകളും തിരഞ്ഞെടുക്കുന്നു. രാത്രിയിൽ പാചകം ചെയ്യാനോ വലിയ ഭക്ഷണം കഴിക്കാനോ മിക്ക കുട്ടികളും ഇഷ്ടപ്പെടാറില്ല. അതുകൊണ്ടാണ് ഇത്തരം ഭക്ഷണങ്ങൾ കുട്ടികൾ തെരഞ്ഞെടുക്കുന്നത്. ഇത്തരം ലഘുഭക്ഷണങ്ങൾ പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും അത് വേഗത്തിൽ ഇല്ലാതാവുകയും കൂടുതൽ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യും.
രാത്രി വൈകിയുള്ള പഠനത്തിന് ഉണർന്നിരിക്കാൻ കാപ്പിയും, എനർജി ഡ്രിങ്കുകളും, ചായയും കൂടുതലായി കുടിക്കുന്ന വിദ്യാർഥികളുമുണ്ട്. കഫീൻ തലച്ചോറിനെ ഉത്തേജിപ്പിക്കുമെങ്കിലും അമിത ഉപയോഗം ഉറക്കക്കുറവ്, ഉത്കണ്ഠ, ഹൃദയമിടിപ്പ് കൂടുക എന്നിവക്ക് കാരണമാകും. പരീക്ഷാ കാലത്ത് ഊർജ്ജസ്വലരായിരിക്കാൻ ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയവ കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. വാഴപ്പഴം, ആപ്പിൾ, ഓറഞ്ച് എന്നിവ പെട്ടെന്ന് ഊർജ്ജം നൽകുന്നതിനോടൊപ്പം വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ വിശപ്പ് കുറക്കാനും കൂടുതൽ സമയം ഊർജ്ജം നിലനിർത്താനും സഹായിക്കും. ഇടക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.